Skip to main content

ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍

തനിക്കോ തന്റെ ഗര്‍ഭസ്ഥ ശിശുവിനോ വ്രതാനുഷ്ഠാനം അപകടം സൃഷ്ടിക്കുമെന്ന് വ്യക്തമാകുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് വ്രതം ഉപേക്ഷിക്കാവുന്നതാണ്. കുഞ്ഞിന് പ്രയാസം സൃഷ്ടിക്കുമെങ്കില്‍ മുലയൂട്ടുന്നവര്‍ക്കും വ്രതം ഉപേക്ഷിക്കാം. നബി(സ്വ) പറഞ്ഞു: "അല്ലാഹു യാത്രക്കാരന് നമസ്‌കാരത്തിന്റെ പകുതിയും നോമ്പും ഇളവ് ചെയ്തിരിക്കുന്നു. അതുപോലെ ഗര്‍ഭിണിക്കും മുലയൂട്ടുന്ന സ്ത്രീക്കും നോമ്പ് ഉപേക്ഷിക്കാനും അനുമതി നല്കിയിരിക്കുന്നു" (നസാഈ-2315).
    
"സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ ഭയപ്പെടുന്ന ഗര്‍ഭിണിക്കും തന്റെ കുട്ടിയുടെ കാര്യത്തില്‍ ഭയപ്പെടുന്ന, മുലയൂട്ടുന്ന സ്ത്രീക്കും നോമ്പ് ഉപേക്ഷിക്കാന്‍ നബി(സ്വ) ഇളവ് അനുവദിച്ചിരിക്കുന്നു"(ഇബ്‌നുമാജ-1668).
    
ഗര്‍ഭിണികളും മുലയൂട്ടുന്നവരും സാധാരണ നിലയില്‍ പിന്നീട് നോമ്പ് നോറ്റുവീട്ടുന്നതാണ് ഉത്തമം. എന്നാല്‍ ഉപേക്ഷിച്ച നോമ്പ് നോറ്റുവീട്ടാന്‍ കഴിയാത്തവിധം പ്രയാസമുണ്ടാവുകയാണെങ്കില്‍ ഇവര്‍ നോമ്പിന്റെ പ്രായശ്ചിത്തം നല്കിയാല്‍ മതി. "പ്രയാസപ്പെടുന്ന ഗര്‍ഭിണിയും കുഞ്ഞിന് അപായം ഭയപ്പെടുന്ന മുലയൂട്ടന്ന മാതാവും നോമ്പനുഷ്ഠിക്കേണ്ടതില്ല, അവര്‍ പ്രായശ്ചിത്തം നല്കിയാല്‍ മതി" എന്നാണ് അബ്ദുല്ലാഹിബ്‌നു ഉമറി(റ)ന്റെയും അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ന്റയും അഭിപ്രായം (ഫിഖ്ഹുസ്സുന്ന). സഈദുബ്‌നു ജുബൈറും(റ) ഇങ്ങനെ അഭിപ്രായപ്പെടുന്നു (അബ്ദുര്‍റസാഖ്, മുഹല്ല). 

ഗര്‍ഭിണികളും മുലയൂട്ടുന്നവരും പ്രായശ്ചിത്തം നല്കുകയും പിന്നീട് നോറ്റുവീട്ടുകയും വേണമെന്ന അഭിപ്രായത്തിന് പ്രമാണ പിന്തുണയില്ല.

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446