Skip to main content

ലൂത്വ് നബി(അ)

''എന്റെ അതിഥികളുടെ മുന്നില്‍ വെച്ച് എന്നെ അപമാനിക്കരുത്. എന്റെ പെണ്‍മക്കളെ ഞാന്‍ നിങ്ങള്‍ക്ക് വിവാഹം ചെയ്തു തരാം. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരാളുമില്ലേ?'' ലൂത്വ് (അ) നിസ്സഹായത പ്രകടിപ്പിച്ചു. 'ആര്‍ക്കു വേണം നിന്റെ പെണ്‍മക്കളെ. ഞങ്ങള്‍ക്കുവേണ്ടത് എന്താണെന്ന് നിനക്കറിയാം.' വിരുന്നുകാര്‍ക്കു നേരെ ഓടിയടുത്ത ആള്‍ക്കൂട്ടം അക്രമാസക്തരായി. ലൂത്വ് നിസ്സഹായനായി നില്‍ക്കെ, വിരുന്നുകാര്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''ലൂത്വ്, ഞങ്ങള്‍ മാലാഖമാരാണ്. ഈയാളുകള്‍ക്ക് നിന്റെയും ഞങ്ങളുടെയും അടുത്ത് എത്താനാവില്ല. നീയും കുടുംബവും സ്ഥലം വിടുക. ഇവരുടെ അവധി പ്രഭാതം വരെയാണ്''.

അധികം വൈകാതെ ശിക്ഷവന്നു. ചുട്ടെടുത്ത കല്ലുകള്‍ തുടരെത്തുടരെ വര്‍ഷിക്കപ്പെട്ടു. അങ്ങനെ ആ നാട് കീഴ്‌മേല്‍ മറിഞ്ഞു. സദൂം ജനത ഭൂമുഖത്തു നിന്ന് തുടച്ചു നീക്കപ്പെട്ടു.

ജോര്‍ദാനിലെ സദൂം പ്രദേശത്തേക്ക് അല്ലാഹു പ്രവാചകനായി നിയോഗിച്ചത് ലൂത്വി(അ)നെയാണ്. ഇബ്‌റാഹീം നബിയുടെ സഹോദര പുത്രനായ ലൂത്വ് അവിടെയെത്തുമ്പോള്‍ ദയനീയമായിരുന്നു സദൂമുകാരുടെ അവസ്ഥ.

വിഗ്രഹാരാധനയും ബഹുദൈവ വിശ്വാസവും ഒരുഭാഗത്ത്, ലൈംഗികാരാജകത്വം മറുഭാഗത്തും. രതിദാഹം തീര്‍ക്കാന്‍ സ്ത്രീക്കുപകരം പുരൂഷനെത്തന്നെ പ്രാപിക്കുന്ന വൃത്തികെട്ട സംസ്‌കാരം. സ്വവര്‍ഗ സംഭോഗം. പൊതുസദസ്സുകളില്‍ പോലും അവര്‍ നിര്‍ലജ്ജം കുട്ടഭോഗം നടത്തി!.

ബഹുദൈവവിശ്വാസത്തിനെതിരെ ശബ്ദിച്ച ലൂത്വ് ഈ ജീര്‍ണതക്കെതിരെയും വിരല്‍ ചൂണ്ടി.

“ലൂത്വിനെ നാം അയച്ചു, അദ്ദേഹം തന്റെ ജനതയോട് പറഞ്ഞു: ലോകത്ത് ഒരാളും ഇതിനു മുമ്പ് ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തി നിങ്ങളും ചെയ്യരുത്. സ്ത്രീകളെ വിട്ട് പുരുഷന്‍മാരെ നിങ്ങള്‍ കാമവികാരത്തോടെ സമീപിക്കുന്നു. നിങ്ങള്‍ അതിരുവിട്ട ജനത തന്നെ'' (7:80,81).

ലൂത്വിന് അവര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ''ഇവര്‍ കുറെ വിശുദ്ധന്‍മാര്‍! പുറത്താക്കൂ ഇവരെ ഈ നാട്ടില്‍ നിന്ന്'' (7:82).

