വിസ്തീര്‍ണം : 21,49,690 ച.കി.മി
ജനസംഖ്യ : 31,776,000(2016)
അതിര്‍ത്തി : കിഴക്ക് ഖത്തര്‍, യു എ ഇ., പടിഞ്ഞാറ് ചെങ്കടല്‍, വടക്ക് ഇറാഖ്, കുവൈത്ത്, ജോര്‍ദാന്‍, തെക്ക് യമന്‍, ഒമാന്‍.
തലസ്ഥാനം : രിയാദ്
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : സുഊദി റിയാല്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതിവാതകം, സ്വര്‍ണം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 54,431 ഡോളര്‍
ചരിത്രം:
ലോകത്തെ മികച്ച ക്ഷേമ-സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ സുഊദി അറേബ്യയുടെ ചരിത്രം യഥാര്‍ഥത്തില്‍ഇസ്‌ലാമിന്റെ ചരിത്രം തന്നെയാണ്. അത് പ്രവാചക പിതാവ് ഇബ്‌റാഹീമിലും മകന്‍ ഇസ്മാഈലിലും വരെചെന്നെത്തും. അവര്‍ പടുത്തുയര്‍ത്തിയ ലോകത്തെ പ്രഥമ ദൈവികഗേഹമായ വിശുദ്ധ കഅ്ബയും ആ ചരിത്രത്തില്‍ പരിലസിച്ചു നില്‍ക്കും. ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശധാരയായ ഏകദൈവത്വവും അത് ജനസമക്ഷം സമര്‍പ്പിക്കാനായി നിയോഗിതനായ പ്രവാചകന്‍ മുഹമ്മദും (സ), പ്രബോധനത്തിന് രംഗമൊരുക്കിയ മക്കയും പലായനം വഴി മുഹമ്മദ്നബി(സ) അടിത്തറയിട്ട മദീന മുനവ്വറയും സുഊദിയുടെചരിത്രത്തിലെ അനുഗൃഹീത അധ്യായങ്ങളാണ്. ജനവും ജലവും ഫലവുമില്ലാതെ തികച്ചും വന്യമായി കിടന്നിരുന്ന മണല്‍ക്കാടിനെ നൂറ്റാണ്ടുകള്‍ക്കിപ്പുറം ലോകത്തിന്റെ നെറുകയില്‍ കൊണ്ടെത്തിച്ചത് ഇബ്‌റാഹീം പ്രവാചകന്റെ പ്രാര്‍ഥന തന്നെയാണ്.
ആധുനിക സുഊദിയുടെ ചരിത്രത്തിന്, മൂന്ന് ഘട്ടങ്ങളുണ്ട്. 1818ല്‍ ഈജിപ്ത് ഗവര്‍ണര്‍ മുഹമ്മദലി പാഷ സുഊദി കേന്ദ്രമായ ദര്‍ഇയ്യ കീഴടക്കി. രണ്ടുദശാബ്ദം പാഷയുടെ പട്ടാളം ഇവിടെ ക്യാമ്പു ചെയ്തു. തുര്‍ക്കിബ്‌നു ഫൈസലിനെ ഈജിപ്തിലെ ജയിലിലിടുകയും ചെയ്തു. ഇത് ഒന്നാം ഘട്ടം.
തുര്‍ക്കി ജയിലില്‍ നിന്ന് രക്ഷപ്പെട്ട് നജ്ദിലെത്തുകയും റിയാദ് ആസ്ഥാനമായി 1843ല്‍ പുതിയ ഭരണം തുടങ്ങുകയും ചെയ്തതാണ് രണ്ടാം ഘട്ടം. എന്നാല്‍ തുര്‍ക്കി മരിച്ചതോടെഅദ്ദേഹത്തിന്റെ കുടുംബത്തിലുണ്ടായ ഭിന്നത മുതലെടുത്ത് അവരുടെ പ്രതിയോഗി ഹായില്‍ ഗവര്‍ണര്‍ മുഹമ്മദുബ്‌നു റശീദ് നജ്ദ് കീഴടക്കി. ഉഥ്മാനിയ ഖലീഫയുടെ സഹായവും ഇതിന് ലഭിച്ചു. ഫൈസല്‍ കുടുംബം കുവൈത്തില്‍ അഭയം തേടി.
