വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. വിശുദ്ധ വചനങ്ങള്‍ പാരായണം ചെയ്യപ്പെട്ടാല്‍ ശ്രദ്ധിച്ചു കേള്‍ക്കണമെന്നും (7:204) അവിടെ ബഹളമുണ്ടാക്കുന്നത് അവിശ്വാസികളുടെ സ്വഭാവമാണെന്നും (41:26) ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന് മറ്റു വചനങ്ങളില്‍ നിന്നുള്ള മഹത്വം അല്ലാഹുവിന് മറ്റു സൃഷ്ടികളില്‍ നിന്നുള്ള മഹത്വം പോലെയാണെന്ന് നബി(സ്വ) ഉണര്‍ത്തിയത് ഇതിന്റെ ഗൗരവം സൂചിപ്പിക്കുന്നുണ്ട്. ഖുര്‍ആനിന്റെ ഓരോ അക്ഷരം പാരായണം ചെയ്യുന്നതും പുണ്യകര്‍മമാണ്. അതിനാല്‍ തന്നെ ഏറെ ശ്രദ്ധയോടെയായിരിക്കണം അത് പാരായണം ചെയ്യേണ്ടത്. മനസ്സിന് മടുപ്പുണ്ടാകുമ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടില്ല. നബി(സ്വ) പറഞ്ഞു: നിങ്ങളുടെ ഹൃദയങ്ങള്‍ക്കു ഖുര്‍ആനുമായി ഇണക്കമുള്ളപ്പോള്‍ നിങ്ങളത് ഓതിക്കൊള്ളുവിന്‍. നിങ്ങള്‍ക്കു ഇണക്കക്കേടുണ്ടാകുമ്പോള്‍ നിങ്ങള്‍ മതിയാക്കി എഴുന്നേറ്റുപോയിക്കൊള്ളുവിന്‍(ബുഖാരി).
ഉച്ചത്തിലും മനോഹരമായ ശബ്ദത്തിലും ഈണത്തിലുമാണ് ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്. 'നിങ്ങളുടെ ശബ്ദംകൊണ്ട് ഖുര്‍ആനിനെ സുന്ദരമാക്കണം' എന്നും 'ഖുര്‍ആന്‍ മണിച്ച് പാരായണം ചെയ്യാത്തവന്‍ നമ്മില്‍പെട്ടവനല്ല' എന്നും നബി(സ്വ) പറയുന്നു. ഖുര്‍ആന്‍ ഗൗരവം ചോര്‍ന്നു പോകുന്ന രീതിയില്‍ ഗാനമായി ആലപിക്കുന്നത് ശരിയല്ല. ഏറ്റവും നല്ല ശബ്ദമുള്ളവനും, ഏറ്റവും നല്ല വായനക്കാരനും എങ്ങനെയുള്ളവനായിരിക്കും എന്ന് നബി(സ്വ)യോട് ചോദിക്കപ്പെട്ടപ്പോള്‍ തിരുമേനി ഇപ്രകാരം മറുപടി പറഞ്ഞുവെന്ന് ത്വാഊസ്(റ) പറയുന്നു: ഏതൊരുവന്‍ ഓതുന്നതു കേട്ടാല്‍, അവന്‍ അല്ലാഹുവിനെ ഭയപ്പെടുന്നുണ്ടെന്നു നിനക്കു തോന്നുന്നുവോ അങ്ങനെയുള്ളവനാണ്. സാവകാശത്തിലും നീട്ടിയുമായിരിക്കണം പാരായണം ചെയ്യേണ്ടത്. നബി(സ്വ)യുടെ പാരായണം വിവരിച്ചുകൊണ്ട് നീട്ടി നീട്ടിക്കൊണ്ടായിരുന്നുവെന്ന് അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ധൃതിയില്‍ ഓതിത്തീര്‍ക്കുകയല്ല, ആശയം ആലോചിച്ച് സ്വര്‍ഗകാര്യങ്ങള്‍ വരുമ്പോള്‍ അതിനായി അല്ലാഹുവിനോട് ചോദിച്ചും നരകരംഗങ്ങളില്‍ അവനോട് രക്ഷചോദിച്ചും ആവശ്യമുള്ള ഇടങ്ങളില്‍ സുജൂദ് നിര്‍വഹിച്ചുമാണ് നബി(സ്വ) ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്.
