Skip to main content

മദീന: ചരിത്രം

സുഊദി അറേബ്യയുടെ പടിഞ്ഞാറുഭാഗത്ത് തലസ്ഥാന നഗരമായ റിയാദില്‍നിന്ന് ഏതാണ്ട് 900 കിലോമീറ്റര്‍ ദൂരെയായി സ്ഥിതിചെയ്യുന്ന മുസ്‌ലിം ലോകത്തിന്റെ ഈ പുണ്യനഗരത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. നൂഹ് നബി(അ)യുടെ നാലാം തലമുറയായ അമാലിയക്കാരാണ് മദീനയുടെ പൂര്‍വ നാമമായ യസ്രിബിലെ ആദിമ സമൂഹം. ഇവരില്‍ നിന്നാണ് യഥ്‌രിബ് എന്ന പേരും വന്നത്. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജൂതന്മാര്‍ ഇവിടെ കുടിയേറി. ബനുന്നദീര്‍, ബനൂ ഖൈനുഖാഅ്, ബനൂഖുറൈദ എന്നിവയാണ് ജൂതഗോത്രങ്ങള്‍. പിന്നാലെ യമനില്‍നിന്ന് അറബികളുമെത്തി-ഔസ്,  ഖസ്റജ്. ഇവരാണ് കൃഷിയിലൂടെ ഈനാടിനെ സമ്പന്നമാക്കിയത്. ആറാം നൂറ്റാണ്ടില്‍ ഹിജ്‌റയിലൂടെയെത്തിയ നബി(സ്വ)യും സ്വഹാബികളും ജീവിതസ്പര്‍ശിയായ ഒരു സംസ്‌കരണത്തിലൂടെ മദീനയെ ലോകത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. 

ഇസ്‌ലാമിനെ പുല്കുകയും അതുവഴി പ്രഥമ ഇസ്ലാമിക രാജ്യത്തിന്റെ തലസ്ഥാനമാവുകയും ചെയ്ത മദീന, ഇസ്ലാമിക ശരീഅത്തിനെ സമ്പൂര്‍ണമായി പ്രയോഗവല്‍കരിച്ച് ലോകത്തിന് മാതൃകയായി. ക്രി. വര്‍ഷം 645 ആയപ്പോഴേക്കും ലോകത്തിലെ വിശാലമായ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയായി മാറി റസൂലിന്റെ പട്ടണം. നാലാം ഖലീഫ അലി(റ) കൂഫയിലേക്ക് തലസ്ഥാനം മാറ്റുന്നതുവരെ 40 വര്‍ഷക്കാലം അത് തുടര്‍ന്നു.

Feedback