നിറഞ്ഞൊഴുകുന്ന അരുവിയുടെ ഇരുകരകളിലേക്കും ഒരാള്‍ മാറി മാറി നോക്കി. പച്ചപ്പില്‍ പരിലസിച്ചു നില്‍ക്കുന്ന രണ്ടു തോട്ടങ്ങള്‍. പടര്‍ന്നു പന്തലിച്ചു വള്ളികളില്‍ ഭാരമേറ്റി നില്‍ക്കുന്ന മുന്തിരിക്കുലകള്‍, പഴുത്ത് പാകമായ വിവിധ ഫലവര്‍ഗങ്ങള്‍, തോട്ടത്തിനു കാവലെന്നോണം ചുറ്റിലും തലയുയര്‍ത്തി നില്‍ക്കുന്ന ഈത്തപ്പനകള്‍, അവയില്‍ വിളവെടുപ്പിന് പാകമായ ഈത്തപ്പഴക്കുലകള്‍. തോട്ടങ്ങള്‍ക്ക് നനവു പകര്‍ന്ന് വളഞ്ഞൊഴുകുന്ന അരുവി.
''ഞാനെത്ര ധന്യന്‍, ഈ സമ്പത്തെല്ലാം എന്റേതാണല്ലോ, മറ്റാര്‍ക്കുമില്ല ഇതിനെ വെല്ലാന്‍ മാത്രം അനുഗ്രഹങ്ങള്‍. എന്റെ അധ്വാനം എന്നെ ഐശ്വര്യവാനാക്കിയിരിക്കുന്നു''. അയാള്‍ സ്വയംപര്യാപ്തത നടിച്ചു.
തോട്ടത്തിനകത്തു കൂടി കൊതിയോടെ നടന്നു നീങ്ങിയ പാവങ്ങളെ അയാള്‍ അവജ്ഞയോടെ നോക്കി. ഈ ലോകത്ത് ഒന്നുമില്ലാത്ത ദരിദ്രര്‍. ഇവരെത്ര ഹതഭാഗ്യര്‍!. തോട്ടങ്ങളും സമ്പത്തും സ്വന്തമായില്ലാത്ത നിസ്സാരന്മാര്‍.
സ്വയം പ്രമാണിത്തം ചമഞ്ഞ അയാള്‍ അതുവഴി കടന്നുപോയ ഒരു മനുഷ്യനെ അടുത്തു വിളിച്ചു, ആ മനുഷ്യന്‍ പുറമെ ദരിദ്രനാണെങ്കിലും അകമേ ധനികനായിരുന്നു. അടിയുറച്ച ദൈവവിശ്വാസമാണ് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഐശ്വര്യം നിറച്ചത്.
''ഞാന്‍ നിന്നേക്കാള്‍ സമ്പത്തുള്ളവനാണ്. ഇതാ എന്റെ തോട്ടങ്ങള്‍ നീ കാണുന്നില്ലേ?”- ധനികന്‍ അഹങ്കാരത്തോടെ ആ പാവത്തിനു മുന്നില്‍ പൊങ്ങച്ചം നടിച്ചു.
“ഇത് അല്ലാഹു താങ്കള്‍ക്ക് നല്‍കിയ അനുഗ്രഹമാണ് ഇത് ചൂണ്ടിക്കാണിച്ച് അഹങ്കാരം നടിക്കരുത് സഹോദരാ. ദിവ്യാനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുക താങ്കള്‍”- വിശ്വാസി വിനയത്തോടെ ഉണര്‍ത്തി.
എന്നാല്‍ അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹമാണ് ആ തോട്ടങ്ങളെന്ന് കരുതാന്‍ അയാള്‍ സന്നദ്ധനല്ലായിരുന്നു. തന്റെ അധ്വാനവും ബുദ്ധിയുമാണ് മനസ്സിന് കുളിരേകുന്ന ആ ഫലോദ്യാനത്തിനു പിന്നിലെന്ന് തോട്ടമുടമ ആവര്‍ത്തിച്ചു.
“സഹോദരാ, ഈ ലോകവും അതിലെ വിഭവങ്ങളുമെല്ലാം നശിക്കും. പരലോകം സത്യമാണ് അല്ലാഹു മാത്രമാണ് അനശ്വരമായുള്ളത്”- ആ ദരിദ്രന്‍ അയാളെ ഉപദേശിച്ചുകൊണ്ടിരുന്നു.
എന്നാല്‍ ഉപദേശങ്ങള്‍ കേള്‍ക്കാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല. തന്റെ ഫലഭൂയിഷ്ടമായ തോട്ടങ്ങള്‍ നോക്കി അയാള്‍ പറഞ്ഞു: ''ഈ തോട്ടങ്ങള്‍ നശിക്കുമെന്ന് ഞാന്‍ കരുതുന്നേയില്ല. അന്ത്യദിനം സംഭവിക്കുമെന്ന വിശ്വാസവും എനിക്കില്ല. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനേക്കാളും വലിയത് കിട്ടാന്‍ ഞാന്‍ യോഗ്യനുമാണ്”.