നിരാശനാവാതെ ലൂത്വ്(അ) പ്രബോധനം തുടര്‍ന്നു. ജീര്‍ണതയില്‍ നിന്ന് പിന്തിരിയാന്‍ ആരും ഒരുക്കമായിരുന്നില്ല. ലൂത്വിന്റെ ഭാര്യപോലും സത്യനിഷേധിയായി തുടര്‍ന്നു. സത്യനിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആന്‍ ഈ സ്ത്രീയെ എടുത്ത് കാണിച്ചിട്ടുണ്ട് (66:10).

സത്യനിഷേധത്തിലും ലൈംഗിക അരജകത്വത്തിലും മൂടുറച്ച സദൂമിനു മേല്‍ ദൈവിക ശിക്ഷ അനിവാര്യമായി. ഈ കാര്യം അറിയിക്കാനാണ് മാലാഖമാര്‍ സുമുഖരായ യുവാക്കളുടെ വേഷത്തില്‍ ലൂത്വ് നബിയുടെ വീട്ടില്‍ എത്തിയത്. അതും ഒരു പരീക്ഷണമായിരുന്നു. ഇവരെ കണ്ടമാത്രയില്‍ സദൂമിലെ തെമ്മാടികള്‍ വിരുന്നുകാരെ പ്രാപിക്കാനായി ഓടിക്കൂടി. ആതിഥേയനായ ലൂത്വ് തടയാനൊരുങ്ങി. എന്റെ പെണ്‍മക്കളെ ഞാന്‍ നിങ്ങള്‍ക്ക് വിവാഹം കഴിച്ചുതരാം, എന്നാലും എന്റെ അതിഥികളെ അപമാനിക്കരുത്. പക്ഷേ ആള്‍കൂട്ടം ലൂത്വിനെ അവഗണിച്ചു. ഇതോടെയാണ് അതിഥികള്‍ സത്യാവസ്ഥ പ്രവാചകനോട് വെളിപ്പെടുത്തിയത്:

''ലൂത്വ്, ഞങ്ങള്‍ താങ്കളുടെ നാഥന്റെ ദൂതരാണ്. ജനങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാനാവില്ല. ആകയാല്‍ നീ കുടുംബസമേതം പുറപ്പെട്ടുകൊള്ളുക, ഒരാളും തിരിഞ്ഞു നോക്കിയേക്കരുത്, നിന്റെ ഭാര്യ ഒഴികെ. അവര്‍ക്കുള്ള ശിക്ഷ അവള്‍ക്കും ഭവിക്കും. അവര്‍ക്ക് നിശ്ചയിച്ച അവധി പ്രഭാതമാണ്. പ്രഭാതം അടുത്തു തന്നെ അല്ലേ'' (11:81).

കീഴ്‌മേല്‍ മറിക്കപ്പെട്ട സദൂം ജനത എക്കാലക്കാര്‍ക്കും ഗുണപാഠമായി ഇന്നും അവശേഷിക്കുന്നു, ചാവുകടലായി(Dead Sea). ജോര്‍ദാനിലും ഫലസ്തീനിലുമായി സ്ഥിതിചെയ്യുന്ന ചാവുകടല്‍ സമുദ്രനിരപ്പില്‍ നിന്ന് 1300 അടി താഴ്ചയിലാണുള്ളത്. കൂടിയ സാന്ദ്രതയുള്ളതിനാല്‍ ഇതിലെ വെള്ളത്തില്‍ എല്ലാം പൊങ്ങിക്കിടക്കും. ജീവജാലങ്ങളോ ബാക്ടീരിയപോലുമോ ഈ കടലിലില്ലത്രെ. അഅ്‌റാഫ്, ഹൂദ്, ഹിജ്ര്‍, ശുഅറാഅ്, നംല്, അന്‍കബൂത്ത്, ദാരിയാത്ത്, ഖമര്‍ തുടങ്ങിയ അധ്യായങ്ങളില്‍ ലൂത്വിന്റെ കഥ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446