Skip to main content

കണ്ടുകിട്ടിയ വസ്തു

അസാധാരണ സാഹചര്യത്തിലും സ്ഥലത്തും ഉടമയില്ലാത്ത  നിലയില്‍ കാണപ്പെടുന്ന വ്യക്തിയോ വസ്തുവോ ആണ് കളഞ്ഞുകിട്ടിയത്, വീണുകിട്ടിയത് എന്നീ സംജ്ഞകളില്‍ ഉള്‍പ്പെടുന്നത്. സമൂഹ നന്മ, പരോപകാരം എന്നീ നിലകളില്‍ ഇങ്ങനെ കാണപ്പെടുന്നവ എടുക്കുന്നത് നല്ലതാണ്. സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെയാവണം. അത് അവിടെ തന്നെ ഉപേക്ഷിച്ചാല്‍ നശിച്ചുപോവുകയോ മറ്റുള്ളവര്‍ കൈക്കലാക്കുകയോ ഉടമ കാണാത്തവിധം അകന്നുപോവുകയോ  ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത് എടുക്കല്‍ നിര്‍ബന്ധമാണ്. ഉപകാരപ്രദമായ ഒന്നും ബോധപൂര്‍വം നാശത്തിനു വിട്ടുകൊടുക്കാന്‍ പാടില്ലെന്നതാണ് ഇതിന്റെ തത്ത്വം.

കുട്ടികള്‍, ബുദ്ധി നഷ്ടപ്പെട്ടവര്‍, മനോരോഗികള്‍ എന്നിവരെ കണ്ടെത്തിയാല്‍ കണ്ടെത്തിയ വ്യക്തിക്ക് അവരെ പുണ്യം പ്രതീക്ഷിച്ച് സംരക്ഷിക്കാവുന്നതാണ്. അയാള്‍ക്കതിനുള്ള സാമ്പത്തിക ശേഷിയും സൗകര്യവുമില്ലെങ്കില്‍ സര്‍ക്കാരിന് ഏല്പിച്ചു കൊടുക്കുകയോ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാരോ മറ്റു ശേഷിയുള്ളവരോ അയാളെ സഹായിക്കുകയോ വേണം.  കുറ്റവാളിയോ നല്ല സംസ്‌കാരമില്ലാത്തവനോ ആണ് ഇവരെ കണ്ടെത്തിയത് എങ്കില്‍ ഇവര്‍ ദുരപയോഗപ്പെടുത്തപ്പെടുകയോ ചീത്ത സംസ്‌കാരം പഠിപ്പിക്കപ്പെടുകയോ ചെയ്യാമെന്നതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കേണ്ടതാണ്.  ഇവരുടെ രക്ഷിതാക്കള്‍ വന്നാല്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ തിരിച്ചേല്പിക്കേണ്ടതാണ്. ഒന്നിലേറെ പേര്‍ അവകാശവാദമുന്നയിച്ചാല്‍ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാവിനെ തീരുമാനിക്കേണ്ടതാണ്. ഇത്തരം വ്യക്തികള്‍ അനന്തരസ്വത്ത് വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവരെ കണ്ടെത്തിയവന്‍ അതിന്റെ അവകാശിയാവുകയില്ല. അവര്‍ക്ക് നിശ്ചിത അനന്തരാവകാശികളില്ലെങ്കില്‍ അത് സര്‍ക്കാരിലേക്ക് നല്കണം.

ഇങ്ങനെ കളഞ്ഞു കിട്ടുന്നത് ജീവികളോ മറ്റുവസ്തുക്കളോ ആണെങ്കില്‍ അവയുടെ തരം, ഇനം, രൂപം, അളവ്, പൊതി തുടങ്ങി തിരിച്ചറിയാനും മൂല്യനിര്‍ണയം നടത്താനും പറ്റിയ കാര്യങ്ങളെല്ലാം മനസ്സിലാക്കിവെക്കണം. ശേഷം തനിക്ക് കഴിയാവുന്ന വിധത്തില്‍ ഉടമയെ കണ്ടെത്താനായി ആത്മാര്‍ഥമായി അന്വേഷിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുക (ബുഖാരി 2436). 

