Skip to main content

പശ്ചാത്താപത്തിന്റെ ശ്രേഷ്ഠതകള്‍

പശ്ചാത്താപം അല്ലാഹു തന്റെ ദാസന്മാര്‍ക്ക് നിര്‍ബന്ധമാക്കിയ ശ്രേഷ്ഠകര്‍മവും ആരാധനയുമാണെന്ന് വിശുദ്ധഖുര്‍ആനും പ്രവാചകവചനങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട്. പാപസുരക്ഷിതരില്‍ (മഅ്‌സും)പെട്ട പ്രവാചകന്‍(സ്വ) പോലും ദിനേന നിരവധി തവണ പശ്ചാത്തപിക്കുകയും ചെയ്തു. വലിയ അപരാധങ്ങള്‍ ചെയ്തതിനുള്ള പരിഹാരമായിട്ടല്ല, വിനയത്തിന്റെയും വിശുദ്ധിയുടെയും ഭാവങ്ങള്‍ നിലനിര്‍ത്താനുള്ള ആരാധന എന്ന നിലയിലാണ് പശ്ചാത്താപം പതിവാക്കിയത്. നബി(സ്വ) പറഞ്ഞു. ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനോട് പശ്ചാത്തപിക്കുവിന്‍. നിശ്ചയം ഞാന്‍ ദിനേന നൂറ്  പ്രാവശ്യം അല്ലാഹുവിനോട് പശ്ചാത്തപിക്കുന്നു (സ്വഹീഹ് മുസ്‌ലിം - 2702).

പാപക്കറകളില്‍ നിന്ന് വിമോചിതനായി അല്ലാഹുവിന്റെ ഇഷ്ടം സമ്പാദിച്ചുകൊണ്ട് അവനെ കണ്ടുമുട്ടാനാണ് വിശ്വാസി സദാ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. തെറ്റ് ചെയ്യാനുള്ള സാധ്യതപോലും വിശ്വാസിയുടെ മനസ്സിനെ വിഷമിപ്പിക്കുന്നു. പാപിയായി മാറുന്ന ദുഷ്‌കൃത്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ശ്രമിക്കുന്നു. എങ്കിലും അറിഞ്ഞോ അറിയാതെയോ രഹസ്യമായോ, പരസ്യമായോ തിന്മയുടെ വഴികളില്‍ സഞ്ചരിക്കാനിടവരുന്നു. പശ്ചാത്താപത്തിന്റെ കവാടം വിശ്വാസിയുടെ മുമ്പില്‍ പ്രതീക്ഷയുടെ കരുത്ത് പകര്‍ന്ന് വിശുദ്ധിയിലൂടെ വഴി നടത്തുന്നു. നബി(സ്വ) പറഞ്ഞു: വിശ്വാസി ഒരു തെറ്റ് ചെയ്താല്‍ അവന്റെ ഹൃദയത്തില്‍ ഒരു കറുത്തപുള്ളി പ്രത്യക്ഷപ്പെടുന്നു. അവന്‍ പശ്ചാത്തപിക്കുകയും തെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും പാപമോചനം തേടുകയും ചെയ്യുമ്പോള്‍ അവിടെ തിളക്കമുറ്റതാവുന്നു.

പശ്ചാത്തപിക്കുന്നവരെ അല്ലാഹുവിന്റെ പ്രിയപ്പെട്ടവരും ഇഷ്ട ദാസന്മാരുമായാണ് ഖുര്‍ആനില്‍ വിശേഷിപ്പിക്കുന്നത്. പശ്ചാത്തപിക്കുകയും വിശുദ്ധി നേടുകയും ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു (2:222). ഒരു അടിമ  പശ്ചാത്തപിക്കുകയും പാപമുക്തിക്കായി കേണപേക്ഷിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം അനിര്‍വചനീയമാണെന്ന് ഉപമയിലൂടെ റസൂല്‍(സ്വ) വ്യക്തമാക്കി: മരുഭൂമിയില്‍ കാണാതായ ഒട്ടകത്തെ വീണ്ടും കണ്ടെത്തുമ്പോള്‍ നിങ്ങളുടെ സന്തോഷം എത്രമാത്രമാണോ അതിലുമെത്രയോ ഉപരിയാണ് തന്റെ അടിമ പശ്ചാത്തപിക്കുന്നത് കാണുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം (സ്വഹീഹുല്‍ ബുഖാരി - 6309).

