Skip to main content

ഒരു നൂറ്റാണ്ട് മരിച്ചുകിടന്ന മനുഷ്യനും കഴുതയും

അപ്പോള്‍ അല്ലാഹു അയാളെ നൂറുകൊല്ലം മരിപ്പിച്ചു കിടത്തി. പിന്നീട് ഉയിര്‍ത്തെഴുനേല്‍പ്പിച്ചു. എന്നിട്ട് ചോദിച്ചു: നീ എത്ര കാലം കഴിഞ്ഞു കൂടി? അയാള്‍ പറഞ്ഞു: ഒരു ദിവസം, അല്ല ഒരു ദിനത്തിന്റെ അല്പഭാഗം. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നൂറുകൊല്ലം കഴിഞ്ഞുകൂടിയിട്ടുണ്ട്. നിന്റെ ഭക്ഷ്യ പാനീയങ്ങള്‍ നോക്കൂ. അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയെ നോക്കൂ. നിന്നെ ജനത്തിന് ദൃഷ്ടാന്തമാക്കാന്‍ വേണ്ടിയാണിത്. അതിന്റെ അസ്ഥികൂടങ്ങളിലേക്ക് നോക്കുക. നാം അവയെ എങ്ങനെ പുനഃസംഘടിപ്പിക്കുകയും പിന്നെ അവയെ മാംസം കൊണ്ട് പൊതിയുകയും ചെയ്യുന്നുവെന്ന്. കാര്യം വ്യക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു (2:259).

സൃഷ്ടിക്കുന്നതും സംഹരിക്കുന്നതും അല്ലാഹു. ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്ക് സന്ദേഹമില്ല. കാരണം നാം ഇത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ മരണാനന്തരമുള്ള പുനരുത്ഥാനത്തിലോ? വിശ്വാസിക്കുപോലും സംശയത്തിന്റെ ലാഞ്ഛനയുണ്ടാകുമീ കാര്യത്തില്‍. അതുകൊണ്ടാകാം, ഖുര്‍ആന്‍ പുനര്‍ജീവിതം ഇടയ്ക്കിടെ പരാമര്‍ശിക്കുന്നത്. അവയിലൊന്നാണ് പരാമൃഷ്ട വചനം.

ബാബിലോണിയന്‍ രാജാവായിരുന്ന ബുഖ്ത്തുനസര്‍ ബൈത്തുല്‍ മുഖദ്ദസ് ആക്രമിച്ചു. ഇസ്രാഈല്യരെ കൂട്ടക്കൊല ചെയ്തു. ശേഷിച്ചവരെ അടിമകളാക്കി. അങ്ങനെ തകര്‍ന്നടിഞ്ഞതും വിജനവുമായ ജറൂസലമിലൂടെ ഒരാള്‍ തന്റെ കഴുതപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. ആ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പോകവെ ഒരു സന്ദേഹം അദ്ദേഹത്തിന്റെ ഉള്ളില്‍ നാമ്പെടുത്തു:''നിര്‍ജീവമായ ഈ നാടിനെയും നാട്ടുകാരെയും ഇനി എങ്ങനെ അല്ലാഹു ജീവിപ്പിക്കും!''

വിശ്വാസ ദൗബല്യത്തില്‍ നിന്നല്ല ഈ സന്ദേഹം ഉണ്ടായത്. മറിച്ച്, ഒരാശ്ചര്യ പ്രകടനം മാത്രമായിരുന്നു അത്. പുനരുജ്ജീവനം അനുഭവിക്കാത്തതിന്റെ ഫലം തന്റെ ദാസന്റെ സന്ദേഹം തീര്‍ത്തുകൊടുക്കാന്‍ തന്നെ നിശ്ചയിച്ചു അല്ലാഹു. അതിനായി അദ്ദേഹത്തെ മരിപ്പിച്ചു കിടത്തി.
 
