Skip to main content

കടവും വായ്പയും

മനുഷ്യരുടെ സാമൂഹിക ജീവിതത്തിലെ അനിവാര്യതകളിലൊന്നാണ് കടം. ഇത് സമ്പന്നര്‍ക്കും ദരിദ്രര്‍ക്കുമെല്ലാം ചില സന്ദര്‍ഭങ്ങളില്‍ ആവശ്യമായി വരും. ഇസ്‌ലാം ഈ മനുഷ്യപ്രകൃതി മനസ്സിലാക്കുന്നു. മനുഷ്യന്റെ ജീവിത പ്രയാസങ്ങളില്‍ ലഘൂകരണം ഇസ്‌ലാമിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇക്കാരണങ്ങളാല്‍ തന്നെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍  പണവും ചരക്കും സേവനവുമെല്ലാം കടമായി വാങ്ങാന്‍ ഇസ്‌ലാം അനുമതി നല്കുന്നുണ്ട്. അതുപോലെ ഈ ആവശ്യം പൊതു സാമൂഹിക ജീവിതത്തിന്റെ അനിവാര്യതയായതിനാല്‍ മതപരമോ വര്‍ഗപരമോ ലിംഗപരമോ ആയ വിവേചനങ്ങളില്ലാതെ ഇതില്‍ സഹകരിക്കാന്‍ ഇസ്‌ലാം അനുമതി നല്കുന്നു.  

ശേഷിയുള്ളവര്‍ കടം നല്കണമെന്ന് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. രണ്ടുവട്ടം കടംകൊടുത്താല്‍ ഒരു വട്ടം ദാനം ചെയ്തതുപോലെ പുണ്യമുണ്ടെന്നും, ഒരു മനുഷ്യന്റെ ഈ ലോകത്തെ പ്രയാസം ദൂരീകരിച്ചാല്‍ അയാളുടെ പാരത്രിക പ്രയാസം അല്ലാഹു ദൂരീകരിക്കുമെന്നും നബി(സ്വ) പഠിപ്പിക്കുന്നു. അതിനാല്‍ കടം നല്കുന്നത് പുണ്യവും അത് സ്വീകരിക്കുന്നത് അനുവദനീയവുമാണ്. എന്നാല്‍ അനിവാര്യ സന്ദര്‍ഭങ്ങളിലേ കടം വാങ്ങാവൂ. കാരണം അത് വലിയ ഉത്തരവാദിത്തമാണെന്നും കടം വീട്ടാന്‍ കഴിയാതെ മരണപ്പെട്ടാല്‍ ബാധ്യതയില്‍ നിന്നൊഴിയാത്ത കുറ്റക്കാരനായി മാറുമെന്നും നബി(സ്വ) താക്കീതുചെയ്യുന്നു. പരേതന്റെ ബന്ധുക്കളുടെ ആദ്യചുമതല അയാളുടെ അനന്തരാവകാശ സ്വത്തില്‍ നിന്ന് കടം വീട്ടുകയാണെന്നും ശേഷമുള്ള മിച്ചത്തിലേ വസ്വിയ്യത്തിനും അനന്തരാവകാശത്തിനും നിലനില്പുള്ളൂ എന്നും ഖുര്‍ആന്‍ പലയാവര്‍ത്തി ഉണര്‍ത്തുന്നു.

 
കടം വാങ്ങിയവന്ന് അത് വീട്ടാനുള്ള ശേഷിയില്ലെങ്കില്‍ അനന്തരാവകാശികള്‍ തങ്ങളുടെ സ്വത്തില്‍ നിന്നെങ്കിലും അതു വീട്ടിയിരിക്കണം. അല്ലാത്തപക്ഷം അയാള്‍ക്കുവേണ്ടി മയ്യിത്ത് നമസ്‌കാരംപോലും ഫലപ്രദമാകില്ല. ഈ നിഷ്‌കര്‍ഷ അനിവാര്യതിയിലേ കടം വാങ്ങാവൂ എന്ന് പഠിപ്പിക്കാനും കടം നല്കുന്നവന്ന് തന്റെ സ്വത്ത് തിരിച്ചുകിട്ടുമെന്ന ഉറപ്പു നല്കാനുമാണ്. ഈ രൂപത്തില്‍ കടം തീരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ആ കടം ഏറ്റെടുത്ത് ഉത്തമര്‍ണന് നല്കണമെന്നതാണ് ഇസ്‌ലാമിക വ്യവസ്ഥ. അവധിയെത്തിയിട്ടും ശേഷിയുണ്ടായിരിക്കെ കടം നീട്ടിക്കൊണ്ടു പോകുന്നത് പാപമാണെന്ന് നബി(സ്വ) അധമര്‍ണനെ താക്കീതുചെയ്യുമ്പോള്‍ ശേഷിയില്ലാത്തവര്‍ക്ക് സമയം നീട്ടികൊടുക്കുകയോ വിട്ടുകൊടുക്കുകയോ ചെയ്യുന്നത് മഹാപുണ്യമാണെന്ന് ഉത്തമര്‍ണനെ ഖുര്‍ആന്‍ ഉപദേശിക്കുന്നു. ''ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍'' (2:280).

