Skip to main content

ഇമാം ബുഖാരിയുടെ സ്വഭാവ മഹിമകള്‍

വ്യക്തിജീവിതത്തില്‍ സൂക്ഷ്മതയും ലാളിത്യവും വിശുദ്ധിയും കാത്തുസൂക്ഷിച്ചിരുന്ന മഹാനായിരുന്നു ഇമാം ബുഖാരി. ഹദീസ് നിവേദന പരമ്പരയിലെ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് അഭിപ്രായം പറയേണ്ടിവരുമ്പോള്‍ വളരെ മാന്യമായ രീതിയിലും ഭാഷയിലും മാത്രമാണ് അദ്ദേഹമത് ചെയ്തത്. അസ്വീകാര്യന്മാരായ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് പരമാവധി അനഭിലഷണീയന്‍ (മുന്‍കറുല്‍ ഹദീസ്) എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഈ രൂപത്തില്‍ തെറ്റിദ്ധാരണക്ക് ഇടംകൊടുക്കാതെ അദ്ദേഹം സൂക്ഷ്മത പുലര്‍ത്തി.

സമ്പന്നനായ പിതാമഹന്റെ അരുമ മകനായിരുന്നെങ്കിലും ഭൗതിക താത്പര്യമോ ആഡംബര ഭ്രമമോ സ്ഥാനമോഹമോ അദ്ദേഹത്തെ പിടികൂടിയില്ല. അറിവന്വേഷിച്ചുകൊണ്ടുള്ള യാത്രയില്‍ പലപ്പോഴും ഭക്ഷണത്തിനും വസ്ത്രത്തിനും വിഷമിക്കേണ്ടിവന്നു. എന്നാലും പ്രയാസങ്ങള്‍ മറ്റുള്ളവരെ അറിയിക്കുകയോ പരസഹായം തേടുകയോ ചെയ്തില്ല. അധികാരി വര്‍ഗത്തിന്റെ അരികുപറ്റി സുഖജീവിതം നയിക്കാനുള്ള അവസരങ്ങളുണ്ടായിട്ടും അതെല്ലാം തട്ടിക്കളയുകയും അതിന്റെ പേരില്‍ നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ സസന്തോഷം സഹിക്കുകയും ചെയ്തു.

ബുഖാറയിലെ ഗവര്‍ണര്‍ അമീര്‍ ഖാലിദുബ്‌നു അഹ്മദുദ്ദൗലി, ഇമാം ബുഖാരിയോട് ഗ്രന്ഥങ്ങളുമായി തന്നെ വന്ന് കാണാന്‍ ഖലീഫ ബിന്‍ ത്വാഹിറിനെ ചുമതലപ്പെടുത്തി. അമീറിന്റെ ദൂതനോടുള്ള ഇമാമിന്റെ മറുപടി വളരെ വ്യക്തമായിരുന്നു: ''വിജ്ഞാനത്തെ അധികാര കവാടങ്ങളിലേക്കാനയിച്ച് അതിനെ നിന്ദിക്കാന്‍ ഞാന്‍ ഇല്ല. വിജ്ഞാനത്താല്‍ താത്പര്യമുള്ളവര്‍ പള്ളിയിലേക്കോ എന്റെ വീട്ടിലേക്കോ വരട്ടെ. അല്ലെങ്കില്‍ വിജ്ഞാനസദസ്സില്‍ നിന്ന് എന്നെ തടയുക. അന്ത്യദിനത്തില്‍ അല്ലാഹുവിങ്കല്‍ എനിക്ക് ഒഴികഴിവ് ലഭിക്കാമല്ലോ. വിജ്ഞാനം മറച്ചുവെക്കാന്‍ എനിക്ക് സാധ്യമല്ല. ആരോടെങ്കിലും അറിവ് തേടുകയും അത് മറച്ചുവെക്കുകയും ചെയ്താല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന് തീയിന്റെ കടിഞ്ഞാണിടുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്''. അതോടെ ഗവര്‍ണ്ണറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മോശമായി. പിന്നീട് അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുകയും ചെയ്തു.

ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് വഴികാട്ടിയായി നിലകൊള്ളുന്ന ഖുര്‍ആന്റെ വിശദീകരണമായ തിരുസുന്നത്ത് സുരക്ഷിതമായിരിക്കണമെന്ന ദൈവിക നിയമത്തിന്റെ സാക്ഷാത്കാരമാണ് ഇമാം ബുഖാരിയിലൂടെ സഫലമാവുന്നത്. വ്യക്തിത്വത്തിന്റെ മാഹാത്മ്യവും ജീവിത വിശുദ്ധിയും  സ്വഭാവങ്ങളുടെ സവിശേഷതയും ഹദീസുകള്‍ സ്വീകരിക്കുന്നതില്‍ പുലര്‍ത്തിയ സൂക്ഷ്മതയും ആ മാര്‍ഗത്തില്‍ വരിച്ച ത്യാഗങ്ങളും കണക്കിലെടുക്കുമ്പോഴാണ് എന്തുകൊണ്ട് സ്വഹീഹുല്‍ ബുഖാരി പ്രാമാണികതയില്‍ മികച്ച ഗ്രന്ഥമായിത്തീര്‍ന്നു എന്നു മനസ്സിലാവുന്നത്.
 

Feedback