Skip to main content

അന്ത്യനാളിന്റെ ഭയാനകത

അന്ത്യദിനം സംഭവിക്കുന്നു

•    അന്ന് കാഹളത്തില്‍ ഊതപ്പെടും. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ ആകാശഭൂമികളിലുള്ളവരപ്പോള്‍ വിഹ്വലരായിത്തീരും. ശേഷം അവരെല്ലാവരും വിനയാന്വിതരായി നാഥന്റെ അടുക്കലേക്ക് ചെല്ലും. (27:87)

•    അന്ത്യസമയത്തെ പ്രകമ്പനം അതിഭയാനകമാകുന്നു. അന്ന് മുലകൊടുക്കുന്ന മാതാവ് കുഞ്ഞിനെ മറന്നു പോവും. ഗര്‍ഭിണികള്‍ പ്രസവിച്ചു പോവും. ജനങ്ങള്‍ ലഹരി ബാധിതരെപ്പോലെയായിത്തീരും. അല്ലാഹുവിന്റെ ശിക്ഷ അതി കഠിനം തന്നെ. (22:1,2)

•    കുട്ടികള്‍ നരച്ചവരായിത്തീരുന്ന ദിവസം!. (73:17)

ഭൂമിയുടെ അവസ്ഥ

•    ഭൂമി ഭയങ്കരമായി വിറപ്പിക്കപ്പെടുന്നു. (56:4)

•    ഭൂമിയും പര്‍വതങ്ങളും കൂട്ടിയിടിക്കപ്പെടുന്നു.(69:14)

•    ഭൂമിയുടെ ഭാരങ്ങള്‍ പുറന്തള്ളപ്പെടും. (99:2)

•    പര്‍വതങ്ങള്‍ പൊടിപൊടിയാക്കപ്പെടുന്നു. (56:5)

•    അവ നിലംവിട്ട് മേഘത്തെപ്പോലെ പറക്കാന്‍ തുടങ്ങുന്നു.( 27:88)

•    കടഞ്ഞെടുത്ത നേര്‍ത്ത പഞ്ഞിരോമം പോലെ. (101:5)

•    സമുദ്രങ്ങള്‍ കത്തിക്കപ്പെടുകയും വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യുന്നു.(81:5,6)

•    സൂര്യന്‍ അണഞ്ഞു പോവുന്നു. (81:1)

•    ചന്ദ്രന്‍ നിഷ്പ്രഭമായിത്തീരുന്നു. (75:8)

•    സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുന്നു. (75:9)

•    ആകാശം പൊട്ടിപ്പിളരുകയും നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുകയും അതിന്റെ വെളിച്ചം പൊലിഞ്ഞു പോവുകയും ചെയ്യുന്നു. (81:2, 77:8)

•    ആകാശം ചുവന്നു തുടുത്ത് ഉരുകിയ ലോഹം പോലെ ആയിത്തീരുന്നു. (69:16, 55:37)

•    'ഭൂമിക്കെന്തു പറ്റി'യെന്ന് പറഞ്ഞ് മനുഷ്യന്‍ അന്ധാളിക്കുകയും രക്ഷാമാര്‍ഗം തേടി നെട്ടോട്ടമോടുകയും ചെയ്യുന്നു. (99:3, 75:10)

•    അഗ്നിയില്‍ ചാടിച്ചാവുന്ന പാറ്റകളെപ്പോലെ പിന്നെയും പായുന്നു. (101:4)

•    അന്ന് ഭൂമിയെ അല്ലാഹു തന്റെ കൈപ്പിടിയില്‍ ഒതുക്കുന്നു. ആകാശങ്ങള്‍ അവന്റെ വലതു കൈയിലേക്ക് ചുരുട്ടപ്പെടുന്നു. (39:67)

•    ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം!. (21:104)

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446