ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട വിശുദ്ധ നഗരിയായ ജറൂസലമിലെ പഴയ നഗരത്തിലാണ് മസ്ജിദുല്‍ അഖ്‌സ്വ. 1948ല്‍ ഫലസ്തീന്‍ വിഭജിച്ച് ഇസ്‌റാഈല്‍ എന്ന ജൂതരാഷ്ട്രം സ്ഥാപിതമായതോടെ ഖുദുസിനും മസ്ജിദുല്‍ അഖ്‌സ്വാക്കും മേലുള്ള മുസ്‌ലിംകളുടെ നിയന്ത്രണം വീണ്ടും ഭാഗികമായി. 1967 ജൂണില്‍ അറബ് രാഷ്ട്രങ്ങളുമായുണ്ടായ ആറു ദിവസം നീണ്ട യുദ്ധത്തിലാണ് പഴയ നഗരം ഉള്‍പ്പെടുന്ന കിഴക്കന്‍ ജറൂസലമിന്റെ നിയന്ത്രണം ഇസ്രാഈല്‍ കൈയടക്കിയത്.
പഴയ നഗരത്തിന്റെ ആധിപത്യം ഇസ്രാഈലിനാണെങ്കിലും മസ്ജിദുല്‍ അഖ്‌സ്വയുടെ നടത്തിപ്പ് ജോര്‍ദാന്‍- ഫലസ്തീന്‍ സംയുക്ത നേതൃത്വത്തിലുള്ള ജറൂസലം ഇസ്‌ലാമിക് വഖ്ഫാണ് കൈകാര്യം ചെയ്യുന്നത്. ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ഡയരക്ടറും ഇസ്‌ലാമിക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം നടത്തുന്നത് ജറൂസലം ഗ്രാന്റ് മുഫ്തിയുമാണ്. 2006 മുതല്‍ മുഹമ്മദ് അഹമദ് ഹുസൈനാണ് ജറൂസലം ഗ്രാന്റ് മുഫ്തി. ഫലസ്തീന്‍ അതോറിറ്റിയാണ് ഗ്രാന്റ് മുഫ്തിയെ നിയമിക്കുന്നത്. ജോര്‍ദാന്‍ ഭരണകൂടമാണ് മസ്ജിദുല്‍ അഖ്വ്‌സ കോംപൗണ്ടിന്റെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക ചെലവു നല്‍കിവരുന്നത്.
1969ല്‍ ആസ്‌ട്രേലിയക്കാരനായ കുടിയേറ്റക്കാരന്‍ ഡെനിസ് മിഖായേല്‍ രോഹന്‍, അഖ്‌സ്വാ പള്ളിയില്‍ കടന്നുകയറി ആക്രമണം നടത്തുകയും ആയിരം വര്‍ഷത്തോളം പഴക്കമുള്ള, സ്വലാഹുദ്ദീന്‍ അയ്യൂബി സ്ഥാപിച്ച മിമ്പര്‍ (പ്രസംഗപീഠം) തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ലോക വ്യാപകമായ പ്രതിഷേധത്തിനു വഴിയൊരുക്കിയ ഈ നടപടി, ലോക രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതിയ സംഭവവികാസങ്ങള്‍ക്കും കാരണമായി. സുഊദി ഭരണാധികാരി ഫൈസല്‍ രാജാവിന്റെ നേതൃത്വത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് (1969 സെപ്തംബറില്‍ മൊറോക്കോയിലെ റബാത്തില്‍) രൂപീകരണം ഇതേ തുടര്‍ന്നായിരുന്നു. കേടുപാടുകള്‍ തീര്‍ത്ത് പള്ളി നവീകരിച്ചതിനു പിന്നിലും കാര്യമായ സഹായം ജോര്‍ദാന്റേതായിരുന്നു.
അഖ്വ്‌സ സമുച്ചയത്തിലെ ഇസ്രാഈല്‍ പൊലീസിന്റെ കര്‍ക്കശമായ സുരക്ഷാ നടപടികള്‍ പലപ്പോഴും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഇവിടെ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറും ബാരിക്കേഡും മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ വിശ്വാസികളെ ആരാധനയില്‍ നിന്നു തടയാനും ആക്രമിക്കാനുമുള്ള ഉപകരണമായാണ് പോലീസ് ഉപയോഗപ്പെടുത്തുന്നത്. ഫലസ്തീനികളുടെ സാന്നിധ്യം ഇല്ലാതാക്കാനുള്ള വംശീയ ശുദ്ധീകരണ തന്ത്രമാണ് ഇതുവഴി ഇസ്രാഈല്‍ ലക്ഷ്യമിടുന്നതെന്നതെന്നത് പരമാര്‍ഥമാണ്. നൂറുകണക്കിന് വിശ്വാസികളാണ് ജൂത പൊലീസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തത്. അഖ്വ്‌സ കോംപ്ലക്‌സ് തകര്‍ത്ത് ജൂത ക്ഷേത്രം പണിയണമെന്നാഹ്വാനം ചെയ്യാറുള്ള ടെംപ്ള്‍ മൗണ്ട് ഫെയ്ത്ഫുള്‍ എന്ന തീവ്ര ജൂതഗ്രൂപ്പിന്റെ ഫലസ്തീന്‍ വിരുദ്ധ പ്രകടനം ഇവിടെ തടയപ്പെടാറില്ല. ഫലസ്തീന്‍ മണ്ണിന്റെ യഥാര്‍ഥ അവകാശികളെ തടവുകാരാക്കാനുള്ള മറയായാണ് ഇസ്രാഈല്‍ സുരക്ഷാ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിവരുന്നത്.
