Skip to main content

ഹജ്ജ്: നിര്‍ബന്ധമുള്ളവരും ഇളവനുവദിക്കപ്പെട്ടവരും

ഒരാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകാന്‍ അഞ്ചു നിബന്ധനകള്‍ പൂര്‍ത്തിയാകണം. ഇസ്‌ലാം, പ്രായപൂര്‍ത്തി, ബുദ്ധി, സ്വാതന്ത്ര്യം, ഹജ്ജിനുള്ള ശേഷി എന്നിവയാണവ. ഇതില്‍ ഏതെങ്കിലും ഒന്ന് ഇല്ലാത്തതിനാല്‍ ഹജ്ജ് ചെയ്യാത്ത വ്യക്തി കുറ്റക്കാരനല്ല.

പ്രായപൂര്‍ത്തിയാകാത്തവരും അടിമകളും ശേഷികുറഞ്ഞവരും ഹജ്ജു ചെയ്താല്‍ പുണ്യമായി സ്വീകരിക്കപ്പെടും. കുട്ടികളെ ഹജ്ജുചെയ്യിച്ചാല്‍ രക്ഷിതാക്കള്‍ക്ക് പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (മുസ്‌ലിം 1336). എന്നാല്‍ പ്രായപൂര്‍ത്തിയായതിനു ശേഷം ശേഷിയുള്ളവരായാല്‍ ബാധ്യത വീടാന്‍ ഈ ഹജ്ജ് മതിയാകില്ല. അടിമകള്‍ സ്വതന്ത്രമായി ഹജ്ജ് നിര്‍ബന്ധമായാല്‍ അവരും ബാധ്യത വീടാന്‍ വേറെ ഹജ്ജ് ചെയ്യണം. ഇതുപോലെ ശാരീരികമോ സാമ്പത്തികമോ ആയ ശേഷി കുറഞ്ഞവരെ ഹജ്ജുചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പ്രതിഫലം ലഭിക്കും.

ഹജ്ജ് നിര്‍ബന്ധമാകാനുള്ള ശേഷി കൊണ്ടുദ്ദേശിക്കുന്നത് പണം, ആരോഗ്യം, യാത്രാസൗകര്യം എന്നിവയാണ്. എന്നാല്‍ ആരോഗ്യമില്ലാത്തവരോ യാത്ര തടയപ്പെട്ടവരോ പണമുള്ളവരാണെങ്കില്‍ അവര്‍ ഹജ്ജിന് പകരം ആളുകളെ അയക്കല്‍ നിര്‍ബന്ധമാണ് എന്ന് അഭിപ്രായപ്പെട്ടവരുണ്ട് (ഫത്ഹുല്‍ബാരി 5/108). ഈ നിബന്ധന വെച്ചത് അടിമകളോടുള്ള കാരുണ്യവാന്റെ ദയാവായ്പാണ്. ഒരാള്‍ തന്റെ വാര്‍ധക്യാവസ്ഥവരെ ഉണ്ടായേക്കാവുന്ന എല്ലാ ചെലവുകളും ഒരുക്കിവെച്ചതിനു ശേഷവും അക്കാലത്തിനിടയിലുള്ള ബാധ്യതകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷവും അവസാനകാലത്ത് ഹജ്ജ് നിര്‍വഹിച്ചാല്‍ മതി എന്നു തീരുമാനിക്കാനല്ല ഈ നിബന്ധനകള്‍. ''അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുക എന്നത് ഹൃദയ സൂക്ഷ്മതയില്‍ പെട്ടതാണ്''എന്നാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത് (22:32). അതിനാല്‍ തനിക്ക് ഹജ്ജ് ബാധ്യതയായോ എന്ന് അല്ലാഹുവിനെ മുന്‍നിര്‍ത്തി സ്വയം തീരുമാനിക്കുകയാണ് വേണ്ടത്. പിരിയാന്‍ കഴിയാത്ത കുടുംബവും ഒഴിയാന്‍ നിവൃത്തിയില്ലാത്ത വ്യാപാരവും തിരക്കുപിടിച്ച് ഉദ്യോഗവുമൊന്നും ഹജ്ജ് ചെയ്യാതിരിക്കാനുള്ള തടസ്സങ്ങളല്ല.
 
