Skip to main content

ഖുര്‍ആനിന്റെ വെല്ലുവിളി

ഖുര്‍ആന്‍ തന്റെ വചനമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ അവതരണ വേളയിലെ ശ്രോതാക്കള്‍ മുതല്‍ അന്ത്യനാള്‍ വരെയുള്ള ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് അത് ബോധ്യമാവുകയും അനുഭവപ്പെടുകയും ചെയ്യും. വിവിധ നൂറ്റാണ്ടുകളിലെ ലോകവളര്‍ച്ച നിരീക്ഷിക്കുകയാണെങ്കില്‍ അത് വിവിധ മേഖലകളിലാണെന്ന് കണ്ടെത്താന്‍ കഴിയും. ഖുര്‍ആന്‍ അവതരണകാലത്തെ ജനതയ്ക്ക് ഇന്നത്തെ ശാസ്ത്രീയ വളര്‍ച്ച പ്രാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഖുര്‍ആനിന്റെ സ്ഫുടമായ അറബി ഭാഷയും അതിന്റെ ലാളിത്യവും ഈണാത്മകവും വശ്യവുമായ ശൈലിയും അവരെ അത്ഭുതപ്പെടുത്തി. കാരണം, അക്ഷരാഭ്യാസമില്ലെങ്കിലും പ്രാസവും വൃത്തവുമൊത്ത അറബിക്കവിതകള്‍ നിമഷനേരം കൊണ്ട് വാമൊഴിയായി രചിക്കുന്നവരായിരുന്നു അവരിലധികപേരും. ഭാഷ കൊണ്ട് അമ്മാനമാടുന്ന അവര്‍ക്കിടയിലെ സര്‍ഗപ്രതിഭകള്‍ ഖുര്‍ആന്‍ പാരായണം ഒളിച്ചിരുന്ന് കേള്‍ക്കുമായിരുന്നു. ലോകം വളര്‍ന്നു കൊണ്ടിരുന്നു. തത്ത്വശാസ്ത്രങ്ങളുടെ ഒരു യുഗമുണ്ടായിരുന്നു. അന്ന് ഫിലോസഫര്‍മാര്‍ക്ക് മുമ്പില്‍ ഖുര്‍ആനിന്റെ തത്ത്വശാസ്ത്രങ്ങള്‍ മറി കടക്കാന്‍ കഴിയാത്ത കടമ്പയായി മാറി. ചരിത്രഗവേഷണങ്ങള്‍ വികാസം പ്രാപിച്ചപ്പോള്‍ ചരിത്രകാരന്‍മാര്‍ ഖുര്‍ആനില്‍ പറഞ്ഞ ചരിത്രയാഥാര്‍ഥ്യങ്ങളിലെത്തിച്ചേരുകയായിരുന്നു. ആധുനിക ശാസ്ത്ര ശാഖകള്‍ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുമ്പോഴും പില്ക്കാലത്തെ ശാസ്ത്ര യാഥാര്‍ഥ്യങ്ങള്‍ ഖുര്‍ആനില്‍ മുമ്പേ പ്രവചിക്കപ്പെട്ടത് ശാസ്ത്രലോകത്തെയും അത്ഭുതപ്പെടുത്തുന്നു. 

മുഹമ്മദിന്റെ സൃഷ്ടിയാണ് ഖുര്‍ആന്‍, മുഹമ്മദ് വിദഗ്ധനായ മാരണക്കാരനായത് കൊണ്ടാണ് ഖുര്‍ആന്‍ ഉരുവിടാന്‍ കഴിയുന്നത്, ശാസ്ത്രത്തിന്റെ പിറവിയോട് കൂടി ഖുര്‍ആനിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു എന്നിങ്ങനെയുള്ള അവകാശവാദങ്ങളുന്നയിച്ചവരോടെല്ലാമായി ഖുര്‍ആന്‍ പലതവണ ലളിതമായ വെല്ലുവിളി നടത്തിയിട്ടുണ്ട്. ആദ്യം അവരോട് ഖുര്‍ആന്‍ പോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു(17:88). അതിനു ശേഷം ഒരു പത്ത് സൂറത്തെങ്കിലും കൊണ്ടുവരാനാവശ്യപ്പെട്ടു(11:13). അവസാനമായി ഒരു അധ്യായമെങ്കിലും കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു(10:38). എന്നാല്‍ ഖുര്‍ആനിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ അക്കാലത്തെ അറബിഭാഷാ കുലപതികള്‍ മുതല്‍ ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. 

 

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446