Skip to main content

ദൈവദൂതന്മാരെ തള്ളിയ ജനത

ഒരു ജനതയിലേക്ക് നിയോഗിക്കപ്പെട്ടത് രണ്ട് ദൈവദൂതന്മാര്‍. എന്നാല്‍ ബഹുദൈവാരാധനയില്‍ മുഴുകിയ ആ ജനത ദൈവദൂതന്മാരെ തള്ളി. അവരെ അപശകുനമായി കണ്ടു. എറിഞ്ഞുകൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി. എന്നാല്‍ ഒരാള്‍ അവരില്‍ വിശ്വസിച്ചു; മൂന്നാമനായി.

ജനതയെ ഉപദേശിച്ച മൂന്നാമന്‍ പക്ഷേ അവരുടെ കൈകളാല്‍ കൊല്ലപ്പെട്ടു. രക്തസാക്ഷിയായ മൂന്നാമന് അല്ലാഹു നല്‍കിയത് സ്വര്‍ഗം; ആദരണീയ പദവിയും. അക്രമികളായ ജനതയാകട്ടേ, ഘോരഗര്‍ജനത്തോടെ സര്‍വസംഹാരിയായ ശിക്ഷയും അനുഭവിച്ചു. വിശുദ്ധ ഖുര്‍ആനിലെ സൂറ യാസീനിലാണ് (13-32) ഈ കഥ അല്ലാഹു വിശ്വാസികള്‍ക്ക് പറഞ്ഞു തരുന്നത്.

ആ രാജ്യക്കാര്‍ മക്കയിലെ ഖുറൈശികളെപ്പോലെത്തന്നെ ദൈവവിശ്വാസികളായിരുന്നു. എന്നാല്‍ ഏക ദൈവത്തിലല്ല, ബഹുദൈവ വിശ്വാസികളായിരുന്നു അവര്‍. അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയെന്ന ദൗത്യവുമായാണ് രണ്ടു ദൂതരെ നിയോഗിച്ചത്.

പ്രബോധനം തുടങ്ങിയപ്പോള്‍ ആ ജനതയുടെ പ്രതികരണം ഇങ്ങനെ: ''നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ തന്നെയല്ലേ? നിങ്ങളെന്തിനു കള്ളം പറയുന്നു? നിങ്ങളുടെ പക്കല്‍ അല്ലാഹുവില്‍ നിന്നുള്ള യാതൊരു തെളിവുമില്ലല്ലോ''.

ദൂതന്മാര്‍ ആണയിട്ടു: ''ഞങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളവര്‍ തന്നെ. നിങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കാനാണ് ഞങ്ങള്‍ വന്നത്''.

ജനത ക്ഷുഭിതരായി: ''നിങ്ങള്‍ ദുശ്ശകുനങ്ങളാണ്. നിങ്ങള്‍ ഈ ദൗത്യം നിര്‍ത്താത്ത പക്ഷം ഞങ്ങള്‍ നിങ്ങളെ കല്ലെറിയും''.

''നിങ്ങള്‍ക്ക് ശകുനം നിങ്ങള്‍ തന്നെയാണ്. ഉപദേശിക്കുന്നവരെ ഭീക്ഷണിപ്പെടുത്തുന്ന നിങ്ങള്‍ അതിരുവിട്ട സമുഹം തന്നെയാണല്ലോ''. ദൂതന്മാര്‍ പരിതപിച്ചു.

ഇതിനിടയിലാണ് ദൂതന്മാരുടെ ഉപദേശം സ്വീകരിച്ച് ഒരു പട്ടണ നിവാസി അവിടെ എത്തുന്നത്. ദൂതന്മാരെ പിന്‍പറ്റാന്‍ അദ്ദേഹം തന്റെ ജനതയെ ഉദ്‌ബോധിപ്പിക്കുന്നു. ''നമ്മെ സൃഷ്ടിച്ച ദൈവത്തിന് ആരാധന ചെയ്യാന്‍ നാമെന്തിന് മടിക്കണം''- അദ്ദേഹം പറഞ്ഞു.

