Skip to main content

ദുല്‍ഖര്‍നൈന്‍

ദുല്‍ഖര്‍നൈന്‍ എന്ന വാക്കിന്റെ അര്‍ത്ഥം രണ്ടുനൂറ്റാണ്ട് ജീവിച്ചവന്‍, രണ്ടു കൊമ്പുള്ളവന്‍ എന്നൊക്കെയാണ്. വിശുദ്ധ ഖുര്‍ആനില്‍ പതിനെട്ടാം അധ്യായമായ സൂറത്തുല്‍ കഫ്ഫിലെ എണ്‍പത്തിമൂന്നുമുതലുള്ള സൂക്തങ്ങളില്‍ 'ദുല്‍ഖര്‍നൈന്‍' കഥ വിവരിക്കുന്നു. അല്ലാഹു പറയുന്നു (നബിയേ) ദുല്‍ഖര്‍നൈനിയെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു, പറയുക: അദ്ദേഹത്തെക്കുറിച്ച് ഒരു പ്രസ്താവന ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പ്പിച്ചുതരാം. തീര്‍ച്ചയായും നാം ഭൂമിയില്‍ അദ്ദേഹത്തിന് സ്വാധീനം നല്‍കുകയും (വേണ്ടപ്പെട്ട) എല്ലാ കാര്യത്തിനും മാര്‍ഗം (ശരിപ്പെടുത്തി)ക്കൊടുക്കുകയും ചെയ്തു. അതനുസരിച്ച് അദ്ദേഹം ഒരു മാര്‍ഗം തുടര്‍ന്നു. (പടിഞ്ഞാറ് ഭാഗത്തേക്ക് തിരിച്ചു). അങ്ങനെ അദ്ദേഹം സൂര്യാസ്തമന സ്ഥലത്ത് എത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ അസ്തമിക്കുന്നതായി അദ്ദേഹം കണ്ടു. അതിന്റെ (ജലാശയത്തിന്റെ) അടുക്കല്‍ ഒരു ജനതയെയും അദ്ദേഹം കാണുകയുണ്ടായി. നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നീ (ഇവരെ) ശിക്ഷിക്കുക, അല്ലെങ്കില്‍ ഇവരില്‍ നീ ഒരു നല്ല നില ഉണ്ടാക്കിതീര്‍ക്കുക (രണ്ടിലൊന്ന് വേണം)(18:83-86).

ഖുര്‍ആനില്‍ പരാമര്‍ശിച്ച ദുല്‍ഖര്‍നൈന്‍ ആരാണെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല. അദ്ദേഹം ആരായിരുന്നു, കാലവും രാജ്യവും ഏതായിരുന്നു എന്നീകാര്യങ്ങളൊന്നും ഖുര്‍ആനിലോ ഹിദീസിലോ വ്യക്തമായി പ്രസ്താവിച്ചിട്ടുമില്ല. ഇത് ഒരു വ്യക്തിനാമമല്ല അപരനാമമാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലും ചരിത്രകാരന്മാരിലും ഒരുവിഭാഗം അഭിപ്രായപ്പെടുന്നത് ഇദ്ദേഹം റോമാക്കാരനായ ഫിലിപ്പു മകന്‍ അലക്‌സാണ്ടര്‍ രാജാവാകുന്നുവെന്നാണ്. മാസിഡോണിയയിലെ രാജാവായിരുന്നു, പുരാതന അറബി ഗോത്രമായ ഹിംയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഇഫ്‌രിശ് മകന്‍ അബൂകര്‍ബൂ എന്ന രാജാവാണ്. മിദിയായും പേര്‍ഷ്യയും കൂട്ടിച്ചേര്‍ത്തു ഭരിച്ച ഒരു പേര്‍ഷ്യന്‍ രാജാവാണ് ദുല്‍ഖര്‍നൈനി എന്നിങ്ങനെയെല്ലാം അഭിപ്രായപ്പെട്ടവരുമുണ്ട്. സുലൈമാന്‍ നബി(അ)യെ സന്ദര്‍ശിച്ച ബല്‍ഖീസ് രാജ്ഞിയും സൂറതുല്‍ കഫ്ഫില്‍ പ്രസ്താവിച്ച ദുല്‍ഖര്‍നൈനിയാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. എന്നാല്‍ ഇതിനെയൊന്നും ബലപ്പെടുത്തുന്ന പ്രമാണങ്ങള്‍ ഉദ്ധരിക്കപ്പെടുന്നില്ല.

ഖുര്‍ആനില്‍ പറഞ്ഞ ദുല്‍ഖര്‍നൈന്‍ ഒരു സത്യവിശ്വാസിയും നീതിമാനും സല്‍കര്‍മ്മിയും ആയിരുന്നുവെന്ന് വ്യക്തമാണ്. ദുല്‍ഖര്‍നൈന്‍ എന്നതുകൊണ്ടുദ്ദേശിച്ചത് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണെന്ന് അഭിപ്രായപ്പെടാന്‍ ഖുര്‍ആനില്‍ നിന്നുള്ള പ്രസ്തുത തെളിവിന്റെ അടിസ്ഥാനത്തില്‍ ന്യായമില്ല. ഹേ, ദുല്‍ഖര്‍നൈന്‍ എന്നിങ്ങനെ അദ്ദേഹത്തെ വിളിച്ചു അല്ലാഹു പറയുന്നത് കാണുമ്പോള്‍ അദ്ദേഹം ഒരു പ്രവാചകനും കൂടിയായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മുന്‍ഗാമികളില്‍ ചിലര്‍ ആ അഭിപ്രായത്തോട് യോജിക്കുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ദുല്‍ഖര്‍നൈനി ഒരു പ്രവാചകനായിരുന്നില്ല എന്നതാണ്. ഇമാം  റാസി(റ) ദുല്‍ഖര്‍നൈനി പ്രവാചകനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് (ഫത്ഹുല്‍ബാരി 6:382).
 

Feedback