2000 സെപ്തംബറില്‍ ഏരിയല്‍ ഷാരോണിന്റെ ഇസ്‌റാഈല്‍ പട്ടാളം പള്ളിയിലേക്ക് അതിക്രമിച്ചു കയറിയതും പുരാവസ്തു ഖനനത്തിന്റെ പേരില്‍ പള്ളിയുടെ സമീപത്ത് ഉദ്ഖനനം തുടങ്ങിയതും ജൂത ഗൂഢാലോചനയുടെ ഭാഗമാണ്. 2014 ജനുവരിയില്‍ ഇസ്രായേല്‍ മന്ത്രി ഉരി ഏരിയേല്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു: 'മസ്ജിദുല്‍ അഖ്‌സ്വായും ഖുബ്ബത്തുസ്സഖ്‌റയും അടങ്ങുന്ന വിശുദ്ധ ഹറമില്‍ മൂന്നാമത്തെ ജൂതക്ഷേത്രം പണിയുകയാണ് തങ്ങളുടെ ലക്ഷ്യം' (ഹൈക്കല്‍ സുലൈമാനിയും പിന്നീട് ജൂതക്ഷേത്രവും രണ്ടു തവണ തകര്‍ക്കപ്പെട്ട കാര്യം ശ്രദ്ധേയമാണ്). ഏതു വിധേനയും ഇസ്‌ലാമിക വിശുദ്ധ ഗേഹം തകര്‍ക്കുകയാണ് നിരന്തരമായി നടക്കുന്ന ജൂത ഗൂഢാലോചനയുടെ ലക്ഷ്യം.
ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഇസ്രായേല്‍ തലസ്ഥാനം ജറുസലമിലേക്ക് മാറ്റിയ നടപടി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അംഗീകരിച്ചതിനു പിന്നാലെ 2018 മെയ് 14ന് യു എസ് എംബസി അങ്ങോട്ട് മാറ്റിയ സംഭവവും പുതിയ പ്രതിഷേധക്കൊടുങ്കാറ്റിനു വഴിയൊരുക്കുകയായിരുന്നു. ഫലസ്തീനികളുടെ പ്രതിഷേധവും ഇസ്രാഈല്‍ സൈന്യം നടത്തുന്ന കൂട്ടക്കൊലകളും മസ്ജിദുല്‍ അഖ്‌സ്വാക്കും ജറൂസലമിനും വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തിന്റെ ഒടുവിലത്തെ അധ്യായമാണ്. ഫലസ്തീനികള്‍ ദുരന്ത ദിനമായി കരുതുന്ന (ലക്ഷക്കണക്കിന് ഫലസ്തീനികളെ അഭയാര്‍ഥികളാക്കി ഇസ്രാഈല്‍ രൂപീകരിക്കപ്പെട്ട ആഗസ്ത് 15 നഖ്ബ ദിനമായാണ് ആചരിക്കുന്നത്) ദിവസം തന്നെ യു എസ് എംബസി അവരുടെ സ്വപ്ന തലസ്ഥാനമായ ജറൂസലമിലേക്കു മാറ്റിയത് ഫലസ്തീനികളുടെ അസ്തിത്വം നിരാകരിക്കുന്ന നടപടിയും യു എന്‍ നയങ്ങളുടെ ലംഘനവുമാണ്.
എ ഡി 691ല്‍ നിര്‍മാണം പൂര്‍ത്തിയാക്കപ്പെട്ട തിളങ്ങുന്ന സ്വര്‍ണ നിറമുള്ള ഖുബ്ബയോടെയുള്ള ഖുബ്ബത്തു സ്വഖ്‌റ(ഡോം ഓഫ് റോക്)യുടെ ചിത്രമാണ് പലപ്പോഴും മസ്ജിദുല്‍ അഖ്വ്‌സയെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നത് വലിയൊരു അട്ടിമറിയുടെ ബാക്കിപത്രമാണെന്നു സംശയിക്കാം. ഇസ്രാഈലിന്റെ നിഗൂഢ നീക്കങ്ങളാല്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മസ്ജിദുല്‍ അഖ്‌സയെ ചരിത്രത്തില്‍ നിന്നു തമസ്‌കരിക്കാനുള്ള ശ്രമങ്ങളില്‍ അറിയാതെ പങ്കുകാരാവുകയാണ് പലരും.
സംഘര്‍ഷ ഭൂമിയായിട്ടു പോലും പ്രദേശത്തുകാര്‍ക്കു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി തീര്‍ഥാടകരാണ് ചരിത്രത്തിന്റെ അംശങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്ന മസ്ജിദുല്‍ അഖ്‌സയിലെത്തുന്നത്. മൂന്നു മതങ്ങളുടെ സംഗമ ഭൂമിയായ ജറൂസലമിന് ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടമുണ്ടെങ്കിലും ഇസ്രാഈലിന്റെ അനധികൃത കുടിയേറ്റവും പാര്‍പ്പിട നിര്‍മാണ പ്രവര്‍ത്തനങ്ങളും ഫലസ്തീനികളെ തുടച്ചുനീക്കാനുള്ള നടപടികളും ആരാധനക്കെത്തുന്നവരെ ആക്രമിക്കുന്ന നിലപാടും തടസ്സമില്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്നു.