Skip to main content

ആര്‍ത്തവകാരികള്‍, പ്രസവരക്തമുള്ളവര്‍

ആര്‍ത്തവമുള്ള സ്ത്രീകളും പ്രസവരക്തം ഉള്ളവരും നോമ്പ് ഉപേക്ഷിച്ച് മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടാന്‍ നബി(സ്വ) കല്പിക്കാറുണ്ടായിരുന്നുവെന്ന് ആഇശ(റ) പറയുന്നു (മുസ്‌ലിം-335). ഇവര്‍ പ്രസ്തുത സമയങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്. നോമ്പുകാരിയായിരിക്കെ സൂര്യാസ്തമനത്തിനു മുമ്പ് ഇവ സംഭവിച്ചാല്‍ നോമ്പ് മുറിയും. ആ നോമ്പ് പിന്നീട് നോറ്റുവീട്ടണം. പകല്‍ സമയത്ത് ഇവര്‍ ശുദ്ധിയായാല്‍ ബാക്കിയുള്ള സമയത്ത് വ്രതമെടുക്കണമെന്ന അഭിപ്രായത്തിന് തെളിവുകളില്ല. തൊട്ടടുത്ത ദിവസം നോമ്പെടുത്താല്‍ മതി.

 
    
ആര്‍ത്തവത്തിന്റയും പ്രസവരക്തത്തിന്റെയും കൂടിയതോ കുറഞ്ഞതോ ആയ സമയപരിധി നിര്‍ണയിക്കപ്പെട്ടിട്ടില്ല. രക്തസ്രാവം അവസാനിക്കുന്നത് വരെയാണ് ഇളവ് അനുവദിക്കപ്പെടുന്നത്. ഇത് ഓരോ വ്യക്തിയുടെയും അവസ്ഥയ്ക്കനുസരിച്ചാണ് തീരുമാനിക്കേണ്ടത്. സാധാരണയില്‍ കവിഞ്ഞ ദിവസങ്ങളിലുണ്ടാകുന്ന രക്തസ്രാവം ആര്‍ത്തവരക്തം(ഹൈദ്), പ്രസവരക്തം(നിഫാസ്) എന്നിവയായി പരിഗണിക്കില്ല. ഇത് ഇസ്തിഹാദ ആണ്. അത് രോഗമായി പരിഗണിക്കപ്പെടണം. ആയതിനാല്‍ സാധാരണ ഇവ ഉണ്ടാകാറുള്ള ദിവസം പരിഗണിക്കുകയും ഏറെയുള്ള ദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കുകയും വേണം. ആഇശ(റ)യുടെ ചോദ്യത്തിന്, 'അത് (ഇസ്തിഹാദ) ഒരു ധമനിയുടെ ദോഷമാണ്, നിനക്ക് ആര്‍ത്തവമുണ്ടാകാറുള്ള ദിവസങ്ങളുടെ കണക്കില്‍ നീ നമസ്‌കാരം ഉപേക്ഷിച്ചുകൊള്ളുക, പിന്നെ നീ കുളിച്ചു നമസ്‌കരിക്കണം' എന്ന് നബി(സ്വ) മറുപടി നല്കുന്നു (ബുഖാരി-300). 

Feedback