ഒളിഞ്ഞും തെളിഞ്ഞും നബി(സ)യെ ദ്രോഹിക്കാനുള്ള നീക്കങ്ങളും കുതന്ത്രങ്ങളും നടത്തിയവരായിരുന്നു കപടവിശ്വാസികള്‍. ആരെന്തു പറഞ്ഞാലും അത് അപ്പടി ചെവിക്കൊള്ളുന്ന വ്യക്തിയാണ് മുഹമ്മദ് നബിയെന്നായിരുന്നു അവരുടെ ആക്ഷേപം. അല്ലാഹു ഇതിനെ നിശിതമായി വിമര്‍ശിച്ച് മറുപടി നല്‍കുന്നു.
നബി(സ)യെ ദ്രോഹിക്കുകയും അദ്ദേഹം എല്ലാം ചെവിക്കൊള്ളുന്ന ആളാണ് എന്ന് പറയുകയും ചെയ്യുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്. പറയുക, അദ്ദേഹം നിങ്ങള്‍ക്ക് ഗുണമുള്ളത് ചെവിക്കൊള്ളുന്ന ആളാണ്. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു. യഥാര്‍ഥ വിശ്വാസികളെയും അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് ഒരു അനുഗ്രഹവുമാണദ്ദേഹം. അല്ലാഹുവിന്റെ ദൂതനെ ദ്രോഹിക്കുന്നവരാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത് (9:61).