പൂര്‍വികന്മാര്‍ ഉപേക്ഷിച്ചുപോയതോ പിന്‍ഗാമികള്‍ക്കു വേണ്ടി രഹസ്യമായി സൂക്ഷിച്ചുവെച്ചതോ ആയ വസ്തുക്കളില്‍ നിന്ന് അപ്രതീക്ഷിതമായി കണ്ടുകിട്ടുന്ന മൂല്യമുള്ള സാധനങ്ങളാണ് നിധി എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഒരാള്‍ക്ക് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നോ വസ്തുക്കളില്‍ നിന്നോ ഇത്തരം വസ്തുക്കള്‍ കിട്ടിയാല്‍ ഇരുപതു ശതമാനം സകാത്ത് നല്കണം. മറ്റൊരാളുടെ ഉടമയിലുള്ള സ്ഥലത്തുനിന്നോ വസ്തുവില്‍ നിന്നോ ആണ് നിധി ലഭിച്ചതെങ്കില്‍ അത് നികുതി കിഴിച്ച് ബാക്കി അയാള്‍ക്ക് നല്‌കേണ്ടതാണ്. പൊതു സ്ഥലത്തുനിന്നു ലഭിച്ചത് പൂര്‍ണമായും സര്‍ക്കാരിന് അവകാശപ്പെട്ടതാണ്.
ഖനിജങ്ങളായ ഇന്ധനങ്ങള്‍, ലോഹങ്ങള്‍ എന്നിവക്ക് അഞ്ചിലൊന്ന് സകാത്ത് കൊടുക്കണം. എന്നാല്‍ മുത്ത്, പവിഴം പോലെ സമുദ്രത്തില്‍ നിന്ന് ലഭിക്കുന്നതിന് സകാത്തില്ല. ഇതേ പോലെ ഉടമപ്പെടുത്തുന്നവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
ഖനികളും ഖനിജങ്ങളും സ്വകാര്യസ്വത്തായാല്‍ സാമ്പത്തിക അസമത്വം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നതിനാലും പൊതു സമൂഹത്തിന് ലഭിക്കേണ്ട വസ്തു ചില വ്യക്തികളില്‍ പരിമിതമായി പോകുമെന്നതിനാലും അത് സ്വകാര്യസ്വത്താക്കാതെ രാഷ്ട്രത്തിന്റെ പൊതു ഉടമസ്ഥതയിലാണ് വേണ്ടത് എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. ഉപ്പു തടാകം പാട്ടത്തിനെടുത്ത വ്യക്തിയില്‍ നിന്ന് നബി(സ്വ) അത് തിരിച്ചെടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്).