Skip to main content

വസ്വിയ്യത്ത്

ചേര്‍ക്കുക എന്നാണ് വസ്വിയ്യത്തിന്റെ ഭാഷാര്‍ഥം. മരണശേഷം തന്റെ സ്വത്തിന്റെ നിശ്ചിത ഓഹരി പ്രത്യേക വ്യക്തികള്‍ക്കോ വിഷയങ്ങള്‍ക്കോ നല്കാന്‍ വേണ്ടിയുള്ള കരാറാണ് വസ്വിയ്യത്ത്. തന്റെ മരണാനന്തരം തനിക്കും താനുമായി ബന്ധപ്പെട്ടവര്‍ക്കും നന്മക്കു വേണ്ടിയുള്ള ഉപദേശനിര്‍ദേശങ്ങളും വസ്വിയ്യതിന്റെ പരിധിയില്‍ വരുന്നുണ്ട്. ബുദ്ധി, വിവേകം, പ്രായപൂര്‍ത്തി, സ്വാതന്ത്ര്യം പോലെ ഇടപാടുകള്‍ അനുവദനീയമാകാനുള്ള നിബന്ധനകള്‍ പൂര്‍ത്തീകരിച്ച വ്യക്തിക്ക്, എഴുത്തോ വാക്കോ പ്രവര്‍ത്തിയോ മുഖേനെ വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. സമ്പാദ്യവും വസ്വിയ്യത്ത് നിര്‍ബന്ധമായ ആളുകളുണ്ടെങ്കില്‍ വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്. അത് ചെയ്യാതെ മരണപ്പെട്ടാല്‍ അയാള്‍ കുറ്റക്കാരനാകുമെന്നതില്‍ അഭിപ്രായവ്യത്യാസമില്ല. വിശുദ്ധഖുര്‍ആന്‍ ഇതാണ് സൂചിപ്പിക്കുന്നത്. ''നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്'' (2:180).

നബി(സ്വ)പറഞ്ഞു: ഒരു മുസ്‌ലിമിന് എന്തെങ്കിലും വസ്വിയത്ത് ചെയ്യാനുണ്ടെങ്കില്‍ തന്റെ വസ്വിയത്ത് കൈവശം എഴുതി സൂക്ഷിക്കാതെ രണ്ടു ദിവസം അവന്‍ രാത്രി കഴിച്ചു കൂട്ടുകയില്ല (ബുഖാരി).

വസ്വിയ്യത്ത് ഒരു കാരണവശാലും സ്വത്തിന്റെ മൂന്നില്‍ ഒരു ഭാഗത്തില്‍ കൂടാന്‍ പാടില്ല. ഏറെ സമ്പന്നനായ സഅ്ദുബ്‌നു അബീവഖാസ്(റ), തനിക്ക് ഒരു മകളേ ഉള്ളൂവെന്നും പകുതി സ്വത്ത് ദാനംചെയ്യട്ടേയെന്നും നബി(സ)യോട് ചോദിച്ചപ്പോള്‍ ''മൂന്നില്‍ ഒന്നു മതി അതുതന്നെ ധാരാളമാണ്, മക്കളെ യാചകരായി വിടുന്നതിലും നല്ലത് അവരെ ഐശ്വര്യവാന്മാരാക്കുന്നതാണ്'' എന്ന് നബി(സ്വ) പറയുകയുണ്ടായി. കടവും തന്റെ അനന്തരാവകാശികള്‍ക്കുള്ള മാന്യമായ വിഹിതവും കഴിച്ച് മിച്ചമുണ്ടെങ്കിലേ വസ്വിയ്യത്ത് ചെയ്യേണ്ടതുള്ളൂ എന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാം. എന്നാല്‍ അനന്തരാവകാശികള്‍ അനുവദിച്ചാല്‍ കൂടുതലുള്ളതും സാധുവാകുന്നതാണ്. മരണപ്പെട്ട വ്യക്തിയുടെ കടം കഴിഞ്ഞതിനു ശേഷം മിച്ചമുള്ളതിലേ വസ്വിയ്യത്തിന് പ്രാബല്യമുള്ളൂ.