ഇതിനിടയില്‍ തന്റേതല്ലാത്ത കാരണത്താല്‍ അതു നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്താല്‍ കണ്ടെടുത്തവന് ഉത്തരവാദിത്വമില്ല. ഈ കാലയളവില്‍ അതിന്റെ സൂക്ഷിപ്പിനും മറ്റുമായി വന്നചെലവുകള്‍ ഉടമയില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്. ഒരു വര്‍ഷം വരെ കാത്തിരുന്നിട്ടും ഉടമയെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വന്തമായി ഉപയോഗിക്കുകയോ ദാനമായി നല്കുകയോ ചെയ്യാം (ബുഖാരി). അതിനുഷേശം ഉടമ വന്നാല്‍ തിരിച്ചുകൊടുക്കാനോ പകരം കൊടുക്കാനോ ബാധ്യതയില്ല. അങ്ങാടികളില്‍ നിന്നോ വഴികളില്‍ നിന്നോ ലഭിക്കുന്ന നിസ്സാരവസ്തുക്കള്‍ ഇങ്ങനെ ഒരു വര്‍ഷം വരെ പരസ്യപ്പെടുത്തേണ്ടതില്ല. ഉടമ അന്വേഷിച്ചേക്കാനിടയുള്ളവ ഏതാനും ദിവസം പരസ്യപ്പെടുത്തിയതിനു ശേഷം സ്വയം ഉപയോഗിക്കുകയോ ദാനമായി നല്കുകയോ ചെയ്യാവുന്നതാണ്. വിജനമായ സ്ഥലത്തു നിന്ന് കണ്ടെത്തുന്ന വിലപിടിച്ച വസ്തുക്കള്‍ക്ക് ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിധിയായി പരിഗണിച്ച് അഞ്ചിലൊന്ന് സകാത്തായി നല്കി ബാക്കി അയാള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

എന്നാല്‍ പെട്ടെന്നു നശിച്ചുപോകുന്ന ഭക്ഷ്യവസ്തുക്കളാണെങ്കില്‍ അത് പരസ്യപ്പെടുത്തുകയോ കാത്തിരിക്കുകയോ വേണ്ടതില്ല. ഉപയോഗിക്കാവുന്നതാണ് (ബുഖാരി 2431). റോഡില്‍ വീണു കിടക്കുന്ന പഴം അടുത്ത പറമ്പിലെ മരത്തില്‍ നിന്നുള്ളതാണെന്നും ഉടമക്കത് ലഭിക്കുമെന്നും ഉറപ്പുണ്ടെങ്കില്‍ അത് എടുക്കാന്‍ പാടില്ല. 

ആട്, മുയല്‍ പോലുള്ള ചെറുമൃഗങ്ങളെയാണ് ലഭിക്കുന്നതെങ്കിലും ഇതുപോലെ പരസ്യപ്പെടുത്തി സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്യാവുന്നതാണ്. ശേഷം ഉടമ വന്നാല്‍  ചെലവു കഴിച്ച് മുതല്‍ തിരിച്ചുകൊടുക്കണം (ബുഖാരി 5292). 

ഒട്ടകം പോലെ വൈകിയാലും തെരഞ്ഞു നടന്ന് അപകടമില്ലാതെ യജമാനനെ കണ്ടെത്തുന്ന മൃഗങ്ങളാണെങ്കില്‍ അവയെ സ്വതന്ത്രമായി വിട്ടേക്കാവുന്നതാണ് (ബുഖാരി 2436). അപകടപ്പെടുന്ന സാഹചര്യത്തില്‍ അവയെയും ഏറ്റെടുക്കണം. 

ഹറമില്‍ കണ്ടുകിട്ടുന്ന വസ്തുക്കള്‍ പരസ്യപ്പെടുത്താനല്ലാതെ എടുക്കാന്‍ പാടില്ലെന്ന് നബി(സ്വ) പ്രത്യേകം വിലക്കിയിട്ടുണ്ട്. നാം സൂക്ഷിച്ച വസ്തുവിന്റെ പ്രയോജനങ്ങളില്‍ നിന്ന് സൂക്ഷിപ്പ് ചെലവിനുള്ളതും അധ്വാനത്തിനു തുല്യമായതും എടുക്കാവുന്നതാണ്. കണ്ടുകിട്ടിയ വസ്തു തിരിച്ചേല്‍പിക്കുമ്പോള്‍ ഉടമ സംതൃപ്തിയോടെ നല്കുന്ന ഇനാമുകള്‍ സ്വീകരിക്കാവുന്നതാണ്. 

ഇന്നത്തെ കാലത്ത് ഇവയെല്ലാം സൂക്ഷിക്കാനും സംരക്ഷിക്കാനും ഉടമകളിലേക്ക് തിരിച്ചെത്തിക്കാനുമെല്ലാം സര്‍ക്കാര്‍ തലത്തിലും അല്ലാതെയും ഏറെ സൗകര്യങ്ങളുള്ള സ്ഥിതിക്ക് അത്തരം കേന്ദ്രങ്ങളിലെത്തിച്ചാലും നമ്മുടെ ഉത്തരവാദിത്തം അവസാനിക്കും. ബോധപൂര്‍വമല്ലെങ്കിലും മറ്റുള്ളവരുടെ സ്വത്ത്, കാരക്കക്കുരുവിന്റെ പാടയും അളവിലെങ്കിലും സ്വയം അനുഭവിക്കാതിരിക്കലാണ് ഉത്തമം എന്ന ബോധത്തോടെ വേണം ഇതെല്ലാം കൈകാര്യം ചെയ്യാന്‍.

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446