ഈ പ്രപഞ്ചത്തിന്റെയും അതിലുള്ള സകല ചരാചരങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണെന്നിരിക്കെ അവന് മാത്രം അവകാശപ്പെട്ട കാര്യങ്ങളില്‍ അവന് പങ്കാളിയെ സങ്കല്പിക്കുന്നതിനാണ് ശിര്‍ക് എന്ന് പറയുന്നത്. അല്ലാഹുവിനോടൊപ്പം മറ്റു വ്യക്തികളെയോ ശക്തികളെയോ വസ്തുക്കളെയോ ആരാധ്യന്മാരായി സ്വീകരിക്കുക, അവയോട് സഹായാര്‍ഥന നടത്തുക, അവയോട് സ്‌നേഹവും ആദരവും ആ നിലയ്ക്ക് പ്രകടിപ്പിക്കുക, അവയ്ക്ക് വിധേയത്വം അനുസരണവും പ്രകടിപ്പിക്കുക എന്നിവ അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതിലുള്ള പങ്കു ചേര്‍ക്കലാണ്. ഇതാണ് ശിര്‍ക്. ശിര്‍ക്ക് ചെയ്യുന്നവരുടെ സത്കര്‍മങ്ങള്‍ പോലും നിഷ്ഫലമായിത്തീരുന്നു. അല്ലാഹു പറയുന്നു: 'ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സത്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ' (18:110).
അല്ലാഹു പൊറുക്കാത്തതും സ്വര്‍ഗപ്രവേശം തടയപ്പെടുന്നതുമായ മഹാപാപമാണ് ശിര്‍ക്ക്. വമ്പിച്ച അക്രമം (31:13) എന്നാണ് ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ആ മഹാപാപത്തില്‍ ഉറച്ചു നില്‍ക്കാതെ ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നപക്ഷം അല്ലാഹു അവന്റെ കാരുണ്യംകൊണ്ട് പൊറുത്ത് കൊടുത്തേക്കാം.
പ്രപഞ്ചം നിയന്ത്രിക്കുന്നവനും പരിപാലിക്കുന്നവനുമായ അല്ലാഹുവിന്റെ ആധിപത്യം, സൃഷ്ടിപ്പ്, പ്രവര്‍ത്തനങ്ങള്‍, വിശേഷണങ്ങള്‍ എന്നിവയില്‍ യാതൊരു വിധ സമന്മാരോ, പങ്കുകാരോ ഇല്ല. അങ്ങനെ സങ്കല്പിക്കുന്നതാണ് ശിര്‍ക്ക്. ക്രൈസ്തവരും അഗ്നിയാരാധകരും ശിര്‍ക്ക് ചെയ്തതിനെ ഖുര്‍ആന്‍ ഖണ്ഡിക്കുന്നു.
ഞാനാണ് നിങ്ങളുടെ പരമോന്നതനായ രക്ഷിതാവെന്ന് ഫിര്‍ഔന്‍ ഘോഷിച്ചു. അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കുമില്ലാത്ത ഗുണവിശേഷണങ്ങള്‍ തന്നിലേക്ക് ചേര്‍ത്തിയതിലൂടെ ശിര്‍ക്ക് പ്രഖ്യാപിക്കുകയായിരുന്നു അയാള്‍. അല്ലാഹുവിനെ കൂടാതെ മറ്റ് ദൈവത്തേയോ ദൈവങ്ങളെയോ ആരാധിക്കുക, സൂര്യചന്ദ്രനക്ഷാത്രാദികള്‍, ശിലകള്‍, പ്രതിഷ്ഠകള്‍ പോലുള്ള നിര്‍ജീവ വസ്തുക്കള്‍, പശു, കാള പോലുള്ള ജീവികള്‍, ദിവ്യത്വം വാദിക്കുകയോ ആക്ഷേപിക്കപ്പെടുകയോ ചെയ്ത ഫിര്‍ഔന്‍ പോലുള്ള മനുഷ്യര്‍, ഈസബ്‌നു മര്‍യം(അ), ജിന്ന്, പിശാച്, മലക്കുകള്‍പോലെ വിവിധ ജനങ്ങളാല്‍ ധാരാളം പൂജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അദൃശ്യസൃഷ്ടികള്‍ ഇവയെയെല്ലാം ആരാധിക്കുന്നതും പൂജിക്കുന്നതും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ശിര്‍ക്കുതന്നെ.
മരണപ്പെട്ടവരോട് പ്രാര്‍ഥിക്കല്‍, അവരെ ഇടയാളന്മാരാക്കി സഹായാര്‍ഥന നടത്തല്‍, അല്ലാഹു അല്ലാത്തവര്‍ക്ക് അഭൗതിക മാര്‍ഗേണ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുമെന്ന് വശ്വസിക്കല്‍ എന്നിവ ശിര്‍ക്കാണ്. അല്ലാഹുവിനല്ലാതെ മറ്റുള്ളവര്‍ക്ക് ബലി നടത്തുന്നതിലൂടെ അവരുടെ സാമീപ്യം തേടുന്നതും ശിര്‍ക്കില്‍പ്പെടുന്നു.