Skip to main content

സ്പര്‍ശകാമം

എതിര്‍ലിംഗത്തില്‍ പെട്ടവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അതിലൂടെ അനുഭൂതി തേടുകയും ചെയ്യുന്നതിനാണ് സ്പര്‍ശനാനുഭൂതി (Frottage) എന്ന് പറയുന്നത്. ലൈംഗിക പങ്കാളിയില്‍ നിന്ന് അസംതൃപ്തി നേരിടുകയോ ലൈംഗികബന്ധത്തിന് വഴങ്ങാത്ത അവസ്ഥയുണ്ടാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുരുഷന്മാരാണ് മിക്കപ്പോഴും സ്പര്‍ശകാമാനുഭൂതിയുടെ വഴിവിട്ട രീതികള്‍ ഉപയോഗിക്കുന്നത്. യുവതികളുമായി ഒന്നിച്ച് ഇടപഴകുന്ന സന്ദര്‍ഭത്തെ വികാരാവേശം ജനിപ്പിക്കുന്ന ശരീരഭാഗങ്ങളെ സ്പര്‍ശിക്കുന്നതിന് ഉപയോഗിക്കുകയും അതുവഴി ലൈംഗികസുഖം നേടിയെടുക്കുകയും ചെയ്യുന്നു. സ്ത്രീ ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കാന്‍ വിനോദസ്ഥലങ്ങളെയും യാത്രാവാഹനങ്ങളെയും ഉപയോഗപ്പെടുത്തി ലൈംഗികോത്തേജനം ഉണ്ടാക്കാന്‍ തക്ക തന്ത്രങ്ങള്‍ പയറ്റുന്ന രതിവൈകൃതമാണത്. ചലച്ചിത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടുന്ന പെണ്ണുടല്‍ ഇത്തരം രതിവൈകൃതത്തിന് ആക്കംകൂട്ടുന്നു. അല്പവസ്ത്ര ധാരിണികളായ യുവതികളുടെ ലൈംഗിക ചുവയുള്ള ഡയലോഗുകളും അതിരുകളേതുമില്ലാതെ ഇടപഴകാനുളള ത്വരയും രതിവൈകൃതക്കാരില്‍ സ്പര്‍ശകാമം ജനിപ്പിക്കുന്നു.


കാരണങ്ങള്‍ കണ്ടെത്തി മതിയായ ചികിത്സ നടത്തിയില്ലെങ്കില്‍ ലജ്ജാകരമായ ലൈംഗിക ആഭാസത്തിലേക്ക് സമൂഹത്തെ അധഃപതിപ്പിക്കുന്ന മനോവൈകൃതം കൂടിയാണിതെന്നത് ഗൗരവബുദ്ധ്യാ കണക്കിലെടുക്കണം. അന്യപുരുഷനും സ്ത്രീയും ഇടപഴകുന്ന സന്ദര്‍ഭങ്ങള്‍ക്ക് ഇസ്‌ലാം അതിരുകള്‍ വെക്കുകയും നിമയങ്ങളും ചട്ടങ്ങളും കര്‍ക്കശമാക്കുകയും ചെയ്തു. കാമാതുരമായ മനസ്സോടെ നടക്കുന്നവര്‍ക്ക്, സ്ത്രീ സൗന്ദര്യം പ്രകടിപ്പിക്കുന്നതും വിലക്കുകളോ നിയന്ത്രണങ്ങളോ ഏതുമില്ലാതെ അഴിഞ്ഞാടുന്നതും സ്പര്‍ശനകാമം എന്ന രതിവൈകൃതം മൂര്‍ഛിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് വിശ്വാസിനികള്‍ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പാലിക്കേണ്ട ഇടപഴകല്‍ രീതി കൃത്യമായി അല്ലാഹു പഠിപ്പിച്ചുതരുന്നു. പ്രവാചക പത്‌നിമാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കല്പനയാണെങ്കിലും എല്ലാകാലത്തും വിശ്വാസിനികള്‍ പാലിക്കേണ്ട പെരുമാറ്റ രീതിയായി ഇത് ‌നമുക്ക് വായിക്കാന്‍ സാധിക്കും.


'പ്രവാചകപത്‌നിമാരേ, സ്ത്രീകളില്‍ മറ്റ് ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കാം. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞുകൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ, നിങ്ങളില്‍ നിന്ന് മാലിന്യം നീക്കിക്കളയാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത് (33:32,33).


 

Feedback