Skip to main content

ഖിദ്‌ർ

വിശുദ്ധ ഖുര്‍ആനില്‍ ഖിദ്‌റുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ഇപ്രകാരമാണ്.

അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍ നിന്നുള്ള ഒരു ദാസനെ കണ്ടെത്തി. അദ്ദേഹത്തിന് നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് (18:65).

അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം വിജ്ഞാനം തേടി മൂസാനബി(അ)യും സഹയാത്രികനും ഖദിറി (അ)ന്റെ അടുത്തേക്കാണ് പോയത്. നമ്മുടെ ദാസന്‍ എന്നു പറഞ്ഞത് ഖിദ്‌റിനെ ഉദ്ദേശിച്ചാണെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാവുന്നു (ബുഖാരി). ഖിദ്‌ർ ഒരു നബിയായിരുന്നുവെന്ന് ഖണ്ഡിതമായി പ്രസ്താവിക്കത്തക്ക തെളിവുകളൊന്നുമില്ല. എങ്കിലും അദ്ദേഹത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പ്രസ്താവിക്കുന്നതില്‍നിന്നും അദ്ദേഹം ഒരു നബിയായിരുന്നുവെന്ന് മനസ്സിലാക്കാം. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായവും അതാകുന്നു. നമ്മുടെ അടിയാന്മാരില്‍പ്പെട്ട ഒരടിയന്‍ എന്നും നമ്മുടെ അടുക്കല്‍നിന്നും നാം അദ്ദേഹത്തിന് ഒരു പ്രത്യേക ജ്ഞാനം പഠിപ്പിച്ചിരിക്കുന്നു എന്നും അല്ലാഹു അദ്ദേഹത്തെപ്പറ്റി പറയുന്നു. ഇതൊന്നും ഞാന്‍ എന്റെ അഭിപ്രായത്തിന് ചെയ്തതല്ല എന്ന് അദ്ദേഹം മൂസാനബി(അ)യോട് പറഞ്ഞതായി 82ാം വചനത്തിലും കാണാം. ഇതില്‍നിന്നെല്ലാം അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെന്നാണ് വ്യക്തമാവുന്നത്. ഖിദ്‌റിന് ദിവ്യസന്ദേശം ലഭിച്ചിരുന്നുവെന്ന പരാമര്‍ശവും പിന്നീട് മൂസാനബി (അ) ഇദ്ദേഹത്തെ അനുഗമിച്ച കാര്യവും വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതുമൊക്കെ ഖിദ്‌ർ പ്രവാചകനായിരുന്നുവെന്നതിലേക്ക് ശക്തമായ സൂചന നല്‍കുന്നു.

''മൂസ(അ) അദ്ദേഹത്തോട് പറഞ്ഞു. താങ്കള്‍ പഠിപ്പിക്കപ്പെട്ട സന്മാര്‍ഗ ജ്ഞാനത്തില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചു തരാനായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെയോ? അദ്ദേഹം പറഞ്ഞു, തീര്‍ച്ചയായും താങ്കള്‍ക്ക് എന്റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കുകയേ ഇല്ല. താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാവും? അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. ഞാന്‍ താങ്കളുടെ ഒരു കല്പനക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല. അദ്ദേഹം പറഞ്ഞു എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുന്നപക്ഷം യാതൊരു കാര്യത്തെപ്പറ്റിയും എന്നോട് ചോദിക്കരുത്. അതിനെപ്പറ്റിയുള്ള വിവരം ഞാന്‍ തന്നെ താങ്കള്‍ക്ക് പറഞ്ഞുതരുന്നത് വരെ (18:66-70).
 

Feedback