Skip to main content

ആജീവനാന്ത വ്രതം, വെള്ളി - ശനി നോമ്പുകള്‍

വ്രതം ഏറെ പുണ്യകരമാണ്. പക്ഷേ, മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിഷേധിച്ചുകൊണ്ട് കാലാകാലവും വ്രതം ആചരിക്കുക പുണ്യമല്ല; പാപമാണ്. ഇസ്‌ലാം മനുഷ്യപ്രകൃതിക്ക് സാധിക്കുന്നതും അനുഗുണമായതും മാത്രമേ കല്പിക്കൂ. തന്റെ അടിമ എന്നും തനിക്കുവേണ്ടി വ്രതമെടുത്ത് കഷ്ടപ്പെടണമെന്നും അങ്ങനെയായാല്‍ അവന് ഏറ്റവും ഉത്തമമായ സ്വര്‍ഗം നല്കാമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നില്ല. ഈ ഭൂമിയില്‍ ജീവിച്ച് ഇവിടെ അനുവദിച്ചതെല്ലാം നിശ്ചിത അളവില്‍ ഉപയോഗിച്ച് ഭൂമിയും വാനവും സ്വര്‍ഗീയമാക്കാനാണ് അവന്‍ ആവശ്യപ്പെടുന്നത്. നബി (സ്വ) പറഞ്ഞു, 'എന്നും നോമ്പെടുക്കുന്നവന്ന് നോമ്പേ ഇല്ല'(മുസ്‌ലിം). തന്റെ ആരാധാനാ ജീവിതം ആരായാന്‍ വന്നവര്‍, എന്നും നോമ്പെടുക്കാനും ഉറങ്ങാതെ നമസ്‌കരിക്കാനും ആരാധനയ്ക്കായി ബ്രഹ്മചര്യം സ്വീകരിക്കാനും തീരുമാനമെടുത്തപ്പോള്‍ നബി(സ്വ) അവരെ താക്കീത് ചെയ്യുകയാണുണ്ടായത്.

അനസ്(റ) പറയുന്നു: മൂന്നുപേര്‍ നബി(സ്വ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ്വ)യുടെ ഭാര്യമാരുടെ വീട്ടില്‍വന്നു. നബി(സ്വ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കത് വളരെ കുറഞ്ഞ് പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബി(സ്വ)യും എവിടെ? നബി(സ്വ)ക്ക് ചെയ്തുപോയതും പിന്നീട് ചെയ്തുപോയേക്കാവുന്നതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങനെ അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്‌കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ്വ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലേ? അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവനും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും മറ്റു ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യും. വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടിക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ (ബുഖാരി).

വര്‍ഷത്തിലെ പകുതി ദിവസത്തിലേറെ നോമ്പനുഷ്ഠിക്കുന്നതില്‍ പുണ്യമില്ലെന്നാണ് നബി(സ്വ) തെര്യപ്പെടുത്തുന്നത്. അംറ്(റ) പറയുന്നു: നബി(സ്വ) എന്നോട് ചോദിച്ചു, നിനക്ക് മാസത്തില്‍ മൂന്ന് നോമ്പ് പോരേ, ഞാന്‍ ഇനിയും ആവശ്യപ്പെട്ടു. അത് അഞ്ച്, ഏഴ്, പതിനൊന്ന്‌വരെ റസൂല്‍ പറഞ്ഞു. ഇനിയും എനിക്ക് സാധിക്കും എന്ന് പറഞ്ഞപ്പോള്‍, ദാവൂദ്(അ)ന്റെ നോമ്പിനെക്കാള്‍ നോമ്പില്ല, അദ്ദേഹം മാസത്തിലെ പകുതിദിവസം നോമ്പെടുക്കും ബാക്കി പകുതി നോമ്പുപേക്ഷിക്കും എന്ന് നബി(സ്വ) പറഞ്ഞു (ബുഖാരി 6277). 