തിന്മകളുടെ വഴികളിലേക്ക് മനുഷ്യന്‍ വഴുതിപ്പോകുന്നത് നോക്കിയിരുന്ന് അവനെ ശിക്ഷിക്കാനുള്ള പഴുതുകളന്വേഷിക്കുന്ന ഒരു സ്വേഛാധിപതിയായി ദൈവത്തെ ചിലര്‍ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ സൃഷ്ടികളോട് അങ്ങേയറ്റം കൃപയും കാരുണ്യവുമുള്ള അല്ലാഹു മനുഷ്യനെ നിത്യദുരന്തത്തിന്റെ ഗേഹമായ നരകത്തില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമിക്കുന്നത്. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച മലക്കുകള്‍ പോലും ഭൂമിയിലെ വിശ്വാസികള്‍ക്ക് വേണ്ടി പാപമോചനം തേടുകയും അവരുടെ സ്വര്‍ഗ പ്രവേശത്തിനും നരകവിമുക്തിക്കുമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുമെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ദൈവസിംഹാസനത്തിന്റെ വാഹകരും അതിനുചുറ്റും നിലകൊള്ളുന്നവരുമായ (മലക്കുകള്‍) തങ്ങളുടെ റബ്ബിനെ സ്തുതിച്ചും കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാകുന്നു. അവര്‍ അവനില്‍ വിശ്വസിക്കുന്നു. വിശ്വാസികള്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. (അവര്‍ പ്രാര്‍ഥിക്കുന്നു) 'നാഥാ കാരുണ്യത്തിലും ജ്ഞാനത്തിലും നീ സകല വസ്തുക്കളെയും ആവരണം ചെയ്തിരിക്കുന്നു. അതിനാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്തവരെ പാപമുക്തരാക്കുകയും നരകശിക്ഷയില്‍നിന്ന് രക്ഷിക്കുകയും ചെയ്യേണമേ, നാഥാ നീ വാഗ്ദത്തം ചെയ്തിട്ടുള്ള നിത്യസ്വര്‍ഗങ്ങളില്‍ അവരെ പ്രവേശിപ്പിക്കേണമേ, അവരുടെ പിതാക്കളിലും ഇണകളിലും സന്തതികളിലും, സച്ചരിതരായവരെയും അവിടെ അവരോടൊപ്പം ചേര്‍ക്കേണമേ) നീ പ്രതാപിയും യുക്തിമാനുമാണല്ലോ. അവരെ തിന്മകളില്‍ നിന്ന് കാക്കേണമേ, പുനരുത്ഥാന ദിവസം അവരെ തിന്മകളില്‍ നിന്ന് നീ കാത്താല്‍ അവന് വലുതായ കാരുണ്യം ചെയ്തു. ഇതാണ് മഹത്തായ വിജയം (40:7-9).

അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള ശിക്ഷയെ പേടിക്കുന്നതോടൊപ്പം അവനിലുള്ള കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കേണ്ടവനാണ് വിശ്വാസി. പാപക്കറകള്‍ കഴുകിക്കളഞ്ഞ് വിശുദ്ധിയുടെ വഴി കാണിച്ചു തന്നെ പശ്ചാത്താപത്തിന്റെ മാഹാത്മ്യം ഇഹത്തിലും പരത്തിലും അതിനാലുണ്ടാകുന്ന നേട്ടങ്ങളില്‍ നിന്ന് തന്നെ നമുക്ക് ഗ്രഹിക്കാം.

Feedback