അനന്തരാവകാശികളോട് അനീതികാണിക്കാനോ അവര്‍ക്ക് ദ്രോഹമുണ്ടാക്കാനോ അവര്‍ക്ക് അവകാശം തടയാനോ വേണ്ടി വസ്വിയ്യത്ത് ദുരുപയോഗപ്പെടുത്തി കൂടാത്തതാണ്. ഇങ്ങനെ വസ്വിയ്യത്ത് ദുരുപയോഗിക്കുന്നത് മഹാപാപമാണെന്ന് നബി(സ്വ) ഉണര്‍ത്തിയിരിക്കുന്നു (നസാഈ). ഒരാള്‍ മരണാസന്നനായപ്പോള്‍ തന്റെ ആകെ സമ്പാദ്യമായ ആറ് അടിമകളെ മോചിപ്പിച്ചു.  വിവരമറിഞ്ഞ നബി(സ്വ) ആറ് അടിമകള്‍ക്കിടയില്‍ നറുക്കില്‍ കിട്ടിയ രണ്ടുപേരെ മോചിപ്പിക്കുകയും ബാക്കി നാലുപേരെ അനന്തരാവകാശികള്‍ക്കു വീതിക്കുകയും ചെയ്തു (മുസ്‌ലിം).

അനന്തരാവകാശികള്‍ക്കു വേണ്ടി വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നീതിയുടെ ഭാഗമായി അവര്‍ക്കു വേണ്ടിയും വസ്വിയ്യത്ത് ആകാമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. എന്നാല്‍ ഈ നീതി നടപ്പാക്കാന്‍ വസ്വിയ്യത്ത് ചെയ്യുന്നവന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരിഹാരം കാണുന്നതാണ് ഉത്തമമെന്നു തോന്നുന്നു.

വസ്വിയ്യത്ത് ചെയ്ത വ്യക്തിക്ക് വസ്വിയ്യത്തുകളില്‍ മാറ്റം വരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാവുന്നതാണ്. എന്നാല്‍ വസ്വിയ്യത്തില്‍ സ്വന്തമായി മാറ്റം വരുത്താനോ മറച്ചുവെയ്ക്കാനോ സാക്ഷികള്‍ക്കോ മറ്റുള്ളവര്‍ക്കോ പാടില്ല. ''(വസ്വിയ്യത്ത്) കേട്ടതിനു ശേഷം ആരെങ്കിലും അത് മാറ്റിമറിക്കുകയാണെങ്കില്‍ അതിന്റെ കുറ്റം മാറ്റിമറിക്കുന്നവര്‍ക്ക് മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (2:181). 

വസ്വിയ്യത്ത് അക്രമമാണെന്ന് തിരിച്ചറിഞ്ഞാല്‍ സാക്ഷികള്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും അതില്‍ മാറ്റങ്ങള്‍ വരുത്താവന്നതാണ്. ''ഇനി വസ്വിയ്യത്ത് ചെയ്യുന്ന ആളുടെ ഭാഗത്തു നിന്നു തന്നെ അനീതിയോ കുറ്റമോ സംഭവിച്ചതായി ആര്‍ക്കെങ്കിലും ആശങ്ക തോന്നുകയും, അവര്‍ക്കിടയില്‍ (ബന്ധപ്പെട്ട കക്ഷികള്‍ക്കിടയില്‍) രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അതില്‍ തെറ്റില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (2:182).

