Skip to main content

സുഊദീ ഭരണകാലത്തെ വികസനം

ഹിജാസില്‍ ഭരണം തുടങ്ങിയ അബ്ദുല്‍ അസീസ് രാജാവ് തുടക്കം മുതല്‍തന്നെ മസ്ജിദുല്‍ ഹറാമിന്റെ വികസനത്തില്‍ ശ്രദ്ധിച്ചിരുന്നെങ്കിലും സുഊദ് രാജാവാണ് ചരിത്രത്തിലെ ഏറ്റവും വലിയ വികസനത്തിന് തുടക്കമിട്ടത്. 1970 കാലത്ത് നടന്ന പ്രവൃത്തിയില്‍ കമനീയമായ പള്ളിയാണ് പണി കഴിച്ചത്. സഅ്‌യ് നടത്തുന്ന ഭാഗം കൂടി ഹറം പ്രദേശത്തേക്ക് ചേര്‍ത്തു. 1,53,000 ചതുരശ്രമീറ്ററാണ് പുതുതായി ചേര്‍ക്കപ്പെട്ടത്. ഇതോടെ 1,93,000 ചതുരശ്രമീറ്ററായി മസ്ജിദുല്‍ ഹറാമിന്റെ വ്യാസം. നാലു ലക്ഷം പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാവുന്നത്ര വിശാലമായി ഈ ദൈവിക ഭവനം.

ഹിജ്‌റ വര്‍ഷം 1387ല്‍, ഫൈസല്‍ രാജാവ് ഹറം വികസനം ചര്‍ച്ച ചെയ്യാനും രൂപകല്‍പനക്കുമായി മക്കയില്‍ ശില്‍പകലാ വിദഗ്ധരുടെയും എന്‍ജിനീയര്‍മാരുടെയും ഒരു സമ്മേളനം വിളിച്ചുകൂട്ടി. തുര്‍ക്കി നിര്‍മാണത്തിന്റെ സിംഹഭാഗവും പൊളിച്ചു കളഞ്ഞ് പുതിയ രൂപത്തില്‍ പള്ളി നിര്‍മിക്കാനാണ് സമ്മേളനം രാജാവിന് ഉപദേശം നല്‍കിയതെങ്കിലും ഫൈസല്‍ രാജാവ് അതിന് അംഗീകാരം നല്‍കിയില്ല. പകരം ആ പഴമ നിലനിര്‍ത്തി പുതുമോടി നല്‍കാനായിരുന്നു ആ ഹറം സേവകന്റെ നിര്‍േശം. 800 മില്ല്യണ്‍ റിയാലിന്റെ പദ്ധതിക്കാണ് അന്ന് അംഗീകാരം നല്‍കിയത്.

1989ല്‍ ഫഹദ് രാജാവ് പള്ളിയുടെ വിസ്തൃതി വര്‍ധിപ്പിച്ച് 72,000 ചതുരശ്രമീറ്റര്‍ കൂടി ചേര്‍ത്തു. പള്ളിക്കകത്ത് തന്നെ ഒന്നര ലക്ഷം പേര്‍ക്ക് നമസ്‌കരിക്കാവുന്ന അവസ്ഥയായി. രണ്ട് മിനാരങ്ങള്‍, മൂന്ന് താഴികക്കുടങ്ങള്‍, ശീതീകരണ സംവിധാനം, കിങ് അബ്ദുല്‍ അസീസ് കവാടം, കിങ് ഫഹദ് കവാടം തുടങ്ങിയവയും നിര്‍മിച്ചു. കൂടാതെ മുറ്റം സ്വഫാ, മര്‍വാ ഭാഗത്തേക്കു ദീര്‍ഘിപ്പിക്കുകയും ചെയ്തു. പതിനഞ്ച് വര്‍ഷക്കാലം നിരന്തരം നിര്‍മാണ പ്രവര്‍ത്തനം നടത്തിയ ഫഹദ് രാജാവ് 10 ലക്ഷംപേര്‍ക്ക് ഒന്നിച്ച് നമസ്‌കരിക്കാവുന്ന രൂപത്തിലേക്ക് പള്ളിയെ മാറ്റിയെടുത്തു. 11,316,818165 ഡോളറാണ് ഇതിന് ചെലവിട്ടത്.

2008 മുതല്‍ അബ്ദുല്ല രാജാവാണ് വികസനത്തിന് സാരഥ്യം വഹിച്ചത്. ഇക്കാലയളവില്‍ 'മസ്ആ' 72,000 ചതുരശ്ര മീറ്ററായി. മര്‍വയില്‍ എസ്‌കലേറ്ററുകള്‍, സഅ്‌യിന് രണ്ട് നിലകള്‍, പള്ളിയില്‍ പുതിയ മിനാരങ്ങള്‍, താഴികക്കുടങ്ങള്‍ എന്നിവയോടൊപ്പം രണ്ടര ലക്ഷം വിശ്വാസികള്‍ക്കു കൂടി നമസ്‌കാരസൗകര്യം എന്നിവയും ഒരുക്കി. ഇപ്പോഴത്തെ (2016) ഭരണാധികാരിയായ സല്‍മാന്‍ രാജാവും വികസന വഴിയില്‍ തന്നെയാണ്. വികസനത്തിന് തടസ്സം നിന്നിരുന്ന വന്‍കിട ഹോട്ടലുകള്‍ പോലും പൊളിച്ചു മാറ്റി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. 1.07 ലക്ഷം പേര്‍ക്ക് ഒരേ സമയം ത്വവാഫ് ചെയ്യാവുന്ന സൗകര്യമൊരുക്കി.

Feedback