Skip to main content

അന്ത്യനാളിന്റെ സംഭവ്യത

മനുഷ്യനടക്കം സര്‍വ ജീവികളും നശിക്കാനിടയാക്കുന്ന ഒന്നാമത്തെ കാഹളശബ്ദത്തോടുകൂടി പ്രാപഞ്ചിക ഘടനയില്‍ ഒരു പുന:സംവിധാനം നടക്കുന്നു. കാഹളത്തിലെ ആദ്യത്തെ ഊത്ത് പരിപൂര്‍ണ സംഹാരത്തിനായിരുന്നെങ്കില്‍ രണ്ടാമത്തെ ഊത്ത് സമ്പൂര്‍ണ പുനര്‍ നിര്‍മാണത്തിനാണ്. രണ്ടാമത്തെ ഊത്തോടെ എല്ലാവരും ഖബ്‌റുകളില്‍ നിന്ന് പുറത്ത് വരുന്നു (36:51). ഈ രണ്ടു ഊത്തുകള്‍ക്കിടയിലുള്ള കാലമെത്രയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. നബി(സ) പറഞ്ഞു: രണ്ട് ഊത്തുകള്‍ക്കിടയില്‍ നാല്പതുണ്ട്. ശ്രോതാക്കള്‍ ചോദിച്ചു. നാല്പത് ദിവസമാണോ, അബൂഹുറയ്‌റ? അദ്ദേഹം: പറയാന്‍ കഴിയില്ല. നാല്പത് വര്‍ഷമാണോ? അവര്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: പറയാന്‍ കഴിയില്ല (ബുഖാരി, മുസ്‌ലിം). 

ഒന്നും രണ്ടും ഊത്തുകളില്‍ എന്തു സംഭവിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു നബി വചനം ഇങ്ങനെയാണ്. 'തുടര്‍ന്ന് കാഹളത്തില്‍ ഊതപ്പെടും. അത് കേള്‍ക്കുന്ന ഓരോ വ്യക്തിയും തന്റെ പിരടി ചെരിച്ച് അതിലേക്ക് ശ്രദ്ധിക്കും. ആദ്യമായി അത് കേള്‍ക്കുന്നത് തന്റെ ഒട്ടകത്തിന്റെ വെള്ളപ്പാത്രം നന്നാക്കുന്ന ഒരാളായിരിക്കും. അതോടെ അദ്ദേഹം ബോധമറ്റു വീഴും. തുടര്‍ന്ന് ജനങ്ങളെല്ലാം ബോധമറ്റു വീഴുന്നു. ശേഷം ഒരു ചാറ്റല്‍മഴ വര്‍ഷിക്കും. അതോടെ മനുഷ്യ ശരീരങ്ങള്‍ ഭൂമിയില്‍ നിന്ന് മുളച്ചുവരും. അനന്തരം മറ്റൊരു ഊത്ത്കൂടി ഊതുന്നു. അതോടെ അവരെല്ലാം എഴുന്നേറ്റ് നോക്കുന്നു (മുസ്‌ലിം).
മനുഷ്യര്‍ സാധാരണ രീതിയില്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിന്റെയിടയില്‍ യാദൃഛികമെന്നോണമാണ് അന്ത്യനാള്‍ സംഭവിക്കുന്നത്. അല്ലാഹു പറയുന്നു ''അല്ലാഹുവിനാണ്് ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനമുള്ളത്. അന്ത്യ സമയത്തിന്റെ കാര്യം കണ്ണ് ഇമവെട്ടും പോലെ മാത്രമാകുന്നു. അഥവാ അതിനേക്കാള്‍ വേഗത കൂടിയതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു (16:77).

