മുസ്‌ലിംകളുടെ ഖിബ്‌ലയായ കഅ്ബയെ വലയം ചെയ്തു കിടക്കുന്ന പള്ളി എന്നനിലക്ക് ഇസ്‌ലാമില്‍ വലിയ പ്രാധാന്യമാണ് ഈ പള്ളിക്കുള്ളത്. 30 കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന പവിത്രപ്രദേശ(ഹറം)ത്തിന്റെ മധ്യത്തിലുള്ള പള്ളിയായതിനാലാണ് മസ്ജിദുല്‍ഹറാം എന്ന് പേരു വന്നത്. വിശുദ്ധ ഖുര്‍ആന്‍ സൂറ. അല്‍ബഖറ 191, 196, ഇസ്‌റാഅ് 1 എന്നീ വചനങ്ങളില്‍ മസ്ജിദുല്‍ ഹറാം എന്നും സൂറ. ക്വസ്വസ് 57ല്‍ ഹറം എന്നും ഇതിനെകുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
മറ്റു പള്ളികളില്‍വെച്ച് നമസ്‌കരിക്കുന്നതിനെക്കാള്‍ ഒരു ലക്ഷം ഇരട്ടി പ്രതിഫലം മസ്ജിദുല്‍ ഹറാമില്‍ വെച്ചുള്ള നമസ്‌കാരത്തിനുണ്ട് എന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).
പുണ്യം പ്രതീക്ഷിച്ചുകൊണ്ട് മസ്ജിദുല്‍ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സാ എന്നിവിടങ്ങളിലേക്കല്ലാതെ യാത്ര പാടില്ലെന്നും അവിടുന്ന് പറഞ്ഞു (ബുഖാരി 1189). ഈ മൂന്നില്‍ ഒന്നാമത്തേത് മസ്ജിദുല്‍ഹറാമാണ്.
കഅ്ബ പടുത്തുയര്‍ത്തിയ ശേഷം ഇതിനെ ഒരു നിര്‍ഭയ ഇടമാക്കണേയെന്ന് ഇബ്‌റാഹീം നബി (അ) പ്രാര്‍ത്ഥിച്ചിരുന്നല്ലോ, അത് അല്ലാഹു സ്വീകരിക്കുകയും കഅ്ബയുടെ ചുറ്റുമുള്ള സ്ഥലത്തെ 'ഹറം' ആക്കുകയും ചെയ്തു. ഇത് വര്‍ഷങ്ങളായി തുടര്‍ന്നുപോന്നു. ഖുറൈശികളും ഈ പവിത്രത അംഗീകരിച്ചു.
എന്നാല്‍ ഒരു പള്ളി എന്ന രൂപത്തില്‍ ഇത് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നില്ല. കഅ്ബയുടെ ചുറ്റുമുള്ള ഒരു ഒഴിഞ്ഞ സ്ഥലം. ഇവിടെവെച്ച് ആരാധനകള്‍ നിര്‍വഹിക്കപ്പെട്ടിരുന്നു. തിരുനബിയും ചില സ്വഹാബിമാരും ഹിജ്‌റക്കു മുമ്പ് തന്നെ ഇവിടെ നമസ്‌കരിക്കുകയും ചെയ്തിരുന്നു.