Skip to main content

മുത്അ വിവാഹം

ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞുകൂടിയവര്‍ ഇഹത്തില്‍ മാത്രമല്ല, ശാശ്വതമായ സ്വര്‍ഗത്തിലും ഒന്നിച്ചുകഴിയേണ്ടവരാണെന്ന നിലയ്ക്ക് ആ ബന്ധത്തെ പവിത്രമായി കാത്തു സൂക്ഷിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാം മഹിതമായ ലക്ഷ്യമാണ് വിവാഹത്തിലൂടെ മുന്നില്‍ വെക്കുന്നത്. ദമ്പതിമാരുടെ കടമകളും അവകാശങ്ങളും മനസ്സിലാക്കിയാല്‍ ഇത് തിരിച്ചറിയാന്‍ സാധിക്കും.

നിശ്ചിത പ്രതിഫലം നിര്‍ണയിച്ച് നിശ്ചിതകാലം വരെയുള്ള സ്ത്രീ പുരുഷ ബന്ധമാണ് മുത്അ. ജാഹിലിയ്യാ കാലത്ത് കുറഞ്ഞ കാലത്തേക്ക് വിവാഹം ചെയ്യുന്ന രീതി നിലനിന്നിരുന്നു. നിശ്ചിതകാലത്തേക്ക് എന്നു പറഞ്ഞ് വിവാഹിതരാവുകയും കാലാവധി കഴിഞ്ഞാല്‍ പിരിഞ്ഞുപോകുകയും ചെയ്യുന്ന മുത്അ വിവാഹം എന്ന ഈ ദുസ്സമ്പ്രദായം ഇസ്‌ലാം നിഷിദ്ധമാക്കി. കച്ചവട ആവശ്യാര്‍ഥമോ മറ്റോ ഒരു പ്രദേശത്ത് എത്തിയാല്‍ കുറച്ചുകാലം അവിടെ താമസിക്കുന്നവര്‍, ആ ചുരുങ്ങിയ കാലയളവില്‍ വിവാഹം ചെയ്യുന്ന സമ്പ്രദായമായിരുന്നു ഇത്. ലൈംഗിക ആസക്തി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണ് മുത്അ വിവാഹം നടന്നിരുന്നത്. സന്താന ലബ്ധിയോ സംരക്ഷണച്ചുമതലാ ബോധമോ ഇതിന്റെ ലക്ഷ്യമേ അല്ല. അതുകൊണ്ടുതന്നെ മുത്അ വിവാഹം മതവിരുദ്ധമാണ്.

ഖയ്ബര്‍ യുദ്ധാവസരത്തിലാണ് മുത്അ വിവാഹം നിഷിദ്ധമാക്കിയെന്ന വിവരം വിളംബരം ചെയ്യാന്‍ നബി(സ്വ) സ്വഹാബിമാരോട് നിര്‍ദേശിച്ചത്. തീര്‍ത്തും മതവിരുദ്ധമായ മുത്അ വിവാഹം മക്കാ വിജയം വരെ നിലനിന്നിരുന്നു എന്നഭിപ്രായമുണ്ട്. മക്കാ വിജയത്തോടെ മുത്അ വിവാഹം എന്നെന്നേക്കുമായി നിഷിദ്ധമാക്കപ്പെട്ടു.

മുത്അ വിവാഹം അനുവദനീയമാണെന്ന് വാദിക്കുന്ന വിഭാഗമാണ് ശിആക്കളിലെ ഇമാമിയ്യ കക്ഷികള്‍. വിവാഹമോചനം ഇതിന് ബാധകമല്ലെന്നും ദമ്പതിമാര്‍ തമ്മില്‍ അനന്തരാവകാശികളാവുകയില്ല എന്നതും മുത്അ വിവാഹത്തിന്റെ പ്രത്യേകതയായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ബന്ധത്തില്‍ പിറന്ന കുട്ടിയെ പിതാവിന്റേതായി അംഗീകരിക്കുകയും അവന് മാതാപിതാക്കളുടെ സ്വത്തിന്റെ അനന്തരാവകാശം നല്‍കുകയും ചെയ്യും.

ജാഹിലിയ്യാകാലത്ത് വളരെയധികം പ്രചരിച്ചിരുന്ന പലിശയും മദ്യവുംപോലെ തന്നെ ലൈംഗികതയുടെ അനാശാസ്യതകളെയും നിഷിദ്ധമാക്കുന്നതില്‍ ഘട്ടംഘട്ടമായ നടപടിയാണ് ഇസ്‌ലാം സ്വീകരിച്ചത്. യാത്രകൡും യുദ്ധങ്ങളിലും താല്ക്കാലിക വിവാഹം നബി(സ്വ) അനുവദിച്ചുകൊടുത്തു. ഇസ്‌ലാമിലെ നിയമനിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് ആയിരുന്നു ഈ അനുവാദം. നിര്‍ബന്ധിതാവസ്ഥയില്‍ താല്ക്കാലിക വിവാഹത്തിന് അനുമതി നല്കിയെങ്കിലും പിന്നീട് നബി(സ്വ) അത് പൂര്‍ണമായും പിന്‍വലിച്ചു.

സ്ഥിരമായി ഒന്നിച്ച് ജീവിക്കുക എന്ന ഉദ്ദേശ്യത്തിലധിഷ്ഠിതമായ ബലവത്തായ ഒരു കരാറാണ് ഇസ്‌ലാമില്‍ വിവാഹം. 

Feedback