പരിശുദ്ധ ഖുര്‍ആന്‍. ലോകത്തിലെ ഏററവും മികച്ച ഭാഷയിലിറങ്ങിയ ഗ്രന്ഥം. ലോകത്തിലെ ഗ്രന്ഥങ്ങളില്‍ ഏററവും സത്യസന്ധവും പരിശുദ്ധവും മികച്ചതുമായ ഗ്രന്ഥം. കാരണം അത് സ്രഷ്ടാവിന്റെ വചനങ്ങളാണ്.
ഇങ്ങനെ സര്‍വതല സ്പര്‍ശിയായ ഒരു ഗ്രന്ഥമിറക്കാന്‍ പ്രപഞ്ച നാഥന്‍ തെരഞ്ഞെടുത്ത ഭാഷ അറബിയാണ്. മറ്റൊരു ഭാഷയ്ക്കുമില്ലാത്ത ഒരു പ്രത്യേകത അറബി ഭാഷക്കുള്ളത് അത് പൂര്‍ത്തിയായ ഭാഷയാണ് എന്നതാണ്. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട സമൂഹം മുതല്‍ ലോകാവസാനം വരെയുള്ള ഏത് ജനതയ്ക്കും വായിച്ചാല്‍ മനസ്സിലാകുന്ന അര്‍ഥങ്ങളും പ്രയോഗങ്ങളുമാണ് ഖുര്‍ആനിലുള്ളത്. ഒരു ഭാഷയിലെ പ്രഥമഗ്രന്ഥം നൂറ്റാണ്ടുകള്‍ക്കു ശേഷവും ആ ഭാഷയിലെ 'ക്ലാസിക്' ആയി നിലനില്ക്കുന്നത് വിശുദ്ധ ഖുര്‍ആനിന്റെ മാത്രം പ്രത്യേകതയാണ്. കാരണം അത് അല്ലാഹുവിന്റെ വചനങ്ങളാണ്.
അല്ലാഹു മനുഷ്യര്‍ക്ക് സന്‍മാര്‍ഗ ദര്‍ശനത്തിനായി ഇറക്കിയ സന്ദേശമാണ് ഖുര്‍ആന്‍. അതിന്റെ ആശയഗ്രഹണം അത്യന്താപേക്ഷിതമാണ്. അത് കുറ്റമറ്റ രീതിയില്‍ വായിക്കുകയും വേണം. കേവലവായനയല്ല സ്വരമാധുരിയോടെയും അക്ഷരസ്ഫുടതയോടെയും പാരായണം ചെയ്യണം. ആ പാരായണം ഭംഗിയാക്കിത്തീര്‍ക്കാനുള്ള ശാസ്ത്രീയ പഠനമാണ് 'തജ്‌വീദ്'.
'ജവ്വദ' എന്ന അറബി പദത്തിനര്‍ഥം 'നന്നാക്കുക' എന്നാണ്. ഖുര്‍ആന്‍ പാരായണം നന്നാക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണ് തജ്‌വീദ് പഠനത്തിലുള്ളത്. 'അവധാനതയോടെയും അക്ഷരസ്ഫുടതയോടും കൂടി നീ ഖുര്‍ആന്‍ പാരായണം ചെയ്യുക' (73:4) എന്ന് അല്ലാഹു തന്നെ കല്പിച്ചിരിക്കുന്നു. ആശയമറിയാത്തവര്‍ക്കു പോലും പാരായണ പുണ്യം ലഭിക്കുന്ന ഏകഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അത് ഭംഗിയായി ഓതുവാന്‍ നബി(സ്വ) നിര്‍ദേശിച്ചിരിക്കുന്നു.
'നിങ്ങളുടെ ശബ്ദം കൊണ്ട് ഖുര്‍ആനിനെ നിങ്ങള്‍ അലങ്കരിക്കുക' (നസാഈ). ഈ പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ട് പില്കാല പണ്ഡിതന്‍മാര്‍ ആവിഷ്‌കരിച്ച ഒരു വിജ്ഞാന ശാഖയാണ് തജ്‌വീദ്.