പതിറ്റാണ്ടുകള്‍ക്കു ശേഷം 1902ല്‍ ഫൈസല്‍ കുടുംബത്തിലെ അബ്ദുല്‍ അസിസുബ്‌നു അബ്ദിറഹ്മാന്‍ കുവൈത്തില്‍ നിന്നും തിരിച്ചെത്തി റിയാദ് പിടിച്ചു. നാല്പത് അനുയായികള്‍ക്കു പുറമെ ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ അനുചരരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അമീറായ അബ്ദുല്‍ അസീസ് വിവിധ പ്രവിശ്യകളായ അല്‍ അഹ്‌സ, ഖത്തീഫ്, ഹായില്‍, ഹിജാസ്, അസീര്‍ തുടങ്ങിയവ പിടിച്ചടക്കി. അങ്ങനെയാണ് മതപണ്ഡിതരുടെയും ഗോത്ര മുഖ്യരുടെയും ഉപദേശങ്ങളും പിന്തുണയുമായി 1932ല്‍ സുഊദി അറേബ്യ എന്ന രാഷ്ട്രം പിറവിയെടുക്കുന്നത്. ഇബ്‌നു സുഊദ് കുടുംബത്തിന്റെ രാഷ്ട്രീയ നേതൃത്വവും ഇബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ മതകീയ നേതൃത്വവുമാണ് സുഊദി അറേബ്യയുടെ ശക്തി. ആ പാരമ്പര്യം ഇന്നും മുറുകെ പിടിക്കുന്നുണ്ട്.
ആധുനിക സുഊദിക്ക് അടിത്തറ നല്‍കി 51 വര്‍ഷക്കാലം ഭരിച്ച അബ്ദുല്‍ അസീസ്, ആത്മീയവും ഭൗതികവുമായി കെട്ടുറപ്പുള്ള രാജ്യമായി സുഊദി അറേബ്യയെവളര്‍ത്തി. പിന്നീട് സുഊദ് (1953-1964), ഫൈസല്‍ (1964-1975), ഖാലിദ്, ഫഹദ്, അബ്ദുല്ല എന്നിവരും ഭരണാധികാരികളായി. 2015 മുതല്‍ സല്‍മാന്‍ ഇബ്‌നു അബ്ദില്‍ അസീസാണ് ഭരണം നടത്തുന്നത്.
1964 ഒക്‌ടോബറില്‍ ഭരണമേറ്റെടുത്ത ഫൈസല്‍ രാജാവാണ് സുഊദിയെപരിഷ്‌കരണം വഴി ലോക നെറുകയിലെത്തിച്ചത്. 1939ല്‍ പെട്രോളിയം ഖനനം തുടങ്ങിയെങ്കിലും അതിനെ വളര്‍ച്ചയുടെ പടവാക്കിയതും ചിലപ്പോഴെല്ലാം ആയുധമാക്കിയതും ഫൈസലായിരുന്നു. ലോകമുസ്‌ലിംകളുടെസുഹൃത്തുംവത്സല പിതാവുമാകാന്‍ ഈ മഹാനുഭാവന് കഴിഞ്ഞു.
1962ല്‍ രൂപീകൃതമായ ആഗോള ഇസ്‌ലാമിക സംഘടനയായ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിക്ക്രൂപം നല്‍കിയത് ഫൈസലാണ്. കിങ് ഫൈസല്‍ ഫൗണ്ടേഷനും കിങ് ഫൈസല്‍ അവാര്‍ഡും തുടങ്ങി നിരവധി സ്മാരകങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
രാജവാഴ്ചയാണ് നിലനില്‍ക്കുന്നതെങ്കിലും സ്വതന്ത്രമായ നീതിനിര്‍വഹണം നടക്കുന്നുണ്ടിവിടെ. ശരീഅത്താണ് നിയമവ്യവസ്ഥയുടെ അടിസ്ഥാനം. രാജാവ്, മന്ത്രിസഭ, ശൂറാ എന്നിവക്കുപുറമെ പണ്ഡിത സഭ കൂടിയുണ്ട്. സുപ്രധാന തീരുമാനങ്ങള്‍ക്ക് പണ്ഡിത സഭയുടെഅംഗികാരം വേണം. ഇബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ പിന്‍മുറക്കാരായ 'ആലു ശൈഖ്' ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. വിദ്യാഭ്യാസ മന്ത്രിയും ഈ കുടുംബത്തില്‍ നിന്നുള്ളയാളാവും.
വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും പരിപാലിക്കുന്നവരെന്ന നിലയില്‍ 'ഹറമുകളുടെ സേവകന്‍' എന്നര്‍ഥം വരുന്ന 'ഖാദിമുല്‍ ഹറമൈന്‍' എന്ന പേരുകുടി സുഊദി ഭരണാധികാരികള്‍ക്കുണ്ട്. മസ്ജിദുല്‍ ഹറം, മസ്ജുദുന്നബവി എന്നിവയുടെ വിപുലീകരണത്തിനും ഹജ്ജാജിമാര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി കോടിക്കണക്കിന് റിയാലാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ നീക്കിവെക്കുന്നത്.
2017 ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്തെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിരവധി പരിഷ്‌കരണ നടപടികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.