അഹങ്കാരം സ്ഫുരിക്കുന്ന ആ വാക്കുകള്‍ വിശ്വാസിയായ ദരിദ്രനെ വേദനിപ്പിച്ചു. തോട്ടങ്ങളോട് പുച്ഛവും തോട്ടക്കാരനോട് സഹതാപവും തോന്നിയ അദ്ദേഹം ഒരിക്കല്‍ കൂടി ഉദ്‌ബോധനം തുടർന്നു.
“ചങ്ങാതീ, മണ്ണില്‍ നിന്നും ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും അനന്തരം നിന്നെ മനുഷ്യനായി വളര്‍ത്തുകയും ചെയ്ത നാഥനെ നീ തള്ളിക്കളയരുത്. വാനലോകത്ത് നിന്നിറങ്ങുന്ന ശിക്ഷകളാല്‍ നിന്റെ തോട്ടങ്ങളെ വെറും മണ്‍പ്രദേശങ്ങളാക്കാനും അതിലെ ജലധന്യമായ അരുവികളെ ഊഷരമാക്കിക്കളയാനും അല്ലാഹുവിന് കഴിയും. അത് വിസ്മരിക്കരുത്”.
വിവേകത്തിന്റെ സ്വരം അവഗണിച്ച് തോട്ടക്കാരന്‍ അഹങ്കാരത്തോടെ തന്റെ ആരാമത്തിലേക്ക് കടന്നു. വിശ്വാസി വേദനയോടെ സ്ഥലം വിടുകയും ചെയ്തു.
നേരമേറെ കഴിഞ്ഞില്ല. മുന്തിരിക്കുലകള്‍ നോക്കി തോട്ടക്കാരന്‍ ഊറ്റം കൊള്ളവെ അവന്റെ ഫല സമൃദ്ധിക്കുമേല്‍ ആപത്തു വട്ടമിട്ടു. കണ്‍ചിമ്മിത്തുറക്കും മുമ്പ് അവന്റെ മുന്തിരിപ്പന്തലുകള്‍ നിലം പരിശായി. ഈത്തപ്പഴക്കുലകള്‍ ചിതറിത്തെറിച്ചു. അതേ, ദൈവിക ശിക്ഷ വാനം വഴി അവന്റെ കണ്മുന്നില്‍ നിറയുകയായിരുന്നു.
ദൈവാനുഗ്രഹത്തെ മറന്ന് സ്വന്തം നിലയെ വാഴ്ത്തിയ തോട്ടക്കാരന്‍ കൈകള്‍ മലര്‍ത്തി വിലപിച്ചു: “ഞാനെത്ര നിര്‍ഭാഗ്യവാന്‍. ഞാന്‍ അധ്വാനിച്ചതും ഞാന്‍ ചെലവഴിച്ചതുമെല്ലാം മണ്ണടിഞ്ഞല്ലോ. ഞാനെന്റെ നാഥനോട് നന്ദി കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു”. എന്നാല്‍ സഹായിക്കപ്പെടാന്‍ യോഗ്യതയില്ലാത്ത അവന്റെ വിലാപങ്ങള്‍ ആരു കേള്‍ക്കാന്‍. ദൈവം അവനെ കൈവിട്ടുപോയില്ലേ!.
സൂറ, അല്‍ കഹ്ഫിലെ 32 മുതല്‍ 43 വരെയുള്ള വചനങ്ങളില്‍ അല്ലാഹു വിവരിക്കുന്ന ഒരു കഥയാണിത്. തന്റെ അനുഗ്രഹങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കെത്തന്നെ അഹങ്കാരം നടിക്കുകയും ദൈവത്തെ നിഷേധിക്കുകയും ചെയ്യുന്നവന്റെയും ദാരിദ്ര്യത്തിലും വിശ്വാസ ധന്യതയാല്‍ ദൈവത്തെ സദാ സ്മരിക്കുന്നവന്റെയും ജീവിത സമീപനങ്ങളാണിവിടെ പ്രതിപാദ്യം. സ്വത്തും സമ്പാദ്യങ്ങളും സന്താനങ്ങളും ജീവിത വിജയത്തിലെ അലങ്കാരങ്ങള്‍ മാത്രമാണ്. അതില്‍ മതിമറക്കുന്നവന്‍ ഒടുവില്‍ കൈമലര്‍ത്തി ഖേദിക്കേണ്ടി വരും. സത്കര്‍മങ്ങള്‍ മാത്രമാണ് ബാക്കിയാവുക. അത് പ്രവര്‍ത്തിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ ശുഭപ്രതീക്ഷയ്ക്ക് അര്‍ഹതയുള്ളൂ എന്നത്രേ ഈ കഥയുടെ സാരം.