സ്വന്തം ലൈംഗികാവയവങ്ങളോ നഗ്നതയോ മറ്റുള്ളവരെകാണിച്ച് ലൈംഗിക സംതൃപ്തിയടയുന്ന സ്വഭാവമുള്‍ക്കൊള്ളുന്ന രതിവ്യതിയാനമാണ് പ്രദര്‍ശനേച്ഛ (Exhibitionism). പുരുഷന്മാരിലും സ്ത്രീകളിലും കാണപ്പെടുന്ന ഈ രതിവൈകൃതത്തിന് അടിമപ്പെടാന്‍ കാരണമാകുന്നത് നഗ്നമേനി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ദൃശ്യങ്ങളുടെ പതിവ് കാഴ്ചക്കാരാകുന്ന സാഹചര്യമായിരിക്കാം. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പരന്നൊഴുകുന്ന ആഭാസ ദൃശ്യങ്ങളും അവയ്ക്ക് കിട്ടുന്ന കമന്റുകളും ലൈക്കുകളും കൂടുതല്‍ ആളുകളിലേക്ക് ഷെയര്‍ ചെയ്യാനുള്ള ത്വര അതിന്റെ കാഴ്ചക്കാര്‍ക്കുണ്ടാക്കുന്നു. നഗ്നത ആസ്വദിക്കാനുള്ള താത്പര്യത്തോടൊപ്പം മററുള്ളവരെ ആസ്വദിപ്പിക്കാനുള്ള മനോരോഗത്തിനും ഇത് കാരണമാകുന്നു. ബാത്‌റൂമില്‍ നഗ്നത വെളിപ്പെടുത്തി കുളിക്കുന്നവരിലും വസ്ത്രം മാറുമ്പോള്‍ അന്യര്‍ക്ക് കാണത്തക്കവിധം ശരീര പ്രദര്‍ശനം നടത്തുന്നവരിലും ചെറിയ തോതില്‍ പ്രദര്‍ശനേച്ഛയുണ്ട് എന്ന് മനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. കണ്ണാടിക്കു മുമ്പില്‍ കൂടുതല്‍ സമയം ചെലവിടുന്നവരില്‍ അതുവഴി ലൈംഗികാനുഭൂതിയില്‍ ലയിക്കാനുള്ള പ്രവണതയുണ്ടാകുന്നതും പ്രദര്‍ശനേച്ഛ കാരണമാണ്.
ലജ്ജ വിശ്വാസത്തിന്റെ ശാഖയായി പഠിപ്പിക്കപ്പെട്ട മതത്തില്‍ പുരുഷനും സ്ത്രീയും നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ഭാഗത്തി(ഔറത്ത്)ന്റെ കാര്യത്തില്‍ കണിശമായ നിഷ്‌കര്‍ഷയുണ്ട്. മിസ്വര്‍ (റ) പറയുന്നു: ഞാന്‍ ഭാരമുള്ള ഒരു കല്ലെടുത്ത് നടന്നുപോയപ്പോള്‍ എന്റെ വസ്ത്രം വീണുപോയി. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു. വസ്ത്രം ധരിക്കുക. നഗ്നമായി നടക്കരുത് (അബൂദാവൂദ്). അബദ്ധവശാല്‍ തുടഭാഗം കാണാനിടവന്നപ്പോള്‍ വസ്ത്രംകൊണ്ട് തുട മറയ്ക്കാന്‍ റസൂല്‍(സ്വ) കല്പിച്ചു. അത് ഔറത്താണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. സ്ത്രീകളുടെ വേഷവിധാനത്തെ സംബന്ധിച്ച് റസൂല്‍(സ്വ) പ്രത്യേകം ഓര്‍മപ്പെടുത്തിയത് ഇവിടെ പ്രസ്താവ്യമാണ്. 'വസ്ത്രം അണിഞ്ഞിട്ടും നഗ്നകളായി, ഒട്ടകത്തിന്റെ പൂഞ്ഞപോലെ ചെരിയുന്ന തലയോടുകൂടിയ സ്ത്രീകള്‍ എന്റെ സമൂഹത്തില്‍ അവസാനകാലത്ത് ഉണ്ടാകുന്നതാണ്. നിങ്ങള്‍ അവരെ ശപിക്കുക. അവര്‍ ശപിക്കപ്പെടേണ്ടവരാണ്' (ത്വബ്‌റാനി).
നഗ്നത വെളിപ്പെടുത്തുന്ന വസ്ത്രധാരണം ശീലമാക്കിയാല്‍ പുരുഷനിലും സ്ത്രീയും സദാചാരബോധം പതിയെപ്പതിയെ ഇല്ലാതെയാവും. ലൈംഗികോത്തേജനത്തിന്റെ വഴി നഗ്നത പ്രദര്‍ശനമാണെങ്കില്‍ വസ്ത്ര സംസ്‌കാരത്തിലുള്ള സദാചാരബോധത്തെ ഇല്ലാതെയാക്കുന്നതിലൂടെ ലൈംഗികാസക്തിയെ കയറൂരിവിടാന്‍ എളുപ്പം സാധിക്കുന്നു. അതുകൊണ്ടാണ് ശരീരം വെളിപ്പെടുന്ന വിധമുള്ള ഏത് വസ്ത്രധാരണരീതിയെയും ഇസ്ലാം കണിശമായി വിലക്കിയത്. ഹിശാമുബ്‌നു ഉര്‍വ(റ) പറയുന്നു: മുന്‍ദിറുബ്‌നു സുബൈര്‍ ഇറാഖില്‍നിന്ന് വന്നപ്പോള്‍ അബൂബക്‌റിന്റെ മകള്‍ അസ്മാഇന് കൂഫയിലെ മര്‍വില്‍നിര്‍മിച്ച വസ്ത്രങ്ങളില്‍ നിന്ന് നേരിയതും മുന്തിയതുമായ ഒരെണ്ണം കൊടുത്തയച്ചു. കാഴ്ച നഷ്ടപ്പെട്ടിരുന്ന അസ്മാ കൈകൊണ്ട് സ്പര്‍ശിച്ചശേഷം അതില്‍ വെറുപ്പ് പ്രകടിപ്പിക്കുകയും അത് തിരിച്ചുകൊടുക്കാന്‍ പറയുകയും ചെയ്തു. ഇത് അദ്ദേഹത്തിന് വലിയ പ്രയാസമുണ്ടാക്കി. അദ്ദേഹം പറഞ്ഞു. ഉമ്മാ, അത് നിഴലിക്കുന്നതല്ല. അപ്പോള്‍ അവര്‍ പറഞ്ഞു: നിഴലിക്കുന്നതല്ലെങ്കിലും ശരീരഭാഗങ്ങള്‍ വ്യക്തമായികാണത്തക്കവിധം പ്രകടിപ്പിക്കുന്നതാണ്.