വസന്തവും ഗ്രീഷ്മവും കടന്നുപോയി. തലമുറ തന്നെ മാറി. അങ്ങനെ ഒരു നൂറ്റാണ്ടിനുശേഷമാണ് നവജീവന്‍ നല്‍കി അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് വഹ്‌യിലൂടെ അല്ലാഹു അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യങ്ങളും അതിന് അദ്ദേഹം നല്‍കുന്ന ഉത്തരങ്ങളുമാണ് ഖുര്‍ആന്‍ വചനത്തിലുള്ളത്. ഇത് ഉസൈര്‍ പ്രവാചകനാണ് എന്നും അഭിപ്രായമുണ്ട്.

നൂറു വര്‍ഷം മരിച്ചുകിടന്ന അദ്ദേഹത്തിന്റെ ശരീരം ജീര്‍ണിച്ചില്ല, അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണം കേടുവന്നതുപോലുമില്ല. ഞാന്‍ ഒരു ദിനം പോലും കിടന്നില്ലെന്ന അദ്ദേഹത്തിന്റെ ഉത്തരം അതാണല്ലോ വ്യക്തമാക്കുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ വാഹനമായ കഴുത അസ്ഥികൂടമാവുകയും ദ്രവിച്ച് എല്ലുകള്‍ വേര്‍പ്പെടുകയും ചെയ്തിരിക്കുന്നു. അത് കണ്ണില്‍ പെട്ടപ്പോഴാണ് താന്‍ മരിച്ചുകിടന്ന കാലദൈര്‍ഘ്യം ബോധ്യമായത്. പക്ഷേ അതുപോരല്ലോ. പുനര്‍ജീവിതം തന്നെ ബോധ്യമാവണമല്ലോ.

അതേ, അദ്ദേഹം നോക്കിനില്‍ക്കേ ദ്രവിച്ച അസ്ഥികള്‍ കൂടിച്ചേരുന്നു. അസ്ഥികളെ മാംസം പൊതിയുന്നു. തലയും വാലും കാലുകളും രുപപ്പെടുന്നു. നിമിഷങ്ങള്‍ക്കകം അദ്ദേഹത്തെ വിസ്മയിപ്പിച്ച് തന്റെ കഴുത പഴയപടി മുന്നില്‍ നില്‍ക്കുന്നു. ദൈവിക ദൃഷ്ടാന്തത്തില്‍, അദ്ദേഹത്തിന്റെ മനസ്സില്‍ രൂപം കൊണ്ട ആ ചെറിയ സംശയം മാഞ്ഞുപോയി. ''സൃഷ്ടിച്ചതുപോലെ, മരിപ്പിച്ചതുപോലെ, പുനരുജീവിപ്പിക്കാനും നാഥാ നിനക്ക് കഴിയുക തന്നെ ചെയ്യും. എന്റെ അനുഭവം സാക്ഷി. ദൈവദൂതന്‍ ഏറ്റുപറയുന്നു.

തകര്‍ന്നടിഞ്ഞ ജറൂസലമും അതിലെ ജനതകളും മാത്രമല്ല, ഈ ലോകവും അതിലെ സകല ചരാചരങ്ങളും മുന്‍ മാതൃകയില്ലാതെ തികച്ചും ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച അല്ലാഹുവിന് അവയെ മുഴുവന്‍ പുനരുജ്ജീവിപ്പിക്കുകയെന്നത് പ്രയാസമില്ലാത്ത കാര്യമാണ്. അത് അനുഭവത്തിലൂടെ അല്ലാഹു തന്റെ ദൂതന് വ്യക്തമാക്കിക്കൊടുത്തു.

അനുഭവം വിശ്വാസത്തെ ദൃഢപ്പെടുത്തും. ഒരു തിരുവചനമുണ്ട്: റസൂല്‍ (സ്വ) പറഞ്ഞു. എനിക്ക് സ്വര്‍ഗവും നരഗവും കാണിക്കപ്പെട്ടു. നന്മയിലും തിന്മയിലും അന്നത്തെപ്പോലെ ഒരു ദിനം ഞാന്‍ കണ്ടിട്ടില്ല. കാര്യങ്ങള്‍ എനിക്കറിയാവുന്നതുപോലെ നിങ്ങള്‍ക്കും അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ കുറച്ചുമാത്രം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നു (ബുഖാരി). 

Feedback