അല്ലാഹുവിന്റെ അനുഗ്രഹമായ സന്താനലബ്ധിയില്‍ സന്തോഷം പ്രകടിപ്പിക്കുന്നതോടൊപ്പം അതിന് നാഥനോട് നന്ദിയായി നടത്തുന്ന ബലികര്‍മമാണ് അഖീഖ. നവജാത ശിശുവിന്റെ തലമുടിക്കാണ് അറബിയില്‍ അഖീഖ എന്ന് പറയുന്നത്. ഇത് നീക്കം ചെയ്യുന്നതിനോടനുബന്ധിച്ച് ബലി ആയതിനാലാണ് ആ പേര്‍ വന്നതെന്ന് അഭിപ്രായപ്പെടുന്നു. കുട്ടി ജനിച്ചതിന്റെ ഏഴാം ദിവസം ഈ ബലി നടത്താവുന്നതാണെന്ന് ഇബ്‌നുല്‍ഖയ്യിം(റ) അഭിപ്രായപ്പെടുന്നു.
നബി(സ്വ) അരുളി: 'കുട്ടിയുടെ ജനനത്തോടനുബന്ധിച്ച് ഒരു ബലിമൃഗത്തെ അറുക്കുകയും ശരീരത്തില്‍ നിന്ന് അലോസരപ്പെടുത്തുന്ന സാധനങ്ങള്‍ (മുടിപോലെ) നീക്കുകയും ചെയ്യുവിന്‍' (ബുഖാരി). അജ്ഞാനകാലത്തെ അറബികള്‍ക്ക് ബലിമൃഗത്തിന്റെ രക്തം ശിശുവിന്റെ ശിരസ്സിലും ശരീരത്തിലും പുരട്ടുന്ന സമ്പ്രദായമുണ്ടായിരുന്നു. എന്നാല്‍ നബി(സ്വ) ഇത് നിരോധിച്ചു. ആണ്‍കുട്ടിക്ക് വേണ്ടി രണ്ടാടിനെയും പെണ്‍കുട്ടിക്ക് വേണ്ടി ഒരാടിനെയും അറുക്കണമെന്ന് ഹദീസിലുണ്ട് (ദിര്‍മിദി, അഹ്മദ്). ഹസനുല്‍ബസ്വരി, ലയ്‌സ് തുടങ്ങിയവര്‍ അഖീഖ നിര്‍ബന്ധമാണെന്ന അഭിപ്രായക്കാരാണ്.
നബി(സ്വ) ഹസന്‍, ഹുസൈന്‍ എന്നീ പേരക്കുട്ടികള്‍ക്കു വേണ്ടി ഓരോ ആണാടിനെ അറുത്തുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണായാലും പെണ്ണായാലും ഒരു മൃഗത്തെ അറുത്താല്‍ മതിയെന്ന് ഇമാം മാലിക്(റ) അഭിപ്രായപ്പെടുന്നു. ആടുകളെയും മാടുകളെയും ബലിയറുക്കാം എന്നതാണ് ഈ വിഷയത്തിലുള്ള പണ്ഡിതാഭിപ്രായം.
ഉദുഹിയ്യത്തിന്റെ മൃഗത്തിന് നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ എല്ലാം അഖീഖത്തിനുള്ള മൃഗത്തിനും ബാധകമാണ്. ആടിന് ഒരു വയസ്സും പശുവര്‍ഗത്തിന് രണ്ടു വയസ്സും പൂര്‍ത്തിയാവണം. യാതൊരുവിധ വൈകല്യങ്ങളും ഇല്ലാത്തതുമായിരിക്കണം. ദരിദ്രര്‍ക്ക് ഭക്ഷണം ആവുക എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതാണ് ഉത്തമമെന്ന് ഇമാം ശാഫിഈ(റ)യും മറ്റും അഭിപ്രായപ്പെടുന്നു. എന്നാല്‍ തനിക്കും കുടുംബത്തിനും കൂട്ടുകാര്‍ക്കുമെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.
കുട്ടിയുടെ മുടിയുടെ തൂക്കത്തിന് വെളളി ദാനം ചെയ്യാന്‍ നിര്‍ദേശിക്കുന്ന ഹദീസുകള്‍ ദുര്‍ബലമാണെന്ന് ഇമാം നവവി(റ) വ്യക്തമാക്കുന്നു (ശറഹുല്‍ മുഹദ്ദബ് 8-443).