Skip to main content

ചടങ്ങ് വിവാഹം

വധൂവരന്മാര്‍ പരപ്രേരണകൂടാതെ പരസ്പരം തൃപ്തിപ്പെട്ടും മനസ്സിലാക്കിയുമാണ് വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തേണ്ടത്. സമാധാനപൂര്‍ണമായ ജീവിതം സന്തുഷ്ടമായ കുടുംബത്തിലൂടെ സാധ്യമാക്കുക എന്നതാണ് അവരിരുവരും ആഗ്രഹിക്കേണ്ടത്. അതിനു വേണ്ടിയുള്ള പ്രാര്‍ഥന വിവാഹസന്ദര്‍ഭത്തില്‍ ദമ്പതിമാര്‍ക്കുള്ള സ്‌നേഹസമ്മാനമായി അവിടെ സാക്ഷികളായവര്‍ നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിവാഹമെന്ന കര്‍മത്തിന്റെ പവിത്രത ഇല്ലാതാക്കുന്ന ചടങ്ങ് വിവാഹം(സിവാജുല്‍ ഹലീല്‍) തീര്‍ത്തും അനിസ്‌ലാമികമാണ്.

അനിവാര്യമായ സന്ദര്‍ഭത്തില്‍ ഒരാള്‍ക്ക് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ അനുവാദമുണ്ട്. നിര്‍ണിത കാലത്തിനുശേഷം (ഇദ്ദ) രണ്ടുപേര്‍ക്കും താല്പര്യമുണ്ടെങ്കില്‍ വീണ്ടും വിവാഹിതരാകാം. ഇദ്ദകാലത്തിനുള്ളില്‍ വിവാഹം കൂടാതെ തന്നെ അവര്‍ക്ക് ദാമ്പത്യത്തിലേക്കു മടങ്ങാവുന്നതാണ്. ഇവര്‍ രണ്ടാമതും വിവാഹമോചിതരാവുകയും വീണ്ടും വിവാഹിതരാകണമെന്ന് ആഗ്രഹിക്കുകയും ചെയ്താലും അങ്ങനെ ആകാം. എന്നാല്‍ മൂന്നാം തവണ വിവാഹമോചനം ചെയ്താല്‍ പിന്നെ ഇവര്‍ക്കു തമ്മില്‍ സാധാരണ നിലയില്‍ വിവാഹിതാരാകാന്‍ കഴിയില്ല. ഇങ്ങനെ മൂന്നുതവണ വിവാഹമോചനം ചെയ്താല്‍ അവന്ന് അവളെ വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരാള്‍ അവളെ വിവാഹം ചെയ്ത്  അവള്‍ വിവാഹമോചിതയാകണം. ഇത് സാധാരണപോലെ നടക്കേണ്ട വിവാഹവും വിവാഹ മോചനവുമാണ്. ഇതാണ് ഇസ്‌ലാമിലെ വ്യവസ്ഥ. എന്നാല്‍ തന്നെ മൂന്നു തവണ വിവാഹമോചനം ചെയ്ത ആദ്യപുരുഷന് തന്നെ ഇവളെ വിവാഹം കഴിക്കാന്‍ വേണ്ടി,  ഉടനെത്തന്നെ വിവാഹമോചനം ചെയ്യാമെന്ന വ്യവസ്ഥയില്‍ മറ്റൊരാളെക്കൊണ്ട് കൃത്രിമമായി വിവാഹം ചെയ്യിക്കുന്ന രീതിയാണ് ചടങ്ങുവിവാഹം. ഈ കുറുക്കുവഴി വിവാഹം നിഷിദ്ധമാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ചടങ്ങുനില്ക്കുന്നവനെയും നിര്‍ത്തുന്നവനെയും അല്ലാഹുവിന്റെ റസൂല്‍(സ്വ) ശപിച്ചിരിക്കുന്നു'' (സ്വഹീഹുത്തിര്‍മിദി 1146).

സ്വാഭാവികരീതിയിലുള്ള വേര്‍പിരിയല്‍ നടന്നശേഷം ആദ്യഭര്‍ത്താവിന് ഒരിക്കല്‍ വിവാഹമോചനം ചെയ്തവളെ പുനര്‍വിവാഹം ചെയ്യുന്നതിന് തെറ്റില്ല. വൈവാഹിക ജീവിതം ഉദ്ദേശിച്ചുകൊണ്ട് ഒരാള്‍ വിവാഹം ചെയ്തശേഷം അയാള്‍ക്ക് അവളുമായി യോജിച്ചുപോവുക സാധ്യമല്ലാതെ വന്നാല്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട് അവളെ മോചിതയാക്കാം. രണ്ടാമത് വിവാഹം ചെയ്ത വ്യക്തിയുമായി ശാരീരികബന്ധം പുലര്‍ത്തിയ ശേഷമായിരിക്കണം വിവാഹമോചനം നടക്കേണ്ടത്.

അല്ലാഹു പറയുന്നു: 'ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിനുശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമല്ല. അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നതുവരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികള്‍ അവരിരുവരും പാലിക്കുമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍'' (2:230).
 

Feedback