വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ശരീരവും ആത്മാവും സമഞ്ജസമായി സമന്വയിക്കുമ്പോള്‍ മാത്രമേ മനുഷ്യധര്‍മം നിറവേറ്റപ്പെടുകയുള്ളൂ. ആത്മീയമൂല്യങ്ങള്‍ ക്ഷയിച്ച് മനുഷ്യനിലെ ജന്തുത്വമുണര്‍ന്ന് അധഃപതനത്തിന്റെ അഗാധഗര്‍ത്തങ്ങളില്‍ പതിക്കാന്‍ സാധ്യതയുള്ള മനുഷ്യനെ പശ്ചാത്താപത്തിലൂടെ ആത്മീയ വിശുദ്ധിയുടെ കരുത്ത് വീണ്ടെടുക്കാനുള്ള അവസരമാണ് പ്രപഞ്ചനാഥന് നല്‍കിയിരിക്കുന്നത്. 'പശ്ചാത്തപിച്ചിരിക്കുന്നു' എന്ന വെറും വാക്ക് കൊണ്ട് വിശ്വാസ വിശുദ്ധിയുടെ ഉള്‍ക്കരുത്ത് ലഭിക്കുകയില്ല. മറിച്ച് സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാനിടയായ സാഹചര്യങ്ങളില്‍ നിന്ന് മാറിനിന്ന് സത്പന്ഥാവിലേക്ക് തിരിച്ചുവരാനായി മനസ്സിനെ പാകപ്പെടുത്തിയെടുത്ത് പുതിയ ജീവിതത്തിന് നാന്ദി കുറിക്കാന്‍ പശ്ചാതാപത്തിലൂടെ പാപിയായ വിശ്വാസിക്ക് കഴിയണം.
പാപം ചെയ്യുക എന്നത് മനുഷ്യന്റെ ഒരു പോരായ്മയല്ല. മനുഷ്യപുത്രന്റെ സഹജഭാവമെന്ന നിലക്ക് തെറ്റ് ചെയ്താല്‍ അതില്‍ നിന്ന് പിന്തിരിയാന് തെല്ലും ശ്രമിക്കാതെ തെറ്റില്‍ തന്നെ ഉറച്ചുനില്‍ക്കുന്നവനല്ല യഥാര്‍ഥ വിശ്വാസി. നബി(സ്വ) അരുളി: ആദം സന്തതികളഖിലവും തെറ്റു ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റു ചെയ്യുന്നവരിലും ഉത്തമര്‍ പശ്ചാത്തപിച്ച് മടങ്ങുന്നവരാണ്'' (തിര്‍മിദി, ഇബ്നു മാജ, ഹാകിം).
മനുഷ്യന്റെ സൃഷ്ടിപ്പില്‍ തന്നെ പാപസാധ്യതയുള്ളതിനാല്‍ പശ്ചാത്താപത്തിന്റെ കവാടം മലര്‍ക്കെ തുറന്നിട്ടുകൊണ്ട് സ്രഷ്ടാവിന്റെ കാരുണ്യത്തിലേക്ക് തിരിച്ച് നടക്കാന്‍ അല്ലാഹു വിശ്വാസികളോട് ആജ്ഞാപിക്കുന്നു. വിശ്വാസികളേ, നിങ്ങള്‍ ഒന്നായി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിന്‍. നിങ്ങള്‍ വിജയികളായേക്കാം (24:31). 'നിങ്ങള്‍ വിജയികളായേക്കാം' എന്ന പരാമര്‍ശം പശ്ചാത്താപം വിജയത്തിന്റെ അനിവാര്യോപാധിയാണെന്ന് ബോധ്യപ്പെടുത്തുന്നു. മദീനയില്‍ അവതീര്‍ണമായ പ്രസ്തുത സൂറത്തിലെ അഭിസംബോധിതര്‍ ഹിജ്റയും ജിഹാദും അനുഷ്ഠിച്ചവരും സഹനമവലംബിക്കുകയും ഈമാന്‍ മുറുകെ പിടിക്കുകയും ചെയ്തവരുമായ വിശ്വാസികളാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. പശ്ചാത്തപിക്കുന്ന വിശ്വാസികള്‍ക്കാണ് വിജയപ്രതീക്ഷയുള്ളതെന്ന കാര്യമാണ് ഇവിടെ വ്യക്തമാകുന്നത്.
