Skip to main content

നരകം (10)

സുദീര്‍ഘമായ വിചാരണക്ക് ശേഷം മനുഷ്യര്‍ സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും വേര്‍തിരിക്കപ്പെടുകയായി. സത്യ നിഷേധികള്‍ 'സ്വിറാത്വി'ലെത്തുന്നതിന് മുമ്പ് തന്നെ നരകത്തില്‍ പതിക്കുന്നു. വിശ്വാസികളിലെ കുറ്റവാളികള്‍ സ്വിറാത്വില്‍ നിന്നും നരകത്തില്‍ പതിക്കുന്നു. അവശേഷിക്കുന്നവര്‍ സ്വര്‍ഗപ്രവേശത്തിന് അര്‍ഹത നേടുന്നു. അനശ്വരമായ സ്വര്‍ഗ നരകങ്ങളുടെ അവസ്ഥയെന്താണെന്ന് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വിശദമായിത്തന്നെ പരാമര്‍ശിക്കുന്നുണ്ട്.

സ്വര്‍ഗത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത സത്യവിശ്വാസികളെ അറിയിക്കുന്നത് പോലെ നരകത്തെക്കുറിച്ചുള്ള താക്കീതും വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ കാണാന്‍ കഴിയും. നിന്ദ്യവും അസഹനീയവും അപമാനകരവുമായ നരകശിക്ഷയുടെ തോതും രൂപവും അനേകം സൂക്തങ്ങളില്‍ വിശദീകരിക്കപ്പെട്ടത് നരകമുക്തി ആഗ്രഹിച്ച് നാം സൂക്ഷ്മ ജീവിതം നയിക്കാനാണ്. നരകാവകാശികളെക്കുറിച്ചും അവരുടെ മ്ലേഛമായ ആവാസ സ്ഥലമായ നരകത്തെപ്പറ്റിയും ധാരാളം കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ നമ്മെ കേള്‍പ്പിക്കുന്നത് അത്തരത്തില്‍ ദുഷിച്ച പര്യവസാനം നമുക്ക് ഉണ്ടായിത്തീരാതിരിക്കാനുള്ള ജാഗ്രത നാം പുലര്‍ത്താനാണ്. തീ എന്ന അര്‍ത്ഥമുള്ള 'നാറ്' എന്ന പദമാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുളളത്. എന്നാല്‍ അതിന്റെ ഭീകരതയും ഭയാനകതയും കാണിക്കുന്ന 'ജഹന്നം', 'ഹുത്വമ', 'ജഹീം',  'സഖര്‍' തുടങ്ങിയ പേരുകള്‍ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുമുണ്ട്. നരകത്തില്‍ കത്തിയെരിയേണ്ടി വരുന്ന ഹതഭാഗ്യരുടെ ദുഷ്‌ചെയ്തികളും പിഴച്ച വിശ്വാസങ്ങളും നാം പാടെ വര്‍ജിക്കാനായി അല്ലാഹു അവയത്രയും നമുക്ക് വിശദീകരിച്ച് തരുന്നു. 

അല്ലാഹു പറയുന്നു. ''തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്റെ രക്ഷിതാവിന്റെയടുത്ത് ചെല്ലുന്ന പക്ഷം അവന്നുള്ളത് നരകമത്രെ. അതിലവന്‍ മരിക്കുകയില്ല. ജീവിക്കുയുമില്ല'' (20:74).  ജീവിതമോ മരണമോ ഇല്ലാത്ത വിധം യാതനയുടെ കൊടുമുടിയില്‍ കഴിയുന്ന നരകവാസികള്‍ രക്ഷയുടെ മാര്‍ഗങ്ങള്‍ പലതും അന്വേഷിക്കുമെങ്കിലും ഒരാളും സഹായിയായിട്ട് ഉണ്ടാവുകയില്ല. അല്ലാഹു പറയുന്നു. ''അവിശ്വസിക്കുകയും അവിശ്വാസികളായി മരിക്കുകയും ചെയ്തവരില്‍പ്പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല. (3:91) 

മനുഷ്യന്റെ ആജന്മ ശത്രുവായ പിശാച് അവനെ വഴിപിഴപ്പിക്കാന്‍ ശപഥം ചെയ്ത് അതിനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. പിശാചിന്റെ ദുര്‍ബോധനത്തില്‍പ്പെട്ട് തിന്മ പ്രവര്‍ത്തിക്കുന്നവരെ അവന്‍ ക്ഷണിക്കുന്നത് നരകാഗ്നിയിലേക്കാണെന്ന് അറിയാതെ മനുഷ്യന്‍ അവന്റെ വഞ്ചനയില്‍പ്പെട്ടു പോകുന്നു. അല്ലാഹു പറയുന്നു. ''തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായി തന്നെ ഗണിക്കുക, അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടി മാത്രമാണ് (35:6).

കഠിന കഠോരമായ നരകാഗ്നിയില്‍ നിന്ന് ആര്‍ക്കും ആരേയും രക്ഷിക്കാന്‍ സാധിക്കുകയില്ല. അതില്‍ അകപ്പെട്ടവര്‍ അങ്ങേയറ്റം പരാജിതരും നഷ്ടം സംഭവിച്ചവരും അപമാനിതരും ആണ്. അതുകൊണ്ടാണ് നബി(സ) പോലും സ്വന്തം പുത്രിയോട് നല്‍കുന്ന ഉപദേശത്തില്‍ നിന്റെ ശരീരത്തെ നരകാഗ്നിയില്‍ നിന്ന് നീ തന്നെ കാത്തു കൊള്ളണമെന്ന് പറഞ്ഞിട്ടുള്ളത്.
 

Feedback