Skip to main content

ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠത

ഖുര്‍ആന്‍ പാരായണം ചെയ്യല്‍ വിശ്വാസികളുടെ സ്വഭാവമായാണ് അല്ലാഹു ഖുര്‍ആനില്‍ സൂചിപ്പിക്കുന്നത് (35:29). തങ്ങളുടെ ശബ്ദം കൊണ്ട് ഖുര്‍ആനിനെ മനോഹരമാക്കാന്‍ നബി(സ്വ) സ്വഹാബത്തിനെ ഉണര്‍ത്തിയിരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പാരായണം ചെയ്യുന്നത് ശ്രദ്ധിക്കുന്നതും പ്രവാചകന്‍(സ്വ) ഇഷ്ടപ്പെട്ടിരുന്നു. രാത്രി നമസ്‌കാരങ്ങളില്‍ ദീര്‍ഘനേരം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് അദ്ദേഹം നമസ്‌കരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ പ്രവാചകന്‍ ഉബയ്യ്(റ) നോട് പറഞ്ഞു: നീ എനിക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു തരുവാന്‍ നാഥന്റെ കല്പനയുണ്ട്. ഉബയ്യ്(റ) ചോദിച്ചു: നാഥന്‍ എന്റെ പേരെടുത്ത് പറഞ്ഞോ? അതേ, നാഥന്‍ ഉബയ്യിന്റെ പേരെടുത്ത് പറഞ്ഞിരിക്കുന്നു. പ്രവാചകന്‍ മറുപടി പറഞ്ഞു. സന്തോഷത്താല്‍ ഉബയ്യ്(റ)ന്റെ കണ്ണുകള്‍ നിറഞ്ഞു.

ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് അല്ലാഹു നല്കുന്ന പ്രതിഫലത്തെപ്പറ്റി നബി(സ്വ) പഠിപ്പിച്ചു: ഖുര്‍ആനില്‍ നിന്ന് ആരെങ്കിലും ഒരു അക്ഷരം പാരായണം ചെയ്താല്‍ അവന്ന് പത്ത് നന്മയുടെ പ്രതിഫലം ലഭിക്കും. എന്നിട്ട് പ്രവാചകന്‍ പറഞ്ഞു: അലിഫ് ലാം മീം എന്നത് ഒരൊറ്റ അക്ഷരമല്ല. അലിഫ് ഒരക്ഷരമാണ്, ലാം മറ്റൊരക്ഷരമാണ്, മീം മറ്റൊരക്ഷരമാണ്. പ്രതിഫലത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ഇതിലൂടെ പ്രവാചകന്‍ പഠിപ്പിച്ചത്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കു വേണ്ടി ഖുര്‍ആന്‍ പരലോകത്ത് ശുപാര്‍ശ നടത്തും. സ്വര്‍ഗത്തില്‍ അവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ ലഭിക്കും, പ്രയാസപ്പെട്ടു കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കും എന്നിങ്ങനെ ഖുര്‍ആന്‍ പാരായണത്തിന് ഒരുപാടു ശ്രേഷ്ഠതകള്‍ പ്രവാചകന്‍ പഠിപ്പിച്ചു. മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യാതെ നിങ്ങള്‍ വീടുകള്‍ ശ്മശാനങ്ങളാക്കി മാറ്റരുത്. തീര്‍ച്ചയായും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവീട്ടില്‍ നിന്ന് പിശാച് ഓടിയകലുന്നതാണ്. 


ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരെ പ്രവാചകന്‍ ഉപമിച്ചതിങ്ങനെ: ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ ഉപമ മാതളനാരങ്ങ പോലെയാകുന്നു. അതിന്റെ രുചിയും മണവും നല്ലതാണ്. ഖുര്‍ആന്‍ പാരായണം ചെയ്യാത്തവന്‍ ഈന്തപ്പഴം പോലെയാണ്. അതിന്റെ രുചി നല്ലതാണ്. പക്ഷേ സുഗന്ധമില്ല. ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ദുര്‍മാര്‍ഗി തുളസിച്ചെടി പോലെയാണ്. അതിനു സുഗന്ധമുണ്ട് രുചി കയ്പാണു താനും. ഖുര്‍ആന്‍ തീരെ പാരായണം ചെയ്യാത്തവന്‍ ആട്ടങ്ങ പോലെയാണ്. അതിന്റെ രുചി കയ്പാണ്. ഗന്ധമില്ലതാനും.


 

Feedback