Skip to main content

വിവാഹവും സ്ത്രീധനവും

വിവാഹസന്ദര്‍ഭത്തില്‍ പുരുഷന്‍ സ്ത്രീക്ക് സംതൃപ്തിയോടുകൂടി സമ്മാനം നല്‍കണമെന്നതാണ് മതത്തിന്റെ നിര്‍ദേശം. ഇങ്ങനെ നല്‍കുന്ന സമ്മാനത്തിനാണ് മഹ്ര്‍ എന്നു പറയുന്നത്. വിവാഹമൂല്യം നല്‍കിയിട്ടില്ലെങ്കില്‍ വിവാഹം മതദൃഷ്ട്യാ സാധുവാകുന്നില്ല. സ്ത്രീയുടെ രക്ഷാധികാരിയില്‍ നിന്ന് പുരുഷന്‍ വിവാഹവേളയില്‍ നിര്‍ബന്ധപൂര്‍വം ഇത്രയിത്ര ധനമോ മറ്റുവല്ലതുമോലഭിക്കണമെന്ന് നിബന്ധന വച്ചുകൊണ്ട് അത് സ്വീകരിക്കുന്ന സമ്പ്രദായം വിവിധ സമൂഹങ്ങളിലുണ്ട്. ഇസ്‌ലാം ഇത് അനുവദിക്കുന്നില്ല.  

മതബോധവും സംസ്‌കാരവുമുള്ളവളെയാണ് ഇണയായി തെരഞ്ഞെടുക്കേണ്ടത്. വിവാഹശേഷം അവളുടെ ഭക്ഷണം, വസ്ത്രം, താമസം, അനുബന്ധമായ സൗകര്യങ്ങള്‍ തുടങ്ങി അവളുടെ സംതൃപ്തജീവിതത്തിന് അനുഗുണമായതു മുഴുവന്‍ തന്റെ സാമ്പത്തികാവസ്ഥയനുസരിച്ച് പൂര്‍ത്തീകരിച്ചുകൊടുക്കേണ്ട ബാധ്യത പുരുഷന്റേതാണ്. വിവാഹവേളയിലോ അതിന് ശേഷമോ അവളില്‍ നിന്നോ അവളുടെ രക്ഷിതാക്കളില്‍ നിന്നോ വല്ലതും ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ വിവാഹം കഴിക്കരുതെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ധനം, സൗന്ദര്യം, കുലമഹിമ എന്നിവയൊക്കെ മാനദണ്ഡമാക്കി നടക്കുന്ന വിവാഹത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാവുകയില്ല. അത് ചൂഷണത്തിനും പീഡനത്തിനും കാരണമാവുകയും ചെയ്യുന്നു. അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: നിങ്ങള്‍ സ്ത്രീകളെ അവരുടെ സൗന്ദര്യം നോക്കി വിവാഹം ചെയ്യരുത്. സൗന്ദര്യമെന്നത് നാശത്തില്‍ അകപ്പെടുത്തിയേക്കാം. അവരുടെ സമ്പത്ത് നോക്കി നിങ്ങള്‍ അവരെ വിവാഹം ചെയ്യരുത്. സമ്പത്ത് അവരെ അതിക്രമകാരികളാക്കിയേക്കാം. മതം നോക്കി നിങ്ങള്‍ അവരെ വിവാഹം ചെയ്യുക. മതബോധമുള്ള കറുത്ത വിരൂപിയായ അടിമസ്ത്രീയാണ്ഏറ്റവും ശ്രേഷ്ഠ (സുനനു ഇബ്‌നുമാജ 1932).

വിവാഹവേളയില്‍ വധുവിന്റെ പിതാവോ രക്ഷാധികാരിയോ അവള്‍ക്ക് സംതൃപ്തിയോടു കൂടി നല്കുന്ന വിഭവങ്ങള്‍ക്ക് 'ജഹാസ്' എന്നാണ് പറയുന്നത്. ഇത് അനുവദനീയമാണ്. ഇത് ഇന്നയിന്ന രൂപത്തിലും തോതിലും ലഭിക്കണമെന്നാഗ്രഹിച്ച് ഭാര്യയോട് ആവശ്യപ്പെടാന്‍ പാടില്ല. നബി(സ്വ) പ്രിയപുത്രി ഫാത്വിമ(റ)യെ അലി(റ)ക്ക് വിവാഹം ചെയ്തു കൊടുത്തപ്പോള്‍ ഒരു പുതപ്പ്, തോല്‍പാത്രം, നാര് നിറച്ച ഒരു തലയിണ എന്നിവ തയ്യാറാക്കികൊടുത്തിരുന്നു.  

Feedback