കാഹളത്തില്‍ ഊത്ത് നടക്കുന്നതോടു കൂടി വളരെ പെട്ടെന്ന് ജനങ്ങള്‍ നിലം പതിക്കുന്നതാണ്. നബി (സ) ഉദാഹരണ സഹിതം നമുക്ക് വിശദീകരിച്ച് തരുന്നു. രണ്ടുപേര്‍ അവരുടെ വസ്ത്രം അവര്‍ക്കിടയില്‍ വിരിച്ചിരിക്കും. അത് അവര്‍ പരസ്പരം വില്പന നടത്തുകയോ മടക്കി വെക്കുകയോ ചെയ്യുന്നതിന് മുമ്പായി അന്ത്യനാള്‍ നടക്കുകതന്നെ ചെയ്യും. ഒരാള്‍ തന്റെ കറവയൊട്ടകത്തെ കറന്ന ശേഷം അത്, കഴിക്കുന്നതിന് മുമ്പ് അന്ത്യനാള്‍ സംഭവിച്ചിരിക്കും. ഒരാള്‍ വെള്ളപ്പാത്രം ശരിയാക്കി അതില്‍ വെള്ളം നിറച്ചിട്ടുണ്ടാവില്ല. അപ്പോഴേക്കും അന്ത്യനാള്‍ സംഭവിച്ചിരിക്കും. ഭക്ഷണം വായിലേക്ക് ഉയര്‍ത്തിയത് വായിലെത്തുന്നതിന്ന് മുമ്പെ അന്ത്യദിനം സംഭവിച്ചിരിക്കും (ബുഖാരി).
അന്ത്യദിനം എപ്പോഴാണ് സംഭവിക്കുക എന്നത് പരിഹാസ രൂപത്തിലും അല്ലാതെയും നബി(സ)യുടെ ശത്രുക്കള്‍ പലപ്പോഴായി ചോദിച്ചിരുന്നു. അതിന്റെ സംഭവ്യത കൃത്യമായി സമയം ക്ലിപ്തപ്പെടുത്തി ഖണ്ഡിതമായി മറുപടി പറയുകയാണ് വേണ്ടത്. പക്ഷേ, നബിക്ക് അതിന് കഴിയില്ല. അത് അല്ലാഹുവിന്റെ അടുക്കല്‍ മാത്രം ഉള്ള അറിവാണ് (7:187).  ഇക്കൂട്ടരുടെ ചോദ്യത്തിന് അല്ലാഹു നല്‍കുന്ന മറുപടി ഇങ്ങനെയാണ്. 'അന്ത്യസമയത്തെപ്പറ്റി അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. നിനക്ക് അതിനെപ്പറ്റി എന്തു പറയാനാണുള്ളത്? നിന്റെ രക്ഷിതാവിങ്കലേക്കാണ് അതിന്റെ കലാശം. അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ (79:42-45).

അന്ത്യദിനത്തിന്റെ സംഭവ്യതയുടെ സമയം ചുഴിഞ്ഞ് അന്വേഷിക്കേണ്ടതില്ലെന്നും അത് വളരെ പെട്ടെന്ന് സംഭവിക്കുന്നതും അല്ലാഹുവിന്റെ മാത്രം അറിവിലുള്ള കാര്യമാണെന്നും അല്ലാഹു വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. അന്ത്യ സമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക, അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. അതിന്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരമുള്ളതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്ക് വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക, അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. പക്ഷേ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല (7:187).

ആരംഭമുള്ളതിനെല്ലാം അന്ത്യമുണ്ടായിരിക്കുമെന്നത് പ്രാപഞ്ചിക സത്യമാണ്. ഈ പ്രപഞ്ചത്തിന് ഒരു ആംരഭമുണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ ഏകാഭിപ്രായത്തില്‍ എത്തിയതുപോലെ പ്രപഞ്ചത്തിന്നൊരവസാനമുണ്ടെന്ന കാര്യം ശാസ്ത്ര പുരോഗതിക്കൊപ്പം വളരെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു പരിശുദ്ധ ഖുര്‍ആനിലൂടെ ഈ ലോകം അവസാനിക്കുന്ന സമയത്തെ അസ്സാഅ, അല്‍യൗമുല്‍ ആഖിര്‍ തുടങ്ങിയ വാക്കുകളാല്‍ വിശദീകരിക്കുന്നു. അന്ത്യസമയത്തിന് ശേഷം ഭൂമിയില്‍ ജനിച്ചുപോയ എല്ലാ മനുഷ്യരും ഉയിര്‍ത്തെഴുന്നേല്‍ക്കും. ഇഹലോക ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ ഓരോ വ്യക്തിയുടേതും പ്രത്യേകമായി കണക്കു നോക്കും. നന്മ ചെയ്തവര്‍ക്ക് ശാശ്വതരക്ഷയും (സ്വര്‍ഗം) തിന്മ ചെയ്തവര്‍ക്ക് അതിന്റെ തോതനുസരിച്ച് ശിക്ഷയും (നരകവും) ലഭിക്കും. പരലോകജീവിതമാണ് യഥാര്‍ഥ ജീവിതം. വിശ്വാസ കാര്യങ്ങളില്‍ ഒന്നായി പ്രവാചകന്‍ (സ) എണ്ണിപ്പറഞ്ഞ, അന്ത്യനാളിനെക്കുറിച്ച് ഒരു മുസ്‌ലിം നിര്‍ബന്ധമായും വിശ്വസിക്കേണ്ടതാണ്.

'തീര്‍ച്ചയായും അന്ത്യസമയം വരികതന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്‌നിക്കുന്നതിന്നനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം ( 20:15).
 

Feedback