Skip to main content

പ്രസവം (5)

പ്രത്യുത്പാദനം എന്ന ജൈവികലക്ഷ്യം നിറവേറ്റുന്നതിനു കൂടിയാണ് ദാമ്പത്യവും ലൈംഗിക ബന്ധവും. പുരുഷന്‍ സ്രവിക്കുന്ന ബീജവും സ്ത്രീയുടെ അണ്ഡവും തമ്മില്‍ സംയോജിക്കുന്നതിന്നാവശ്യമായ സംവിധാനങ്ങള്‍ അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ട്. സ്രവിക്കപ്പെടുന്ന ശുക്ലത്തിലെ ബീജങ്ങളെല്ലാം അണ്ഡവുമായി സംയോജിക്കുന്നില്ല. അണ്ഡവാഹിനിക്കുഴലിന്റെ ആദ്യഭാഗത്തുവെച്ച് നടക്കുന്ന ബീജസങ്കലനത്തില്‍ ലക്ഷണമൊത്ത ഒരു ബീജം മാത്രമാണ് അണ്ഡവുമായി സംയോജിക്കുന്നത്. ബീജസങ്കലനം കഴിഞ്ഞ അണ്ഡം (സിക്താണ്ഡം) വളര്‍ന്ന് ഭ്രൂണമായിത്തീരുന്നു. ബീജസങ്കലനം കഴിഞ്ഞ് 265 ദിവസം പിന്നിടുമ്പോള്‍ ഭ്രൂണം പൂര്‍ണ വളര്‍ച്ചയെത്തുകയും മാതാവ് കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യുന്നു. ബീജസൃഷ്ടി മുതല്‍ പ്രസവം വരെയുള്ള ഘട്ടങ്ങള്‍ അതിസൂക്ഷ്മവും ആസൂത്രിതവുമായാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. 

അല്ലാഹു പറയുന്നു: 'അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. പിന്നീട് ഒരു ബീജകണത്തില്‍ നിന്ന്. പിന്നീട് നിങ്ങളെ അവന്‍ ഇണകളാക്കി. അവന്റെ അറിവോടെയല്ലാതെ ഒരുസ്ത്രീയും ഗര്‍ഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നില്ല' (35:11).

ഗര്‍ഭപാത്ര പേശികളുടെ സങ്കോചം മൂലം പ്രസവം നടക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന 300-400 മില്ലിലിറ്റര്‍ രക്തസ്രാവംകൊണ്ട് യാതൊരു പ്രയാസവും മാതാവിനുണ്ടാവുന്നില്ല. രക്തസ്രാവം അമിതമാകുമ്പോഴാണ് മാതാവിന്റെ ജീവന്‍ അപകടത്തിലാവുന്നത്.  

ഒരു സ്ത്രീയുടെ ഗര്‍ഭകാലം അത്യന്തം പ്രസായകരമായ അവസ്ഥയാണ്. മാതാപിതാക്കള്‍ക്ക് നന്ദി ചെയ്യാന്‍ അല്ലാഹു കല്പിക്കുമ്പോള്‍ ഗര്‍ഭകാലത്ത് മാതാവ് സഹിക്കുന്ന പ്രയാസങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. 'മനുഷ്യന് തന്റെ മാതാപിതാക്കളുടെകാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു. ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ, രണ്ടു വര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കുക. എന്റെ അടുത്തേക്കാണ് നിന്റെ മടക്കം' (31:14).

ഗര്‍ഭകാലത്ത് സ്ത്രീക്ക് ശരിയായ ശുശ്രൂഷയും സംരക്ഷണവും നല്‍കാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു. വിവാഹമോചനം ചെയ്ത സ്ത്രീയാണെങ്കില്‍ പോലും അവള്‍ പ്രസവിക്കുന്നതുവരെയും പ്രസവിച്ച് കുട്ടിക്ക് മുലകുടി പ്രായം കഴിയുന്നതുവരെയും ശുശ്രൂഷ നല്‍കാന്‍ അല്ലാഹു ഭര്‍ത്താവിനോട് കല്പിക്കുന്നു. 'അവര്‍ ഗര്‍ഭിണികള്‍ ആണെങ്കില്‍ അവരുടെ ഗര്‍ഭ ഭാരം അവര്‍ ഇറക്കിവെക്കുന്നതുവരെ അവര്‍ക്കുവേണ്ടി ചെലവ് ചെയ്യുവീന്‍. എന്നാല്‍ നിങ്ങളുടെ ശിശുവിന് അവര്‍ മുലകൊടുക്കുന്നുവെങ്കില്‍ അവരുടെ വേതനങ്ങള്‍ അവര്‍ക്ക് കൊടുക്കുവിന്‍' (65:6).

ദമ്പതികളുടെ ഉല്‍ക്കടമായ അഭിലാഷമാണ് ഒരു കുഞ്ഞ് ജനിച്ചു കാണുക എന്നത്. ഒരുസ്ത്രീ ഗര്‍ഭിണിയാവുന്നതും അവള്‍ കുഞ്ഞിനെ പ്രസവിക്കുന്നതുമെല്ലാം അല്ലാഹുവിന്റെ നിശ്ചയത്തിന്നനുസരിച്ചാണ്. സര്‍വാധിനാഥനായ അല്ലാഹുവിനോട് മാത്രമാണ് സദ്‌വൃത്തരായ സന്താനങ്ങള്‍ പ്രദാനം ചെയ്യാന്‍ പ്രാര്‍ഥിക്കേണ്ടത്.

മക്കയിലെ വിഗ്രഹാരാധകരായ ദമ്പതികള്‍ സുഖപ്രസവത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുമായിരുന്നു. അവരുടെ പ്രാര്‍ഥന സ്വീകരിച്ച് അല്ലാഹു അവര്‍ക്ക് സന്താനത്തെ നല്‍കിയാല്‍ നന്ദികേട് കാണിക്കുന്നവരായിരുന്നു അവര്‍. പ്രസവാനന്തരം, കുട്ടിയുണ്ടായത് ചില ദിവ്യന്മാരുടെ കഴിവാണെന്ന് വിശ്വസിക്കുകയും അങ്ങനെ അല്ലാഹുവിന് അവര്‍ പങ്കാളികളെ സങ്കല്‍പിക്കുകയും ചെയ്യും. ഒരു കുഞ്ഞിന്റെ ജനനത്തിനു മുമ്പും പിമ്പും വളരെ വ്യവസ്ഥാപിതവും ആസൂത്രിതവുമായി അതിന്റെ വളര്‍ച്ച സംവിധാനിച്ചു വെച്ചിരിക്കുന്ന അല്ലാഹു മാത്രമാണ് എല്ലാറ്റിനും കഴിവുള്ളവന്‍. അപ്പോള്‍ അവനോട് നന്ദി കാണിക്കേണ്ടതിനുപകരം നിന്ദ കാണിച്ചാല്‍ വേദനാജനകമായ ശിക്ഷ പാരത്രികഭവനത്തില്‍ ഉണ്ടായിത്തീരുമെന്ന് വിശുദ്ധ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു. സൂറതുല്‍ അഅ്‌റാഫിലെ 189, 190 സൂക്തങ്ങളില്‍ മക്കയിലെ വിഗ്രഹാരാധകരുടെ ഭാഗത്തുനിന്നുണ്ടായ നന്ദികേടിനെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ വിശ്വാസികള്‍ ഒരിക്കലും നന്ദികെട്ട ബഹുദൈവാരാധകരുടെ പാത പിന്തുടരരുതെന്ന് പഠിപ്പിക്കുകയാണ് ചെയ്യുന്നത്.

Feedback