Skip to main content

വയോധികര്‍, കഠിന ജോലിക്കാര്‍

പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവര്‍ക്ക് മാനുഷിക പരിഗണനയില്‍ വ്രതത്തിന്റെ കാര്യത്തില്‍ ഇസ്‌ലാം ഇളവനുവദിക്കുന്നുണ്ട്. സാങ്കേതികമായി ഇവര്‍ രോഗികളല്ലെങ്കിലും ശാരീരികമായി ഏറെ അവശത അനുഭവിക്കുന്ന ഇവര്‍ക്ക് നോമ്പ് നോല്‍ക്കുക പ്രയാസമുണ്ടാക്കുമെന്നതിനാല്‍ നോമ്പ് ഉപേക്ഷിക്കാം. ''നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്. ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മ ചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം'' (2:185). വിശുദ്ധ ഖുര്‍ആനിലെ ഈ വചനത്തില്‍ പരാമര്‍ശിക്കുന്ന 'ഞെരുക്കത്തോടെ നോറ്റുവീട്ടാന്‍ സാധിക്കുന്നവര്‍ പ്രായശ്ചിത്തം നല്കിയാല്‍ മതി' എന്നതിന്റെ വിവക്ഷ അവശത അനുഭവിക്കുന്ന വൃദ്ധജനങ്ങളാണന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നുണ്ട് (ബുഖാരി 4505). പിന്നീട് ഈ നോമ്പുകള്‍ നോറ്റുവീട്ടാമെന്ന് പ്രതീക്ഷയില്ലാത്തതിനാല്‍ ഇവര്‍ പ്രായശ്ചിത്തം നല്കിയാല്‍ മതി. 

ഉപജീവനത്തിന് മറ്റുമാര്‍ഗമില്ലാതെ, നോമ്പെടുക്കുക വളരെ പ്രയാസമാകുന്ന വിധത്തിലുള്ള ക്ലേശകരമായ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് റമദാനിലെ നോമ്പ് മറ്റു ദിവസങ്ങളിലേക്ക് മാറ്റിവെക്കാവുന്നതാണ്. ഖനികളിലും മറ്റും ജോലി ചെയ്യുന്നവര്‍, നീണ്ടപകലുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ ഈ വിഭാഗത്തില്‍പെടുമെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. പ്രയാസത്തോടെ നോമ്പ് സാധിക്കുന്നവര്‍ എന്ന വിശുദ്ധ ഖുര്‍ആനിലെ 2:185 വചനത്തില്‍ ദുര്‍ബലരായ വൃദ്ധന്മാരും വൃദ്ധകളും നിത്യരോഗികളും ഖനിയിലും മറ്റും അവധിയില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികളും  ഉള്‍പ്പെടുമെന്ന് മുഹമ്മദ് അബ്ദ(റ) അഭിപ്രായപ്പെടുന്നു. ഇവര്‍ പ്രയാസാവസ്ഥ നീങ്ങുകയാണെങ്കില്‍ ഇത് നോറ്റു വീട്ടണം. നോറ്റുവീട്ടാവുന്ന അവധി ലഭിക്കാത്തവര്‍ പ്രായശ്ചിത്തം നല്കണം. 

Feedback