ആഗോളവ്യാപകമായി അക്രമം അഴിച്ചുവിടുകയും ജനങ്ങളെ പൊറുതിമുട്ടിക്കുകയും ചെയ്യുന്ന ഒരുവിഭാഗം ആളുകള്‍ അന്ത്യനാളില്‍ പ്രത്യക്ഷപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അങ്ങനെ യഅ്ജൂജ്്-മഅ്ജൂജ് വിഭാഗങ്ങള്‍ തുറന്നു വിടപ്പെടുകയും അവര്‍ എല്ലാ കുന്നുകളില്‍നിന്നും കുതിച്ചിറങ്ങി വരികയും ആ സത്യവാഗ്ദാനം ആസന്നമാവുകയുംചെയ്താല്‍. അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നുപോകുന്നു. ഞങ്ങളുടെ നാശമേ, ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയില്‍ ആയിപ്പോയല്ലോ, അല്ല ഞങ്ങള്‍ അക്രമകാരികളായി പോയല്ലോ എന്നായിരിക്കും അവര്‍ പറയുന്നത് (21:96,97).
മറുനാടുകളില്‍ അക്രമം, കുഴപ്പം, കവര്‍ച്ച മുതലായവ നടത്തി അശാന്തിയുണ്ടാക്കിയിരുന്ന ഒരു കൂട്ടമായിരുന്നു അവര്‍. രണ്ടു മലകളുടെ ഇടയ്ക്കുള്ള ഒരു മാര്‍ഗത്തില്‍ കൂടിയായിരുന്നു നേരത്തെ അവര്‍ വന്നിരുന്നത്. ഒരു ഇരുമ്പ് ഭിത്തികൊണ്ട് ദുല്‍ഖര്‍നൈന്‍ അതു അടച്ചുകളഞ്ഞതായി സൂറതു അല്‍കഹ്ഫില്‍ 95 മുതല്‍ 97 വരെയുള്ള സൂക്തങ്ങളില്‍ പറയുന്നു. എങ്കിലും അവര്‍ വെളിക്കുവരുമെന്നും ആ കെട്ട് തകര്‍ന്നുപോവുമെന്നും അദ്ദേഹം പ്രവചിക്കുകയും ചെയ്തു. ഇതെല്ലാം വിശുദ്ധ ഖുര്‍ആനില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. ലോകാവസാനത്തിന്റെ മുന്നോടിയായി 10 ദൃഷ്ടാന്തങ്ങള്‍ കാണുമെന്ന് നബി(സ) എണ്ണിയതില്‍ ഒന്ന് യഅ്ജൂജിന്റെയും മറ്റൊന്ന് മഅ്ജൂജിന്റെയും വരവാണ്.