മനുഷ്യന് സമൂഹജീവിയാണ്. തീര്‍ത്തും ആത്മനിഷ്ഠമായ വിശ്വാസം സ്വീകരിച്ച് മനുഷ്യന് ജീവിക്കേണ്ടത് സമൂഹവുമായി ഇടപഴകിക്കൊണ്ടാണ്. വിശ്വാസത്തിലധിഷ്ഠിതമായ സദ്പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് വിജയത്തിന് നിദാനമെന്ന് പഠിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ ഉത്കൃഷ്ടസ്വഭാവത്തിന്റെ അനുകരണീയ മാതൃകയായ മുഹമ്മദ് നബി(സ്വ)യെ അനുധാവനം ചെയ്യാനാണ് കല്പിക്കുന്നത്. സ്വഭാവസംസ്കരണം പ്രവാചക നിയോഗത്തിന്റെ ലക്ഷ്യമായി വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു. ''അക്ഷരജ്ഞാനമില്ലാത്തവര്ക്കിടയില് തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പ്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു''(62:2). ഉത്തമ സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടത് എന്ന് നബി(സ്വ) പറയുകയുണ്ടായി.
ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടേണ്ടത് വീടിന്റെ അകത്തുനിന്നാണ്. അതുകൊണ്ട് വീട്ടിലും ചില ചിട്ടകളും രീതികളും പാലിച്ചുകൊണ്ടായിരിക്കണം ജീവിക്കേണ്ടത്. ഈ ചിട്ടകളും നിയമങ്ങളും തെറ്റിക്കുന്നത് തിന്മകളിലേക്കുള്ള വാതില്‍ തുറന്നു വെക്കുകയും അധാര്‍മികതക്ക് കളമൊരുങ്ങുന്ന സാഹചര്യം സംജാതമാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വിശുദ്ധ ഖുര്‍ആനും പ്രവാചകന്(സ്വ)യുടെ വചനങ്ങളും ഒരു വിശ്വാസി സ്വീകരിക്കാന്‍ നിര്‍ദേശിച്ച സദ്സ്വഭാവങ്ങള്‍ നിലനിര്‍ത്തുകയും ദുര്‍ഗുണങ്ങള്‍ വര്‍ജിക്കുകയും ചെയ്യുകയാണെങ്കില്‍ വ്യക്തിയിലും സമൂഹത്തിലുമൊക്കെ അതിന്റെ സദ്ഫലങ്ങള്‍ പ്രകടമാവുന്നു. അതിനെ അവഗണിച്ച് ദുര്‍ന്നടപ്പുകാരും ദുസ്വഭാവികളുമായി ജീവിച്ചാല്‍ പരലോക ശിക്ഷയ്ക്ക് പുറമെ ഐഹിക ജീവിതത്തിലും കെടുതി അനുഭവിക്കേണ്ടതായി വരും.
നബി(സ്വ) പറഞ്ഞു: ''നിങ്ങളില്‍ ഉത്കൃഷ്ടര്‍ നിങ്ങളിലെ സദ്സ്വഭാവികളാകുന്നു'' (ബുഖാരി, മുസ്ലിം). മറ്റൊരിക്കല്‍ പ്രവാചകന് പറഞ്ഞു: ''കര്‍മങ്ങള്‍ തൂക്കുന്ന തുലാസില്‍ (മീസാനില്‍) സദ്സ്വഭാവത്തേക്കാള് കനം തൂങ്ങുന്ന മറ്റൊന്നുമില്ല'' (അബുദാവൂദ്, അഹ്മദ്).
ഇസ്ലാമില്‍ നിര്‍ബന്ധമായ അനുഷ്ഠാന കര്‍മങ്ങളുടെ അന്തസ്സത്ത ചോര്‍ന്നു പോകാതെ, നിര്‍വഹിക്കുന്ന ഏതെരാള്‍ക്കും ദുഷ്കൃത്യങ്ങളില്‍ നിന്ന് വിട്ടു നിന്ന് സംസ്കാരസമ്പന്നനും ഉദാത്ത സ്വഭാവത്തിന്റെ ഉടമയുമായി ജീവിക്കാന്‍ കഴിയുന്നു. സഹനം, വിട്ടുവീഴ്ച, ഉദാരത, സത്യസന്ധത, സ്നേഹം, കാരുണ്യം, ആദരവ്, നീതി, കരാര്‍പാലനം തുടങ്ങിയ സദ്ഗുണങ്ങളെല്ലാം ജീവിതത്തില്‍ നിലനിര്‍ത്താനുള്ള പരിശീലനം കൂടിയാണ് ഇസ്ലാമിലെ അനുഷ്ഠാനകര്‍മങ്ങള്‍.
അഗതികള്‍, അനാഥര്‍, വിധവകള്‍, മുതലാളിമാര്‍, തൊഴിലാളികള്‍, കുട്ടികള്‍, പ്രായം ചെന്നവര്‍, അയല്‍ക്കാര്‍, കുടുംബക്കാര്, മാതാപിതാക്കള്‍, ഗുരുക്കന്മാര്, അംഗപരിമിതര്‍, ഇതരമതസ്ഥര്‍, ഇണകള്‍ എന്നിവരോടൊക്കെയുള്ള ബാധ്യതകള്‍ വിശുദ്ധ ഖുര്‍ആനും നബിചര്യയും വളരെ കാര്യമായി പഠിപ്പിക്കുന്നു. രോഗികള്‍, നേതാക്കള്‍, അനുയായികള്‍, കടബാധിതര്‍, ജീവജാലങ്ങള്‍, പ്രകൃതി എന്നിവരോടൊക്കെയുള്ള ബാധ്യതകള്‍ കൃത്യമായി നിര്‍വ്വഹിച്ചുകൊണ്ട് നാം ജീവിക്കുമ്പോഴേ നാം സദ്സ്വഭാവികളും ഉന്നതസംസ്കാരത്തിന്റെ ഉടമകളുമായിത്തീരുകയുള്ളു. ദുര്‍ഗുണങ്ങള്‍ വര്ജിക്കാന് തയ്യാറായില്ലെങ്കില്‍ അത് വിശ്വാസത്തകര്‍ച്ചയിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സദ്സ്വഭാവത്തിന്റെ സ്വീകരണവും ദു:സ്വഭാവത്തിന്റെ വര്‍ജനവും മുഖമുദ്രയാക്കി ജീവിക്കുന്നവരാണ് വിശ്വാസികള്‍.