പ്രതിഭാധനത്വം ദൈവിക അനുഗ്രഹമാണ്; പ്രതിജനഭിന്നവും. തന്റെ ഏതു സിദ്ധിയും നന്മയുടെ മാര്‍ഗത്തില്‍ വിനിയോഗിക്കുക, കഴിയുമെങ്കില്‍ ആദര്‍ശ പ്രചാരണത്തിനു ഉപയുക്തമാക്കുക എന്നത് വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്. സാഹിത്യാഭിരുചി ഇത്തരത്തിലുള്ള സിദ്ധികളിലൊന്നാണ്. സോദ്ദേശ്യ സാഹിത്യവും സര്‍ഗസാഹിത്യവും സമൂഹനന്മയ്ക്കു വേണ്ടി വിനിയോഗിച്ച അനേകം സാഹിത്യകാരന്മാര്‍ മുസ്‌ലിം സമൂഹത്തിലുണ്ടായിട്ടുണ്ട്. കവികള്‍, കഥാകാരന്മാര്‍, ചരിത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം സാഹിത്യ സിദ്ധിയുടെ വിവിധ തലങ്ങളിലുള്ളവരാണ്. ഈ രംഗങ്ങളില്‍ പ്രശസ്തരായവരും സമൂഹത്തിന് വലിയ സംഭാവന അര്‍പ്പിച്ചവരുമായ അനേകം മുസ്‌ലിം പ്രതിഭാശാലികള്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഉണ്ട്.