അതിഥി ഏറെ ആദരണീയനാണ്. ഇസ്ലാമിന്റെ ആഗമനത്തിനു മുമ്പു തന്നെ പൂര്‍വ അറേബ്യയിലും അതിഥികള്‍ മാനിക്കപ്പെട്ടിരുന്നു. ഒരാള്‍ അതിഥിയായെത്തിയാല്‍ മൂന്നു ദിവസം വരെ ആരെന്നോ എവിടെ നിന്നെന്നോ എന്തിനു വന്നെന്നോ ചോദ്യമില്ലാതെ അവരെ സത്ക്കരിക്കുക അറബികളുടെ പതിവായിരുന്നു. അത് ഇസ്ലാം അവകാശമാക്കി (ബുഖാരി, മുസ്ലിം). കൂടാതെ ഇസ്ലാം അതിഥി സത്ക്കാരം വിശ്വാസത്തിന്റെ ഭാഗമാക്കി. ''ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന് അതിഥിയെ ആദരിക്കട്ടെ'' എന്നാണ് മുഹമ്മദ് നബി(സ്വ) പറഞ്ഞത് (ബുഖാരി, മുസ്ലിം). തനിക്കും കുട്ടികള്‍ക്കു പോലും തികയാത്ത ഭക്ഷണം സ്വയം പട്ടിണി കിടന്ന് അതീവ രഹസ്യമായി അതിഥിക്കു നല്കിയ മദീനക്കാരനായ പ്രവാചകശിഷ്യനെ അല്ലാഹു പ്രകീര്‍ത്തിച്ചു (ഖുര്‍ആന്‍ 59:9). അതിഥിക്കു വേണ്ടി വീട്ടില്‍ സൗകര്യങ്ങള്‍ കരുതി വെക്കുന്നത് ഇസ്ലാം അനുവദിച്ചു. അതിഥിയെ ഭയപ്പെടുത്തുന്ന വിധത്തില്‍ നായയെ പോറ്റുന്നത് പോലും ഇസ്ലാം വിലക്കി.
അതിഥിയോട് ഇരിക്കാന്‍ പറയുക, അദ്ദേഹത്തിന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുക, അയാള്‍ക്ക് വിളമ്പിക്കൊടുക്കുക, തിരിച്ചു പോകുമ്പോള്‍ പുരയിടത്തിന്റെ അതിര്‍ത്തി വരെ കൂടെ പോവുക എന്നിവയെല്ലാം ഇസ്ലാമിലെ ആതിഥ്യമര്യാദകളാണ്. അന്യയാണെങ്കിലും ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ അതിഥികളായ പുരുഷന്മാര്ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ വീട്ടുകാരിക്ക് അനുവാദമുണ്ട്.
തനിക്ക് ആതിഥ്യവും അവകാശവും നല്‍കാത്തവനാണ് അതിഥിയായി വന്നതെങ്കിലും അവനോടുള്ള അവകാശങ്ങള്‍ നിര്‍വഹിക്കണമെന്ന് നബി(സ്വ) ആവശ്യപ്പെടുന്നു (തിര്‍മിദി). മദ്യം, പന്നി തുടങ്ങിയ നിഷിദ്ധ വസ്തുക്കള്‍ അതിഥിക്ക് പഥ്യമാണെങ്കിലും നാം അതു നല്കാന് പാടില്ല. ധൂര്‍ത്തും പൊങ്ങച്ചവുമാകുന്ന അതിഥിസത്കാരങ്ങളും വര്‍ജിക്കേണ്ടതാണ്. അതിഥിക്ക് ഇത്രയേറെ പ്രാധാന്യം ഇസ്ലാം നല്കുന്നുവെങ്കിലും അസാധ്യമായ കാര്യങ്ങള്‍ അതിഥിക്കു വേണ്ടി ഒരുക്കി പ്രയാസപ്പെടുന്നത് പുണ്യമല്ല. അത് പാപമാണെന്നും നബി(സ്വ) പഠിപ്പിക്കുന്നു. കടം വാങ്ങിയും പലിശ കൊടുത്തുമെല്ലാം അതിഥി സല്കാരം നടത്തുന്നവര്‍ക്കാണ് റസൂല്‍(സ്വ)യുടെ ഈ താക്കീതെന്നോര്ക്കുക.
അതിഥി പാലിക്കേണ്ട ചില മര്യാദകളും ഇക്കൂട്ടത്തിലുണ്ട്. സമ്മതം വാങ്ങിയേ വീട്ടില്‍ പ്രവേശിക്കാവൂ. വാതിലിനു നേരെ അഭിമുഖമായി നിന്ന് സമ്മതം ചോദിക്കരുത്. തുറന്നു കിടക്കുന്ന ജനലുകളിലൂടെയും മറ്റും അകത്തേക്ക് എത്തിനോക്കരുത്. വീട്ടുകാരന്റെ ഇരിപ്പിടത്തില്‍ ഇരിക്കരുത്. വാഹനത്തില്‍ അയാള്‍ക്കു മുന്നില്‍ ഇരിക്കരുത്. ഉദാരത ചൂഷണം ചെയ്ത് ആതിഥേയനെ വിഷമിപ്പിക്കരുത്. നബി(സ്വ) അതിഥിയെ ഓര്‍മപ്പെടുത്തുന്നു. ''വീട്ടുകാരനെ പ്രയാസപ്പെടുത്തുന്ന വിധം അതിഥി അവിടെ താമസിക്കുന്നത് അനുവദനീയമല്ല'' (ബുഖാരി, മുസ്ലിം).