അതുപോലെ വലിയ അശുദ്ധിയുണ്ടായിരിക്കെ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടില്ല. പഠനം, അധ്യാപനം എന്നിവക്കായി മുസ്ഹഫ് എടുക്കുന്നതും പാരായണം ചെയ്യുന്നതും തെറ്റല്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വുദു ഉണ്ടായിരിക്കുന്നത് നല്ലതാണ്. എന്നാല്‍ വുദു ഇല്ലാതെ ഖുര്‍ആന്‍ പാരാണയം ചെയ്യുന്നത് കുറ്റകരമല്ല. ഖുര്‍ആന്‍ പാരായണം തുടങ്ങുമ്പോള്‍ ഇസ്തിആദയും(അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം) ബസ്മലയും (ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം) പാരായണം ചെയ്യുന്നത് സുന്നത്താണ്. എന്നാല്‍ ഒമ്പതാം അധ്യായമായ സൂറതുത്തൗബ പാരായണം ചെയ്യുമ്പോള്‍ ഇസ്തിആദ മാത്രമേയുള്ളൂ. മുസ്ഹഫിലെ അധ്യായങ്ങളുടെ ക്രമപ്രകാരം പാരായണം ചെയ്യുന്നതാണ് നല്ലതെങ്കിലും ഇഷ്ടമുള്ള ഇടങ്ങളില്‍ നിന്ന് അധ്യായങ്ങളുടെ ക്രമം പാലിക്കാതെ പാരായണം ചെയ്യുന്നത് തെറ്റല്ല. എന്നാല്‍ ബോധപൂര്‍വം ആയത്തുകളുടെ ക്രമം തെറ്റിച്ചും ഇടവിട്ടും പാരായണം ചെയ്യാന്‍ പാടില്ലാത്തതാണ്.
ഖുര്‍ആന്‍ നിന്ദിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനോ അത്തരക്കാര്‍ക്ക് ഖുര്‍ആന്‍ നല്കാനോ പാടില്ല. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിക്കാകമാനമുള്ള സത്യാസത്യവിവേചനമാണ് എന്നിരിക്കെ അമുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ നല്കാന്‍ പാടില്ലെന്ന ചിലരുടെ വാദം ശരിയല്ല. വിവര്‍ത്തനങ്ങളും മറ്റും പഠനത്തിനായി അവര്‍ക്ക് നല്കുന്നത് വലിയ പുണ്യകര്‍മവും നാം സ്‌നേഹിക്കുന്നവരോടുള്ള ബാധ്യതാ നിര്‍വഹണത്തിന്റെ ഭാഗവുമാണ്. വെറുതെ ഷോകേസില്‍ വെക്കാന്‍ ഖുര്‍ആനിന്റെ കോപ്പികള്‍ ഉപയോഗിക്കുന്നത് ശരിയല്ല. അത് ധൂര്‍ത്തും ഖുര്‍ആനിനെ അപമാനിക്കലുമാണ്. മുസ്ഹഫിനു നേരെ കാല്‍ നീട്ടരുത്, മുസ്ഹഫിനു മേലെ മറ്റു വസ്തുക്കള്‍ വെക്കരുത് എന്നെല്ലാം പറയുന്നത് അവ കുറ്റകരമായതിനാലല്ല, മറിച്ച് ഖുര്‍ആനിനെ ആദരിക്കുക എന്ന അര്‍ഥത്തിലാണ്. ഖുര്‍ആനിന്റെ പഴയ പ്രതികളും എഴുതിയ പേജുകളുമെല്ലാം ശ്രദ്ധയോടെ കൈകാര്യംചെയ്യപ്പെടണം. അത് മലിനമാക്കപ്പെടാനും അവഗണിക്കപ്പെടാനും സാധ്യതയുള്ള വിധത്തില്‍ ഉപേക്ഷിക്കരുത്. പരമാവധി ഭദ്രമായി സൂക്ഷിച്ചുവെക്കുന്നതാണ് ഉത്തമം. പ്രയാസകരമാകുന്ന പക്ഷം, കത്തിച്ചു കളഞ്ഞോ കുഴിച്ചുമൂടിയോ നശിപ്പിക്കാവുന്നതാണ്. പഴയ സാധനങ്ങളുടെ കൂടെ വില്പനക്ക് കൊടുക്കരുത്. അത് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തുമെന്ന് അറിയില്ലല്ലോ.