Skip to main content

വിവാഹബന്ധം മൂലം നിഷിദ്ധമാകുന്നവര്‍

ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹിതരാവുന്നതോടു കൂടി പവിത്രമായ ബന്ധത്തിനാണ് തുടക്കമിടുന്നത്. ഈ ദമ്പതിമാര്‍ തമ്മില്‍ വേര്‍പിരിഞ്ഞാലും അവര്‍ തമ്മിലുള്ള വിവാഹത്താല്‍ ഉണ്ടായിത്തീര്‍ന്ന ആ ബന്ധം നിലനില്ക്കുന്നു. വിവാഹബന്ധം കൊണ്ട് ഉണ്ടായിട്ടുള്ള ആ വിശുദ്ധി നിലനിര്‍ത്താന്‍ വേണ്ടിയാണ് പുരുഷന്‍ ഭാര്യയുടെ ചില ബന്ധുക്കളെ വിവാഹം ചെയ്യാന്‍ പാടില്ലെന്ന് അല്ലാഹു നിയമമാക്കിയിരിക്കുന്നത്.

വിവാഹ മോചനാനന്തരവും അവളെ വിവാഹം ചെയ്യാന്‍ ഭര്‍ത്താവിന്റെ ചില ബന്ധുക്കള്‍ക്ക് പാടില്ലാത്തതാണ്. പിതാവ് വിവാഹം ചെയ്ത സ്ത്രീകള്‍, പുത്രന്മാര്‍ വിവാഹം ചെയ്ത സ്ത്രീകള്‍, ഭാര്യയുടെ മാതാവ്, വളര്‍ത്തുപുത്രിമാര്‍, സഹോദരിമാരെ ഒന്നിച്ച്, ഒരു സ്ത്രീയെയും അവരുടെ പിതൃ-മാതൃ സഹോദരിയെയും ഒരുമിച്ച്, മറ്റൊരുവന്റെ ഭാര്യ എന്നിവരാണവര്‍. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ''നിങ്ങളുടെ പിതാക്കന്മാര്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്യരുത്(4:22). പിതാവും സന്താനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി അല്ലാഹു നിര്‍ദേശിച്ചിട്ടുള്ള നിയമമാണിത്. പിതാവ് മരിച്ച് അവള്‍ വിധവയായിത്തീര്‍ന്നാലും അദ്ദേഹം അവളെ വിവാഹമോചനം ചെയ്താലും പുത്രന്മാര്‍ക്ക് ആ സ്ത്രീയെ വിവാഹം ചെയ്യാന്‍ പാടില്ല.

പുത്രന്മാര്‍ വിവാഹം ചെയ്ത സ്ത്രീകളെ(4:23) വിവാഹം ചെയ്യാന്‍ പാടില്ലാത്തതാണ്. മകന്‍ മരണപ്പെട്ട് അവള്‍ വിധവയായിത്തീര്‍ന്നാലും അവന്‍ വിവാഹമോചനം ചെയ്താലും ആ സ്ത്രീയെ വിവാഹം ചെയ്യാന്‍ അവളുടെ ആദ്യഭര്‍ത്താവിന്റെ പിതാവിന് പാടില്ല. ഭാര്യയുടെ മാതാവുമായി വിവാഹബന്ധം പാടില്ലാത്തതാണ് (4:23). മകളുമായി വിവാഹബന്ധമുള്ളതിനാല്‍ അവളുടെ മാതാവുമായി വിവാഹബന്ധം നിഷിദ്ധമാണ്. അവളുമായി സംയോഗം നടക്കാതിരിക്കുകയോ ഭാര്യമരണപ്പെടുകയോ വിവാഹം ചെയ്ത ഉടനെത്തന്നെ (സംയോഗം ചെയ്യുന്നതിനു മുമ്പ്) വിവാഹമോചനം നടത്തുകയോ ചെയാതാലും അവളുടെ മാതാവിനെ വിവാഹം ചെയ്യാന്‍ പാടില്ല. 

വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട മറ്റൊരു വിഭാഗമാണ് വളര്‍ത്തുപുത്രിമാര്‍. അല്ലാഹു പറയുന്നു: ''നിങ്ങള്‍ ലൈംഗിക ബന്ധം സ്ഥാപിച്ച നിങ്ങളുടെ ഭാര്യമാരില്‍ നിന്നുള്ളവരും നിങ്ങളുടെ സംരക്ഷണത്തിലുള്ളവരുമായ വളര്‍ത്തുപുത്രിമാരും നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (4:23). പുരുഷന്‍ വിവാഹം ചെയ്ത സ്ത്രീയുടെ ആദ്യവിവാഹത്തില്‍ അവള്‍ക്ക് മറ്റൊരു ഭര്‍ത്താവില്‍ പെണ്‍കുട്ടികള്‍ ജനിച്ചിട്ടുണ്ടെങ്കില്‍ ആ പെണ്‍കുട്ടികളെ -ഭാര്യയെ വിവാഹമോചനം ചെയ്താലും- ഇപ്പോഴുള്ള ഭര്‍ത്താവിന് വിവാഹം ചെയ്യാന്‍ പാടില്ല. എന്നാല്‍ ഭാര്യയുമായി ലൈംഗികബന്ധം സ്ഥാപിക്കുന്നതിനു മുമ്പുതന്നെ വിവാഹമോചനം ചെയ്താല്‍ അവളുടെ പെണ്‍മക്കളെ വിവാഹംചെയ്യുന്നതിന് വിരോധമില്ല. 

രണ്ട് സഹോദരിമാര്‍ ഒരേ സമയത്ത് ഒരാളുടെ ഭാര്യമാരാകുന്നതിന് അനുവാദമില്ല. ഭാര്യ മരിക്കുകയോ വിവാഹമോചിതയാകുകയോ ആയിട്ടുണ്ടെങ്കില്‍ അവരുടെ സഹോദരിയെ വിവാഹം ചെയ്യുന്നതിന് വിരോധമില്ല. രണ്ട് സഹോദരിമാരെ വിവാഹം കഴിക്കരുതെന്ന് നിരോധം സോപാധികമാണെന്നര്‍ഥം. ഒരു സ്ത്രീയെയും അവളുടെ പിതൃസഹോദരി, മാതൃസഹോദരി എന്നിവരില്‍ ആരെങ്കിലുമൊരാളെയും ഒരേ സന്ദര്‍ഭത്തില്‍ വിവാഹം ചെയ്യുന്നത് ഇസ്‌ലാം നിരോധിക്കുന്നു.  

വിശുദ്ധ ഖുര്‍ആനില്‍ ഈ വിഭാഗം സ്ത്രീകള്‍ നിഷിദ്ധമാണെന്ന് പ്രസ്താവിക്കുന്നില്ല. എന്നാല്‍ നബി(സ്വ) പറയുന്നു. ഒരു സ്ത്രീയെയും അവളുടെ പിതൃസഹോദരി, മാതൃസഹോദരി എന്നിവരെയും ഒരുമിച്ചു കൂട്ടുവാന്‍ (ഒരേ അവസരത്തില്‍ വിവാഹം ചെയ്യാന്‍) പാടില്ല. (ബുഖാരി, മുസ്‌ലിം).

ഒരാളുടെ ഭാര്യയായി കഴിയുന്നവളെയും വിവാഹം ചെയ്യുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു.''(മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍(അടിമസ്ത്രീകള്‍) ഒഴികെ. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ നിയമമത്രെ അത്. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം(മഹ്‌റായി) നല്‍കിക്കൊണ്ട് നിങ്ങള്‍ (വിവാഹബന്ധം) തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു'' (4:24).
 

Feedback