സത്യം ബോധ്യപ്പെടുന്നവര്‍ക്ക് ഇങ്ങനെയാണ്. അവര്‍ ബോധ്യപ്പെട്ട സത്യം തുറന്നു പറയും. ഗുണകാംക്ഷയാല്‍, അത് ബോധ്യപ്പെടാത്തവരെ അതിലേക്ക് ക്ഷണിക്കും. ''പരമ കാരുണികന്റെ വല്ല ഉപദേശവും എനിക്ക് വരുന്ന പക്ഷം അതിനെ തടയാന്‍ നിങ്ങള്‍ ആരാധിക്കുന്ന ഈ ദൈവങ്ങളുടെ ശുപാര്‍ശ ഒട്ടും ഉപകാരപ്പെട്ടില്ല''- അദ്ദേഹം പറഞ്ഞു നോക്കി.

എന്നാല്‍ ദൂതന്മാരെ ഭീക്ഷണിപ്പെടുത്തിയ ജനത വിശ്വാസിയായ പട്ടണ നിവാസിയെ വധിക്കുകയാണ് ചെയ്തത്, (ഈ കാര്യം ഖുര്‍ആന്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍ വ്യാഖ്യാതാക്കള്‍ ഇങ്ങനെ അഭിപ്രായം പറഞ്ഞു കാണുന്നു).

മരിച്ച് ദൈവസാമീപ്യം പ്രാപിച്ച തന്റെ അടിമക്ക് അല്ലാഹു നല്‍കിയതാവട്ടെ അനുഗ്രഹങ്ങളുടെ പൂന്തോപ്പായ സ്വര്‍ഗവും. തന്റെ ദൂതന്മാരില്‍ വിശ്വസിക്കുകയും വിശ്വസിച്ച കാര്യങ്ങള്‍ പ്രബോധനം നടത്തുകയും ആ വഴിയില്‍ മരണമേറ്റു വാങ്ങുകയും ചെയ്ത മനുഷ്യന് പ്രതിഫലമായി സ്വര്‍ഗമല്ലാതെ മറ്റെന്തു നല്‍കാന്‍!

സ്വര്‍ഗപ്രവേശം സിദ്ധിച്ച ആ സുമനസ്സ് പറയുന്നതോ, ഗുണകാംക്ഷയില്‍ മുക്കിയെടുത്ത വാചകങ്ങള്‍: ''എന്റെ നാഥാ എനിക്ക് പൊറുത്ത് തരികയും എന്നെ ആ ആദരണീയ പദവിയില്‍ ഇരുത്തുകയും ചെയ്തത്, ഹാ! എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു''.

തന്നെ കൊലപ്പെടുത്തിയവര്‍ക്കു പോലും ഗുണം കാംക്ഷിക്കുന്ന ദൈവദാസന്‍. എന്നാല്‍ രണ്ടു ദൈവദൂതന്മാരെ തള്ളുകയും മൂന്നാമനായ വിശ്വാസിയെ ജീവാപായപ്പെടുത്തുകയും ചെയ്ത് വീണ്ടും ദൈവധിക്കാരത്തില്‍ തുടര്‍ന്ന ആ ജനതക്ക് മേല്‍ അല്ലാഹു ഇറക്കിയതോ, കഠിന ശിക്ഷയും.

''ഒരൊറ്റ ഘോരശബ്ദം. അപ്പോള്‍ അവരതാ നശിച്ച് കെട്ടടങ്ങുന്നു. സന്ദേശവാഹകനെ പരിഹസിച്ച ജനതയുടെ കാര്യം മഹാ സങ്കടം തന്നെ''. ഭൗതിക ശിക്ഷയോടെ ഒന്നും അവസാനിക്കുന്നില്ല. അത് പാരത്രിക ലോകത്തെ അന്ത്യമില്ലാത്ത ശിക്ഷയുടെ ആരംഭമല്ലേ. അത് അതിലും കഷ്ടം തന്നെ.

അതേ, ദൈവിക സത്യവുമായി വരുന്ന ദൂതന്മാരെ പരിഹസിച്ച് തന്നിഷ്ടത്തില്‍ വിരാജിച്ച ഏതെങ്കിലും ജനത ലോകത്ത് വിജയം നേടിയിട്ടുണ്ടോ? ഇല്ലെന്നു മാത്രമല്ല, ദുരന്തങ്ങളുടെ പ്രതീകമായി അവര്‍ പില്കാല സമൂഹത്തിനു മുന്നില്‍ എന്നും നിലനില്‍ക്കുകയും ചെയ്യുന്നു.


 

Feedback