ആധുനിക സാമ്പത്തിക വ്യവസ്ഥിതിയുടെ അതിപ്രധാനമായ അവലംബമായി കടം മാറുകയും ആര്‍ത്തിക്കാരായ മനുഷ്യര്‍ അതിനെ ചൂഷണോപാധിയാക്കുകയും ചെയ്തതോടെ സമൂഹത്തില്‍ ദരിദ്രരുടെ എണ്ണം വര്‍ധിക്കുകയും ധനിക ദരിദ്ര അകലം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഈ അപചയത്തിന് തടയിടാന്‍ ഭൗതിക സാമ്പത്തിക നിയമങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നു മാത്രമല്ല അവ പലപ്പോഴും ഉത്തമര്‍ണരുടെ അന്യായമായ കൈയേറ്റങ്ങള്‍ക്ക് സഹായകമാവുകയും ചെയ്യുന്നു. എന്നാല്‍ സുദൃഢവും സുരക്ഷിതവുമായ സാമ്പത്തിക നിലനില്‍പിന് എന്നും ഭീഷണിയായ ഈ ഉപാധിയെ അമിതമായും അഹിതമായും ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കാന്‍ ഇസ്‌ലാമിന് സാധിക്കുന്നുണ്ട്. ഭൗതികമായ നിയമങ്ങളും ശിക്ഷകളും എന്നതിനപ്പുറം ദൈവികമായ വ്യവസ്ഥകളും ആത്മീയ ബോധവുമാണ് ഇസ്‌ലാം ഇതിന് അടിസ്ഥാനമാക്കുന്നത്. വിശുദ്ധഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തവും തൊട്ടടുത്ത വചനവും  കടത്തെക്കുറിച്ച കൃത്യമായ നിയമങ്ങള്‍ വിശദീകരിക്കുന്നതാണ് (2:282,283). കടം കൃത്യമായി രേഖപ്പെടുത്തണം, വാക്യം പറഞ്ഞു കൊടുക്കേണ്ടത് അധമര്‍ണനാണ്, സാക്ഷികള്‍ വേണമെന്നുമെല്ലാം ഈ വാക്യം വിശദീകരിക്കുന്നുണ്ട്. (കടം ഇസ്‌ലാമിക വ്യവസ്ഥകള്‍ എന്ന ലിങ്കുകള്‍ കാണുക) 

കടത്തെ ഇസ്‌ലാം ഇത്രത്തോളം ഗൗരവപൂര്‍വം കാണുമ്പോഴും മുസ്‌ലിംകള്‍ ഇതിനെ വളരെ നിസ്സാരമായി പരിഗണിക്കുന്നതാണ് സമകാലിക യാഥാര്‍ഥ്യം. പൊങ്ങച്ചത്തിനും ആഡംബരത്തിനും ധൂര്‍ത്തിനുമെല്ലാമായി അവര്‍ കടത്തില്‍ മുങ്ങിയിരിക്കുന്നു. മുസ്‌ലിമിന് സമാധാനവും പുണ്യവുമാകേണ്ട വീടും വാഹനവും വിവാഹവുമെല്ലാം കടത്തിന്റെ ഭയാശങ്കകളിലാണ്. യാതൊരു വിവേചനവും കുറ്റബോധവും മടിയുമില്ലാതെ അന്യായങ്ങള്‍ക്കുവേണ്ടി കടം വാങ്ങിക്കൂട്ടി നിരപരാധികളായ അനന്തരാവകാശികളെപ്പോലും അപമാനിതരും കുറ്റക്കാരുമാക്കുകയാണ് അവര്‍ ചെയ്യുന്നത്.

