Skip to main content

ആത്മപീഡനേച്ഛ

സ്വശരീരത്തെ പീഡനമേല്‍പിച്ചുള്ള വേദനയിലൂടെ ലൈംഗിക സംതൃപ്തി നേടുന്ന രതിവൈകൃതമാണ് മസോകിസം അഥവാ ആത്മപീഡനേച്ഛ. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലിയോ സാച്ചര്‍ ബോണ്‍ മസോക്ക് എന്ന എഴുത്തുകാരന്‍ സ്വയം പീഡനാസക്തിയിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്തിയിരുന്നു. അത് അദ്ദേഹം തന്റെ കൃതികളിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പേരിലേക്ക് ചേര്‍ത്തിയാണ് ഈ ലൈംഗിക വ്യതിചലനത്തിന് മസോകിസം എന്ന് പേരുവന്നത്. സ്വയം പീഡനാസക്തിയുള്ള ആള്‍ ഇണയ്ക്ക് കീഴ്‌പ്പെടണമെന്ന് അതിയായി ആഗ്രഹിക്കുന്നു. സംഭോഗത്തിന് മുമ്പോ സംഭോഗാനന്തരമോശാരീരിക വേദന ഇക്കൂട്ടര്‍ക്ക് അനുഭവപ്പെടണം. ചുരുക്കം ചിലര്‍ക്ക് പീഡനം അനുഭവിക്കുന്നു എന്ന ചിന്തകൊണ്ട് മാത്രം ഉത്തേജനമുണ്ടാവുകയും ചെയ്യും.

 
ആത്മപീഡനേച്ഛ എന്ന ലൈംഗികവൈകൃതത്തിന് നിമിത്തമായിത്തീരുന്ന സാഹചര്യങ്ങള്‍ ലൈംഗികോത്തോജനമുണ്ടാക്കുന്ന ദൃശ്യങ്ങളും ലൈംഗികപരമായ അപക്വമായ ഇടപെടലുമാണ്. എതിര്‍ലിംഗത്തില്‍ പെട്ടവരില്‍നിന്ന് അമാന്യമായ ഇടപെടലുകള്‍ ഉണ്ടായാല്‍ വൈകാരികതയ്ക്ക് കൂച്ചുവിലങ്ങിടാനുള്ള തന്ത്രങ്ങള്‍ അന്വേഷിക്കാനുള്ള ത്വരയുണ്ടാകുന്നു. അത് സ്വയം പീഡനത്തിന്റെ വഴിയിലൂടെ ലൈംഗിക നിര്‍വൃതിയടയാന്‍ കാരണമായേക്കാം. മറ്റുള്ളവരാല്‍ പീഡിപ്പിക്കപ്പെടാന്‍ പാടില്ലാത്തതുപോലെ സ്വയം പീഡനത്തിന്റെ വഴിയും മതം വിലക്കിയിട്ടുണ്ട്. ഉപദ്രവിക്കാനോ മറ്റുള്ളവരാല്‍ ഉപദ്രവമേല്പിക്കപ്പെടാനോ പാടില്ല എന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നുണ്ട്. വിവാഹവും ലൈംഗികവേഴ്ചയുമൊക്കെ മതത്തിന്റെ വീക്ഷണത്തില്‍ പുണ്യകര്‍മമായി പരിഗണിക്കപ്പെടുന്നത് അവയൊക്കെയും അല്ലാഹു കനിഞ്ഞരുളിയ ആരോഗ്യത്തോടും ശരീരത്തോടുമുള്ള ബാധ്യതാനിര്‍വഹണത്തിന്റെ വഴികളാണ് എന്നതാണ്. സ്വയം ഹത്യയുടെയോ ആത്മപീഡനത്തിന്റെയോ വഴി തെരഞ്ഞെടുക്കുന്നത് ഏത് ആസ്വാദനത്തിന്റെ പേരിലായാലും അല്ലാഹുവിനോടുള്ള നിന്ദയും ധിക്കാരവുമാണ്.

Feedback