പശ്ചാത്താപത്തിന്റെ വഴി അല്ലാഹു തുറന്നു തന്നത് അടിമകള്‍ക്ക് തെറ്റുകള്‍ ചെയ്യാനുള്ള ഒരു ലൈസന്‍സായിട്ടല്ല. മനുഷ്യന്റെ സ്വാഭാവിക പ്രകൃതിയനുസരിച്ച് വന്നുപെട്ടേക്കാവുന്ന സാഹചര്യം അവന്റെ പരലോക മോക്ഷത്തിന് വിഘാതമാകരുതെന്ന നിര്‍ബന്ധമാണ് കരുണാനിധിയായ അല്ലാഹുവിനുള്ളത്. സുപ്രതീക്ഷ കൈവിടാതെ അടിമ അല്ലാഹുവിന്റെ കാരുണ്യത്തിനായി കേഴുന്ന മനസ്സ് സദാ കാത്തുസൂക്ഷിക്കണമെന്നും സ്രഷ്ടാവ് ഉദ്ദേശിച്ചിരിക്കുന്നു. പശ്ചാത്താപമെന്ന പാപപരിഹാര ക്രിയയിലൂടെ സ്വയം ശുദ്ധീകരണത്തിന്റെയും വിശ്വാസത്തിന്റെയും പാതയാണ് പാപിയായ വിശ്വാസി വെട്ടിത്തെളിക്കുന്നത്. താഴ്മയുടെയും വിനയത്തിന്റെയും പാരമ്യത്തില്‍ സ്രഷ്ടാവുമായുള്ള സൃഷ്ടികളുടെ ബന്ധം പ്രോജ്വലിച്ച് നില്ക്കാന് പശ്ചാത്താപം വഴിയൊരുക്കുന്നു.
അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റിയും മനുഷ്യര്‍ക്ക് കാരുണ്യമുണ്ടാകേണ്ടതിനെപ്പറ്റിയും 180 ഓളം ഖുര്‍ആന്‍ വചനങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നതിനെപ്പറ്റി നൂറോളം വചനങ്ങളിലും പ്രസ്താവിക്കുന്നതായി കാണാന്‍ കഴിയും. പശ്ചാത്താപം സ്വീകരിക്കുക എന്നത് അല്ലാഹുവിന് അവന്റെ അടിമകളോടുള്ള കാരുണ്യത്തിന്റെ അടയാളമാണ്. കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് ശിക്ഷ നല്‍കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും നീതിയുടെയും താല്പര്യമാകുന്നതുപോലെ അജ്ഞത കൊണ്ടോ അശ്രദ്ധ മൂലമോ തെറ്റു ചെയ്യാനിട വന്നവര്‍ക്ക് പാപങ്ങള്‍ പശ്ചാത്താപത്തിലൂടെ കഴുകിക്കളയാനുള്ള അവസരം പരമകാരുണികന്റെ മഹത്തായ ഔദാര്യമാണ്. അതിനാല്‍ പാപമോചനത്തിന്റെ വഴിയില്‍ നിന്ന് വിമുഖരാവുക എന്നത് അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും വേണ്ടെന്ന് വെക്കുന്നതിന് തുല്യമായ അപരാധമാണ്. പശ്ചാത്തപിക്കാത്തവരെ വിശുദ്ധ ഖുര്‍ആന്‍ 'അക്രമികള്‍' എന്ന് വിശേഷിപ്പിച്ചതില്‍ നിന്ന് ഇതിന്റെ ഗൗരവം നമുക്ക് ബോധ്യപ്പെടും. പരിഹാസം, ആക്ഷേപം, കുത്തു വാക്കുകള്‍ പ്രയോഗിക്കല്‍ എന്നിവ പാടില്ലെന്ന് സത്യവിശ്വാസികളെ അഭിസംബോധന ചെയ്ത് അല്ലാഹു ഉണര്‍ത്തുന്നു. തുടര്‍ന്ന് ഇപ്രകാരം പറയുന്നു. 'ആര് (ഈ സ്വഭാവങ്ങളില്‍ നിന്ന്) പശ്ചാത്തപിച്ച് മടങ്ങുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍' (49:11). അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യവും കാരുണ്യവും മാത്രമാണ് സത്യവിശ്വാസിയെ സ്വര്‍ഗപ്രവേശത്തിന് അര്‍ഹനാക്കുന്നത്. സത്യവിശ്വാസം മുറുകെപ്പിടിച്ച് ജീവിക്കുന്നവരില്‍ നിന്ന് തന്നെ വന്നുപോയ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നു. തിന്മകള്ക്ക് ശേഷം നന്മകള് വര്‍ധിപ്പിച്ചാല്‍ തിന്മകള് മായ്ക്കപ്പെടുന്നു. സത്കര്‍മങ്ങള്‍ക്ക് അനേകമിരട്ടി പ്രതിഫലം നല്കപ്പെടുന്നു. സര്‍വോപരി സദാ പശ്ചാത്താപമനസ്സ് കാത്തുസൂക്ഷിക്കുന്നവര്‍ക്ക് അല്ലാഹു പ്രീതി നേടിയെടുക്കാനുള്ള വഴി സുഗമമാകുന്നു.