Skip to main content

പ്രപഞ്ചത്തിന്റെ അന്ത്യം

അന്ത്യനാളിന്റെ ആഗമനം വഴിയുള്ള ആഘാതം ജീവവസ്തുക്കളില്‍ മാത്രമൊതുങ്ങാതെ മണ്ണിലും വിണ്ണിലുമുള്ള അചേതന വസ്തുക്കളെ കൂടി ബാധിക്കുന്നു. പ്രാപഞ്ചിക വ്യവസ്ഥതന്നെ താളം തെറ്റുകയും ആകാശങ്ങളിലും ഭൂമിയിലും അത് വലിയ മാറ്റങ്ങളുണ്ടാക്കുകയുംചെയ്യും. ആ ഭയങ്കര സംഭവത്തെ കുറിച്ച് അല്ലാഹു പറയുന്നു. ഭൂമി കിടുകിടെ വിറപ്പിക്കപ്പെടുന്ന, പര്‍വതങ്ങള്‍ ഇടിച്ചു പൊടിയാക്കപ്പെടുകയും അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും (ചെയ്യുന്ന ദിവസം) (56:4,5,6). ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍ (69:14). ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍! ഭൂമി അതിന്റെ ഭാരങ്ങള്‍ പുറന്തള്ളുകയും അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍! അന്നേദിവസം ഭൂമി അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്. നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം. (99:2,3,4). ഭൂമിയും പര്‍വതങ്ങളും വിറകൊള്ളുകയും പര്‍വതങ്ങള്‍ ഒലിച്ചു മണല്‍കുന്ന് പോലെയാവുകയുംചെയ്യുന്ന ദിവസം (73:14). പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെ ആയിത്തീരുന്ന ദിവസം (101:5). പര്‍വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചികപോലെ ആയിത്തീരുകയും ചെയ്യും (78:20). ഇതോടെ ഭൂമി കയറ്റ ഇറക്കങ്ങളില്ലാത്ത സമതല പ്രദേശമായി മാറുന്നു. ''എന്നിട്ട് അവന്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്. ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല (20:106,107). ഇതായിരിക്കും ജനങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്ന 'മഹ്ശര്‍'.

ഭൂമിക്ക് മേല്‍ക്കൂരയായി അല്ലാഹു സംരക്ഷിച്ച വാനലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെയും വിശുദ്ധ ഖുര്‍ആനിലൂടെ പറഞ്ഞു തരുന്നുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു പിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതു കൈയ്യില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും (39:67). ആകാശങ്ങളുടെ ചുരുട്ടല്‍ എങ്ങനെയെന്ന് മറ്റൊരു സൂക്തത്തില്‍ അല്ലാഹു പറയുന്നു. ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്നത് പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം. ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അതിനെ ആവര്‍ത്തിക്കുന്നതാണ് (21:104).

ആകാശം ശക്തിയായി പ്രകമ്പനം  കൊള്ളുന്ന ദിവസം (52:9). ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും (69:16). എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും അത് കുഴമ്പുപോലെയുള്ളതും റോസ് നിറമുളളതും ആയിത്തീരുകയും ചെയ്താല്‍ (55:37). ഇതിന്റെ ഫലമായി ആകാശത്തില്‍ വിള്ളലുകളുണ്ടായി വാതിലുകള്‍ തുറക്കപ്പെടുന്നു. ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായിത്തീരുകയും ചെയ്യും (78:19).

ആകാശലോകത്തെ അലങ്കാരമണിയിക്കുകയും ഭൂതലത്തെ പ്രകാശമാനമാക്കുകയും ചെയ്തുകൊണ്ടിരുന്ന നക്ഷത്രങ്ങളുടേയും സൂര്യന്റെയും ശോഭ മങ്ങിപ്പോവുന്നു. 'സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍' (81:1) എന്ന സൂക്തത്തില്‍ അതാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാകുന്നു. നക്ഷത്രങ്ങള്‍ ഉതിര്‍ന്ന് വീഴുമ്പോള്‍ (81:2) എന്ന് അതിനെത്തുടര്‍ന്ന് പറഞ്ഞിരിക്കുന്നു. ഉപരിലോകത്ത് പ്രത്യക്ഷപ്പെടുന്ന ഗ്രഹണം ബാധിച്ച് മങ്ങിപ്പോകുന്ന സൂര്യനും ചന്ദ്രനും ഒരുമിച്ചു കൂട്ടപ്പെടും. അല്ലാഹു പറയുന്നു ''കണ്ണ് അഞ്ചിപ്പോവുകയും ചന്ദ്രന് ഗ്രഹണം ബാധിക്കുകയും സൂര്യനും ചന്ദ്രനും ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്താല്‍ (75:7-9).

ആകാശങ്ങളേയും ഭൂമിയേയും മുഴുക്കെ ബാധിക്കുന്ന അന്ത്യനാളിന്റെ മഹാവിപത്തില്‍ നിന്ന് സമുദ്രങ്ങളും ഒഴിവാകുന്നില്ല. അനേക ജീവജാലങ്ങള്‍ക്ക് താമസകേന്ദ്രവും അവയ്ക്ക് ആഹാരത്തിന്റെയും യാത്രയുടേയും ഉപാധിയും കൂടിയായ സമുദ്രങ്ങള്‍ അന്നേ ദിവസം തിളച്ചു മറിയുകയും കവിഞ്ഞൊഴുകുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു. സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍ (81:6).


ചുരുക്കത്തിൽ, വാനലോകത്തിലും ഭൂമിയിലും സര്‍വതിനേയും ബാധിക്കുന്ന, അന്ത്യദിനം എന്ന മഹാവിപത്തുകൊണ്ട് ഈ ഭൂമിയും ആകാശങ്ങളും അതിലുള്ള സൃഷ്ടികളും പൂര്‍ണമായും മാറ്റപ്പെടുകയും മൊത്തത്തില്‍ സംവിധാനങ്ങള്‍ താറുമാറായിത്തീരുകയും ചെയ്യുന്നു. ''ഭൂമി ഭൂമിയല്ലാതെ മറ്റൊന്നായും അതേപോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരികയും ചെയ്യുന്ന ദിവസം (14:48).

ഭീതിദവും ഭയാനകവുമായ ഈ അവസ്ഥയില്‍ മനുഷ്യര്‍ രക്ഷയുടെ സങ്കേതം തേടിയലയുകയാണ്. മറ്റൊരാളെക്കുറിച്ച് യാതൊരു നിലക്കും ചിന്തിക്കാന്‍ നേരമില്ലാതെ സ്വയം രക്ഷക്കുള്ള വഴിതേടി നിലവിളിക്കുന്ന അവസ്ഥയിലാണ് ഓരോ മനുഷ്യനുമുള്ളത്. അല്ലാഹു പറയുന്നു. മനുഷ്യന്‍ ചിതറിയ പാറ്റയെപ്പോലെ ആയിത്തീരുന്ന ദിവസം (101:4). മനുഷ്യന്‍ തന്റെ സഹോദരനെയും മാതാവിനെയും പിതാവിനെയും തന്റെ ഭാര്യയെയും തന്റെ മക്കളെയും വിട്ട് ഓടിപ്പോകുന്ന ദിവസം. അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്ത) വിഷയം അന്ന് ഉണ്ടായിരിക്കും (80:34-37). അന്ത്യദിനത്തിന്റെ ഭീകരത സൂചിപ്പിക്കുന്നതാണ് ഈ വചനങ്ങള്‍.
 

Feedback