Skip to main content

സ്ത്രീ പീഡനവും പ്രായശ്ചിത്തവും

ജാഹിലിയ്യാ കാലത്തു നിലനിന്നിരുന്ന ഒരു സ്ത്രീ പീഡനരീതിയാണ് ദ്വിഹാര്‍. നിയമപ്രകാരമുള്ള വിവാഹമോചനം നടത്താതെ ദാമ്പത്യം വ്യംഗമായി മുറിച്ചു കളയുകയും സ്ത്രീയെ വിഷമിപ്പിക്കുകയും ചെയ്യുന്ന ഒരു ദുഃസമ്പ്രദായമാണിത്. 'നീയെനിക്ക് എന്റെ ഉമ്മയുടെ സ്ഥാനത്താണ്' എന്നോ മറ്റോ പറഞ്ഞുകൊണ്ട് ഭാര്യയെ സമീപിക്കാതിരിക്കുന്നതാണ് ഈ രീതി. അവരുപയോഗിച്ചിരുന്ന 'അന്‍തി ക ദ്വഹ്‌രി ഉമ്മീ' എന്ന പദപ്രയോഗത്തില്‍ നിന്നാണ് 'ദ്വിഹാര്‍' ഉണ്ടായത്. ചിലര്‍ കുറെ കാലശേഷം വേര്‍പിരിയുന്നു. മറ്റുചിലര്‍ ഈ പറഞ്ഞ ശപഥത്തില്‍ നിന്നു മടങ്ങി വന്ന് വീണ്ടും ബന്ധം സ്ഥാപിക്കുന്നു. സ്ത്രീ അനിശ്ചിതത്വത്തിലും അരക്ഷിതാവസ്ഥയിലും കഴിഞ്ഞു കൂടേണ്ടി വരുന്ന 'ദ്വിഹാര്‍' ഇസ്‌ലാം കര്‍ശനമായി വിലക്കി. അങ്ങനെ ചെയ്യുന്നവര്‍ക്ക് അതില്‍ നിന്നു മടങ്ങണമെന്നു തോന്നിയാല്‍ പ്രായശ്ചിത്തം ചെയ്തു മാത്രമേ തിരിച്ചു വരാന്‍ പറ്റൂ. 

അല്ലാഹു പറയുന്നു: ''നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ 'മാതാക്കള്‍ക്കു തുല്യമായി പ്രഖ്യാപിക്കുന്ന'വര്‍ അഥവാ ദ്വിഹാര്‍ ചെയ്തവര്‍ അബദ്ധമാണു ചെയ്തത്. ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധ വാക്കും അസത്യവുമാണു പറയുന്നത്. തീര്‍ച്ചയായും അല്ലാഹു നന്നായി മാപ്പു നല്കുന്നവനും പൊറുക്കുന്നവ നുമാണ്. തങ്ങളുടെ ഭാര്യമാരെ ദ്വിഹാര്‍ ചെയ്യുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്നും മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുന്‍പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്കു നല്കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.

ഇനി വല്ലവനും അടിമയെ ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുന്‍പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവനും അത് സാധിക്കാത്തപക്ഷം അറുപത് അഗതികള്‍ക്ക് ആഹാരം നല്‌കേണ്ടതാണ്. അത് അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രേ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. നിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്'' (58:2-4).
 

Feedback