ഇസ്‌ലാം അനുവദിക്കുന്ന എല്ലാ നന്മകള്‍ക്കും വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. എന്നാല്‍ കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്യപ്പെട്ട വസ്വിയ്യത്തുകള്‍ ദുര്‍ബലമാണ്. അല്ലെങ്കില്‍ അവ നല്ല കാര്യങ്ങളിലേക്ക് മാറ്റാവുന്നതാണ്. ഉദാഹരണമായി മരണപ്പെട്ടവരുടെ ആണ്ടറുതി നടത്തുക പോലുള്ള കാര്യങ്ങള്‍ക്ക് വസ്വിയ്യത്ത് ചെയ്താല്‍ അത് ദുര്‍ബലപ്പെടുത്തേണ്ടതാണ്. പകരമായി അനാഥ, അഗതി, പള്ളി, മദ്‌റസ പോലുള്ള കാര്യങ്ങള്‍ക്കായി അതുമാറ്റാം. നല്ല കാര്യങ്ങളേ വസ്വിയ്യത്തായി നിര്‍ദേശിക്കാവൂ. മദ്യം വിളമ്പാനും പലിശപ്പണം ദാനമാക്കാനുമൊന്നുമുള്ള വസ്വിയ്യത്തുകള്‍ സ്വീകാര്യമല്ല. തെറ്റായ വസ്വിയ്യത്തുകള്‍ മാറ്റേണ്ടത് സാക്ഷികളുടെയും ബന്ധപ്പെട്ടവരുടെയും ബാധ്യതയാണ്. ഇല്ലെങ്കില്‍ അവരും അയാളുടെ കുറ്റത്തില്‍ പങ്കാളികളാകും.

വസ്വിയ്യത്തിന്  വിശ്വസ്തരായ രണ്ടു സാക്ഷികളുണ്ടായിരിക്കണം. ''സത്യവിശ്വാസികളേ, നിങ്ങളിലൊരാള്‍ക്ക് മരണമാസന്നമായാല്‍ വസ്വിയ്യത്തിന്റെ സമയത്ത് നിങ്ങളില്‍ നിന്നുള്ള നീതിമാന്‍മാരായ രണ്ടുപേര്‍ നിങ്ങള്‍ക്കിടയില്‍ സാക്ഷ്യം വഹിക്കേണ്ടതാണ്. ഇനി നിങ്ങള്‍ ഭൂമിയിലൂടെ യാത്രചെയ്യുന്ന സമയത്താണ് മരണവിപത്ത് നിങ്ങള്‍ക്ക് വന്നെത്തുന്നതെങ്കില്‍ (വസ്വിയ്യത്തിന് സാക്ഷികളായി) നിങ്ങളല്ലാത്തവരില്‍ പെട്ട രണ്ടുപേരായാലും മതി. നിങ്ങള്‍ക്ക് സംശയം തോന്നുകയാണെങ്കില്‍ അവരെ രണ്ടുപേരെയും നമസ്‌കാരം കഴിഞ്ഞതിന് ശേഷം നിങ്ങള്‍ തടഞ്ഞു നിര്‍ത്തണം. എന്നിട്ടവര്‍ അല്ലാഹുവിന്റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത് പറയണം: ഇതിന് (ഈ സത്യം മറച്ചു വെയ്ക്കുന്നതിന്) പകരം യാതൊരു വിലയും ഞങ്ങള്‍ വാങ്ങുകയില്ല. അത് അടുത്ത ഒരു ബന്ധുവെ ബാധിക്കുന്ന കാര്യമായാല്‍ പോലും. അല്ലാഹുവിനുവേണ്ടി ഏറ്റെടുത്ത സാക്ഷ്യം ഞങ്ങള്‍ മറച്ച് വെക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ കുറ്റക്കാരില്‍ പെട്ടവരായിരിക്കും''(5:106).

വസ്വിയ്യത്ത് ചെയ്ത സ്വത്ത് നശിച്ചുപോവുകയോ വസ്വിയ്യത്ത് നിര്‍ദേശിക്കപ്പെട്ട വ്യക്തിയോ കാര്യമോ ഇല്ലാതാവുകയോ ചെയ്താല്‍ വസ്വിയ്യത്ത് ദുര്‍ബലമാവും.

Feedback