അന്യായ കടങ്ങളില്‍ കുടുങ്ങി കുടുംബമൊത്ത് ആത്മഹത്യചെയ്താല്‍ ബാഹ്യമായി രക്ഷപ്പെട്ടുവെന്നു പറയാമെങ്കിലും ഈ ലോകവും പരലോകവും നഷ്ടപ്പെടുകയല്ലാതെ അല്ലാഹുവില്‍ നിന്നോ ആളുകളില്‍ നിന്നോ ഇവര്‍ക്ക് യാതൊരുവിധ ഇളവും ലഭിക്കില്ല. ഇന്‍സ്റ്റാള്‍മെന്റും ഹയര്‍പര്‍ചെയ്‌സുമെല്ലാം ഉപയോഗപ്പെടുത്തി നീണ്ട അവധിക്ക് അത്യാവശ്യമല്ലാത്ത സൗകര്യങ്ങള്‍ കടമായി ആസ്വദിക്കുമ്പോള്‍ പരലോകം വിസ്മൃതിയിലാവുകയാണ്. ഉമവീ ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) തന്റെ കുട്ടിയുടെ ചിരകാലാഭിലാഷ പൂര്‍ത്തീകരണമായി ഒരു വസ്ത്രം വാങ്ങാന്‍ ബൈതുല്‍ മാലില്‍ നിന്ന് തന്റെ അടുത്തമാസത്തെ ശമ്പളം മുന്‍കൂര്‍ വാങ്ങാന്‍ ആഗ്രഹിച്ചു. 'താങ്കള്‍ അതിനു മുമ്പ് മരിച്ചുപോയാലോ' എന്ന ഖജാന സൂക്ഷിപ്പുകാരന്റെ ചോദ്യത്തോടെ കരഞ്ഞു തിരിച്ചുവരികയായിരുന്നു അദ്ദേഹം. ഇതാണ് നമ്മുടെ പൂര്‍വികര്‍. മയ്യിത്ത് നമസ്‌കാരത്തിനു വെക്കുമ്പോള്‍ ഇയാളുടെ കടം  ഇന്ന ആള്‍ ഏറ്റെടുത്തിരിക്കുന്നു എന്നു പറയുന്നത്, താല്‍കാലിക കണ്ണില്‍പൊടിയിടല്‍ മാത്രമാണ്. ഇതിന് ഇസ്‌ലാമികമായി യാതൊരു പരിഗണനയുമില്ല. അവര്‍ ആത്മാര്‍ഥമായി അത് ഏറ്റെടുത്താലും ഇല്ലെങ്കിലും അനാവശ്യമായി ഉണ്ടാക്കിയതും രേഖപ്പെടുത്തിയിട്ടില്ലാത്തതുമൊക്കെയായ കടങ്ങളുടെ ബാധ്യതയില്‍ നിന്ന് ആത്മാവ് രക്ഷപ്പെടുന്നില്ലെന്നതാണ് ഇസ്‌ലാമിക പാഠം.  

കടങ്ങള്‍ അല്ലാഹു മാഹപാപങ്ങളില്‍ ഉള്‍പെടുത്തിയ പലിശയുമായി ബന്ധപ്പെട്ടതു കൂടിയാകുമ്പോള്‍ ശിക്ഷ ഇരട്ടിക്കുകയാണ്. ആവശ്യമില്ലാതെ പലിശ വിപണിയെ സഹായിച്ചതിനും പലിശ നല്കിയതിനും നാം കുറ്റക്കാരാകുമ്പോള്‍ എന്തെല്ലാമോ ബാധ്യതയുടെ പേരില്‍ നമുക്ക് വേണ്ടി സാക്ഷി നിന്നവരും ജാമ്യക്കാരും രേഖകള്‍ ശരിയാക്കി സഹായിച്ചു തന്നവരുമെല്ലാം ദൈവികകോടതിയില്‍ പ്രതികളാക്കപ്പെടുകയാണ് എന്നത് അതിലേറെ ഗുരുതരമാണ്. (ഫിഖ്ഹുസ്സുന്ന /സയ്യിദ് സാബിഖ്)

 

Feedback