പിറന്ന കുഞ്ഞിന് ജനനദിവസമോ തൊട്ടടുത്ത ദിവസങ്ങളിലോ അര്‍ഥവത്തും മനോഹരവുമായ പേരിടണം. ബലിമൃഗത്തെ അറുക്കുന്നില്ലെങ്കിലും പ്രസവദിവസം കുട്ടിക്ക് പേരിടാം. നല്ല പേരുകള്‍ ഇടുക എന്നത് ഒരു പിതാവിന് സന്താനങ്ങളോടുള്ള ബാധ്യതയാണ്. കാരണം ആ പേരിലാണ് കുട്ടി സമൂഹത്തില്‍ പിന്നീട് അറിയപ്പെടുന്നത്. നബി(സ്വ) പറഞ്ഞു. 'പുനരുത്ഥാന നാളില്‍ നിങ്ങള്‍ വിളിക്കപ്പെടുക നിങ്ങളുടെയും പിതാക്കളുടെയും പേരുകളിലാണ്. അതിനാല്‍ നിങ്ങളുടെ പേരുകള്‍ നല്ലതാക്കുക (അബൂദാവൂദ്).
ചീത്ത ആശയത്തെ ദ്യോതിപ്പിക്കുന്നതും ശിര്‍ക്ക്(ബഹുദൈവവിശ്വാസം)പരമായ അര്‍ഥമുള്ളതുമായ പേരുകള്‍ വര്‍ജിക്കേണ്ടതാണ് എന്ന് റസൂല്‍(സ്വ) ഉണര്‍ത്തി. അല്ലാഹു പറയുന്നു: 'സത്യവിശ്വാസത്തിനുശേഷം തിന്മയെ കുറിക്കുന്ന പേര് എത്ര ചീത്ത തന്നെയാണ് (49:11). ദുഷിച്ച പേരുകളെ മാറ്റി പുനര്‍നാമകരണം ചെയ്തിതന് ഒട്ടേറെ ഉദാഹരണങ്ങറുണ്ട്. അബൂഹുറയ്‌റ(റ) പറയുന്നു: സൈനബിന്റെ പേര് ബര്‍റ(പുണ്യവതി) എന്നായിരുന്നു. അവള്‍ സ്വയം വാഴ്ത്തുകയാണെന്ന് വിമര്‍ശിക്കപ്പെട്ടു. അപ്പോള്‍ നബി(സ്വ) അവളുടെ പേര് സൈനബ് എന്നാക്കി(ബുഖാരി). അല്ലാഹുവിന് മാത്രം ഉപയോഗിക്കുന്ന ഗുണവിശേഷങ്ങള്‍ കൊണ്ട് മനുഷ്യര്‍ക്ക് പേരിടുന്നതും നബി(സ്വ) വിലക്കിയിട്ടുണ്ട്. രാജാധിരാജന്‍ (മലികുല്‍ മുലൂക്) എന്ന അര്‍ഥം വരുന്ന പേരുകള്‍ പാടില്ലെന്ന് നബി(സ്വ) അരുളി. അബ്ദുല്‍ കഅ്ബ, അബ്ദുല്‍ ഹജര്‍, അബ്ദുല്‍ ഉസ്സാ തുടങ്ങിയവ ശിര്‍ക്ക് പരമായ ആശയങ്ങള്‍ വരുന്നതിനാല്‍ നിരോധിക്കപ്പെട്ട പേരുകളില്‍ ഉള്‍പ്പെടുന്നു.
നല്ല ആശയങ്ങളുള്ള മനോഹരമായ പേരുകളാണ് കുട്ടികളെ വിളിക്കേണ്ടത്. അല്ലാഹുവിന്റെ വിശിഷ്ടനാമങ്ങള്‍ അബ്ദു ചേര്‍ത്ത് വിളിക്കുന്നത് നല്ലതാണ്. നബി(സ്വ) പറഞ്ഞു. അബ്ദുല്ല, അബ്ദുര്‍ഹ്മാന്‍ എന്നിവയാണ് അല്ലാഹുവിന് ഇഷ്ടമുള്ള പേരുകള്‍ (മുസ്‌ലിം).
നാമകരണം ചെയ്യുന്നത് പ്രവസ ദിവസത്തിലോ, ഏഴാം നാളിലോ അതിനിടയ്‌ക്കോ ആകാവുന്നതാണ്. നബി(സ്വ) പറഞ്ഞു. ഇന്ന് എനിക്ക് ഒരു കുട്ടി പിറന്നു. എന്റെ പിതാവ് ഇബ്‌റാഹീമിന്റെ നാമമാണ് അവന്നു നല്കിയത് (മുസ്ലിം).
പേരിടുന്നതിന് പ്രത്യേകം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും പുണ്യസ്ഥലങ്ങളെന്ന സങ്കല്പത്തില്‍ മരിച്ചുപോയ മഹാത്മാക്കളെന്ന് വിശേഷിപ്പിക്കുന്നവരുടെ ഖബ്‌റുകള്‍ക്ക് അരികെ കൊണ്ടുപോയി പേരുകള്‍ വിളിക്കുന്ന സമ്പ്രദായവും ഇസ്‌ലാമിന് അന്യമാണ്.