കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. എന്നാല്‍ ചെറുപ്രായത്തിലേ അവര്‍ക്ക് അതിന് നിര്‍ദേശവും ഉപദേശവും പ്രോത്സാഹനവും നല്‌കേണ്ടതാണ്. നബി(സ്വ)യുടെ കാലത്ത് സ്വഹാബികള്‍ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു (ബുഖാരി-1859).
കുട്ടികള്‍ എന്നതിന് പ്രത്യേക പ്രായപരിഗണനയില്ല. ഏഴു വയസ്സുമുതല്‍ നമസ്‌കാരം ശീലിപ്പിക്കാനും പത്തുവയസ്സായിട്ടും നിര്‍വഹിക്കാത്തവരെ നിര്‍ബന്ധിക്കാനും നബി(സ്വ) അനുവദിക്കുന്നത് നോമ്പിനും ബാധകമാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. എന്നാല്‍ നോമ്പ് പലതുകൊണ്ടും നമസ്‌കാരത്തില്‍ നിന്നും ഭിന്നമാണ്. ആയതിനാല്‍ ആ സമയക്രമം തന്നെ ഇവിടെ പാലിക്കണമെന്ന് പറയാന്‍ പറ്റില്ല. കുട്ടിയുടെ ആരോഗ്യം, സാഹചര്യം എന്നിവക്കനുസരിച്ച് രക്ഷിതാക്കള്‍ക്ക് ഇതില്‍ തീരുമാനമെടുക്കാവുന്നതാണ്. നോമ്പ് നിര്‍ബന്ധമാകുന്ന പ്രായം എപ്പോഴാണ് ആരംഭിക്കുന്നത് എന്ന് ഖുര്‍ആനും ഹദീസും ഖണ്ഡിതമായി പറയുന്നില്ല. ഇസ്‌ലാം കുഞ്ഞുങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കാതിരുന്നത് അവരോടുള്ള കാരുണ്യം മൂലമാണ്. അതിനാല്‍ നോമ്പെടുക്കാന്‍ ഈ പ്രായക്കാര്‍ക്ക് നല്കുന്ന പരിശീലനം രക്ഷിതാക്കളുടെ ഭക്തിപ്രകടനവും നിഷ്‌കളങ്ക ബാല്യത്തിനുള്ള പീഡനവുമാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
യാത്രക്കാര്‍ക്ക് നോമ്പില്‍ ഇളവനുവദിച്ചിട്ടുണ്ട്. ''നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റുദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം നോമ്പെടുക്കേണ്ടതാണ്. (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മ ചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടു ക്കേണ്ടതാണ്.) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങ ള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തി ക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്.)'' (വിഖു 2:185).
യാത്രയില്‍ നോമ്പ് നോല്‍ക്കുക പ്രയാസമാകുന്നവര്‍ക്ക് മാത്രമാണോ ഇളവ് ബാധകമാവുക, യാത്രയുടെ ദൂരപരിധിയും സമയപരിധിയും എത്രയാണ്, ഏതെല്ലാം ആവശ്യങ്ങള്‍ക്കുള്ള യാത്രയാണ് ഇളവിന് പരിഗണിക്കപ്പെടുക എന്നീ കാര്യങ്ങളിലൊന്നും ഖുര്‍ആനും സുന്നത്തും പ്രത്യേക നിര്‍ദേശങ്ങള്‍ നല്കുന്നില്ല. യാത്രക്കാരന്റെ ഭക്തിയും ആത്മാര്‍ഥതയുമാണ് ഇതില്‍ അന്തിമതീരുമാനമെടു ക്കേണ്ടത്. ഏതു യാത്രക്കാരനും തന്റെ യാത്ര അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളിലെ നോമ്പ് മാറ്റിവെക്കാവുന്നതാണ്. യാത്രയില്‍ അയാള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെങ്കിലും ആധുനിക സംവിധാനങ്ങള്‍ മൂലം ഏതാനും മണിക്കൂറുകൊണ്ട് യാത്ര അവസാനിച്ചാലുമെല്ലാം ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.
യാത്രക്കാരന് ഇളവ് ഉപയോഗിക്കാതെ നോമ്പെടുക്കാനും അനുവാദമുണ്ട്. നബി(സ്വ)യുടെ കൂടെ യാത്രചെയ്തവരില്‍ നോമ്പെടുത്തവരും എടുക്കാത്തവരും ഉണ്ടായിരുന്നുവെന്നും നബി(സ്വ) അതിനെ വിമര്‍ശിച്ചില്ല എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (മുസ്‌ലിം:1117). ഇങ്ങനെ നോമ്പെടുക്കുന്നവര്‍ യാത്ര തുടങ്ങുന്ന നാട്ടിലെ സമയമനുസരിച്ച് നോമ്പു തുടങ്ങുകയും യാത്രയില്‍ എത്തുന്ന സ്ഥലത്തിനനുസരിച്ച് നോമ്പു തുറക്കുകയുമാണ് വേണ്ടത്. യാത്രയില്‍ പ്രയാസമുണ്ടാകുമെങ്കില്‍ നോമ്പെടുക്കാന്‍ പാടില്ല. അത്തരക്കാരെ ധിക്കാരികള്‍ എന്നാണ് നബി(സ്വ) വിശേഷിപ്പിച്ചത് (മുസ്‌ലിം:1114), അങ്ങനെ നോമ്പെടുക്കുന്നതില്‍ പുണ്യമില്ല എന്നും അദ്ദേഹം ഉണര്‍ത്തി (ബുഖാരി :1844).
യാത്രയില്‍ നോമ്പെടുക്കുന്നതോ ഉപേക്ഷിക്കുന്നതോ ഉത്തമം എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. പ്രത്യക പ്രയാസങ്ങളില്ലാത്തവന് നോമ്പെടുക്കുന്നതാണ് ഉത്തമമെന്നും പ്രയാസമുള്ളവന് നോമ്പ് ഉപേക്ഷിക്കുന്നതാണ് ഉത്തമമെന്നും ഇമാം ശാഫിഈയും, അബൂഹനീഫയും നിരീക്ഷിക്കുന്നു. പ്രയാസവും സൗകര്യവും പരിഗണിക്കാതെ അല്ലാഹു നല്കിയ ഇളവ് ഉപയോഗി ക്കുന്നതാണ് ഉത്തമം എന്ന് ഇമാം അഹ്മദും അഭിപ്രായപ്പെടുന്നു.
യാത്രയില്‍ നോമ്പു തുടങ്ങിയവനോ നോമ്പെടുത്ത ശേഷം യാത്ര തീരുമാനിച്ചവനോ നോമ്പ് മുറിക്കണമെങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്. അനസുബ്‌നു മാലിക്(റ) അങ്ങനെ ചെയ്തതായി (തിര്‍മിദി 799, ഇബ്‌നുല്‍അറബി 2/236) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.