ജീവിതത്തില്‍ വളരെകുറച്ചു പേര്‍ക്കു മാത്രം സാധിതമാകുന്ന ആ മഹാഭാഗ്യത്തിന് അവസരം കിട്ടിയിട്ടും അമാന്തം കാണിക്കുന്നത്  റബ്ബിനോടുള്ള നന്ദികേടാണ്. സാമ്പത്തികവും ശാരീരികവുമായി കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാത്തവരെ തെരഞ്ഞുപിടിച്ച് അവരുടെമേല്‍ ജിസ്‌യ ചുമത്തിയാലോ എന്ന് ഞാന്‍ ആലോചിച്ചുപോയി, കാരണം അവര്‍ മുസ്‌ലിംകളേ അല്ല എന്ന് ഉമര്‍ (റ)പറഞ്ഞതായി സഈദുബ്‌നു മന്‍സൂര്‍ തന്റെ സുനനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ) വീണ്ടും ഉണര്‍ത്തി: നിങ്ങള്‍ ഹജ്ജും ഉംറയും ചേര്‍ത്തനുഷ്ഠിക്കുവിന്‍. ചൂള സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇരുമ്പിന്റെയും അശുദ്ധി നീക്കുന്നതുപോലെ, നിശ്ചയം അതു നിങ്ങളുടെ പാപങ്ങളെയും ദാരിദ്ര്യത്തെയും നീക്കിക്കളയും (തിര്‍മിദി, അഹ്മദ്).

സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകണമെങ്കില്‍ താനുമായി വിവാഹം നിഷിദ്ധമായ ബന്ധു (മഹ്‌റം) സഹയാത്രികനായി ഉണ്ടാവുകകൂടി വേണമെന്ന് ഭൂരിപക്ഷപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. കാരണം അവര്‍ തനിച്ച് ദീര്‍ഘയാത്ര ചെയ്യുന്നത് നബി(സ്വ) വിലക്കിയിട്ടുണ്ട്. എന്നാല്‍ സുരക്ഷിതമായ സാഹചര്യമുണ്ടെങ്കില്‍ അവള്‍ക്ക് സ്വന്തം തന്നെ യാത്ര ചെയ്യാമെന്ന് ഹദീസുകള്‍ സൂചിപ്പിക്കുന്നതിനാല്‍ (ബുഖാരി 3595) അങ്ങനെയുള്ള വിശ്വസ്തരായ വിശ്വാസി വിശ്വാസിനികളുടെ കൂട്ടത്തോടൊപ്പം യാത്രചെയ്യുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട് (ശറഹുല്‍ മുഹദ്ദബ് 7343, ഇബ്‌നു ഹസം, മുഹല്ല 7/47). അല്ലാഹു ഇങ്ങനെ ഒരു ഇളവ് അവര്‍ക്ക് നല്കിയ സ്ഥിതിക്ക് അത് ഉപയോഗിക്കുന്നതാകും കൂടുതല്‍ സൂക്ഷ്മത.

ഇദ്ദയിലുള്ള സ്ത്രീകള്‍ ഹജ്ജിന് പോകാമോ എന്ന വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇദ്ദയിലായിരിക്കെ അത്യാവശ്യങ്ങള്‍ക്കെല്ലാം പുറത്തുപോകാമെന്നിരിക്കെ ഹജ്ജില്‍നിന്ന് അവരെ തടയേണ്ടതില്ല. മരം മുറിക്കാന്‍ പോകാന്‍ നബി(സ്വ) ഒരു സ്ത്രീക്ക് അനുമതി നല്കിയതില്‍ നിന്ന് ഇതാണ് മനസ്സിലാകുന്നത് എന്നാണ് ഒരു വിഭാഗം നിരീക്ഷിക്കുന്നത്. എന്നാല്‍ ഇദ്ദ കുറഞ്ഞ കാലത്തേക്കുള്ള തടസ്സമായതിനാല്‍ ഹജ്ജ് അടുത്ത വര്‍ഷത്തേക്കോ മറ്റോ മാറ്റിവെക്കുന്നതാണ് ഉത്തമം എന്നാണ് മറ്റൊരു അഭിപ്രായം, അതവരോടുള്ള കാരുണ്യവുമാകാം. സ്ത്രീക്ക് ഹജ്ജിനുപോകാന്‍ ഭര്‍ത്താവിന്റെ സമ്മതം വേണമോ എന്ന് സംശയിച്ചേക്കാം. ഹജ്ജിന്റെ നിബന്ധനകള്‍ പൂര്‍ത്തിയായാല്‍ സ്ത്രീക്ക് ഹജ്ജിന് പോകാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല. കാരണം അതവളുടെ നിര്‍ബന്ധകടമയാണ്; അതുകൊണ്ടുതന്നെ തടയുന്നത് ഭര്‍ത്താവിന് കുറ്റകരവുമാണ്.

Feedback
  • Saturday Nov 23, 2024
  • Jumada al-Ula 21 1446