വെള്ളിയാഴ്ച

വെള്ളിയാഴ്ച പുണ്യദിനമാണ്. എന്നാല്‍ അന്ന് പ്രത്യേകമായി നോമ്പെടുക്കുന്നത് നബി(സ്വ) വിലക്കിയിരിക്കുന്നു.

മുഹമ്മദ്ബ്‌നു അബ്ബാസ് പറയുന്നു: നബി(സ്വ) വെള്ളിയാഴ്ച നോമ്പനുഷ്ഠിക്കുന്നത് വിരോധിച്ചിട്ടുണ്ടോ എന്ന് ജാബിര്‍(റ)നോട് ഞാന്‍ ചോദിച്ചു. അതേയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതായത് വെള്ളിയാഴ്ച ദിവസം മാത്രം നോമ്പനുഷ്ഠിക്കുന്നത് (ബുഖാരി).
    
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: വെള്ളിയാഴ്ച ദിവസം നിങ്ങളില്‍ ആരും തന്നെ നോമ്പനുഷ്ഠിക്കരുത്. അതിന്റെ ഒരു ദിവസം മുമ്പോ ഒരു ദിവസം ശേഷമോ നോമ്പനുഷ്ഠിച്ചാല്‍ ഒഴികെ (ബുഖാരി).
    
ജുവൈരിയ(റ) പറയുന്നു: അവര്‍ നോമ്പനുഷ്ഠിച്ച ഒരു വെള്ളിയാഴ്ച ദിവസം നബി(സ്വ) അവരുടെയടുക്കല്‍ പ്രവേശിച്ചു. നബി(സ്വ) ചോദിച്ചു. നീ ഇന്നലെ നോമ്പ് നോറ്റിരുന്നോ? ഇല്ലെന്നവര്‍ പറഞ്ഞു. നാളെ നോമ്പ് നോല്‍ക്കാനുദ്ദേശിക്കുന്നുണ്ടോ എന്ന് നബി(സ്വ) വീണ്ടും ചോദിച്ചു. ഇല്ലെന്നവര്‍ പ്രത്യുത്തരം നല്‍കി. നബി(സ്വ) അരുളി: എങ്കില്‍ നീ നോമ്പ് മുറിക്കുക (ബുഖാരി). റമദാന്‍ നോമ്പ് നോറ്റുവീട്ടുന്നതിനായി വെള്ളിയാഴ്ച മാത്രം നോമ്പെടുക്കാവുന്നതാണ് (ഫത്‌വാ- അല്ലജ്‌നതുദ്ദാഇമ 10/347).

ശനിയാഴ്ച

ശനിയാഴ്ച യഹൂദസമൂഹം പുണ്യമായി കരുതുന്ന ദിവസമാണ്. ആ ദിവസം മാത്രമായി നോമ്പു നോല്ക്കുന്നത് നബി(സ്വ) വിലക്കിയിരിക്കുന്നു. വെള്ളിയുടെയോ ഞായറിന്റെയോ കൂടെ ശനിയാഴ്ച നോമ്പനുഷ്ഠിക്കുന്നതില്‍ തെറ്റില്ല.

നബി(സ്വ) മറ്റു ദിവസങ്ങളെക്കാള്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് നോമ്പനുഷ്ഠിച്ചിരുന്നത്. അവ രണ്ടും ബഹുദൈവാരാധകരുടെ പെരുന്നാള്‍ ദിനങ്ങളായതിനാല്‍ അവര്‍ക്ക് വിപരീതമാവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം പറയാറുണ്ട് (ഇബ്‌നുഹിബ്ബാന്‍, ഫത്ഹുല്‍ബാരീ 5/778).

നിര്‍ബന്ധമാക്കപ്പെട്ടതല്ലാതെ ശനിയാഴ്ചകളില്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. അന്ന് മുന്തിരിത്തൊലിയോ വല്ല മരക്കൊള്ളിയോ മാത്രമാണ് നിങ്ങള്‍ക്ക് കിട്ടിയതെങ്കില്‍ അതെങ്കിലും ചവയ്ക്കുക (അബൂദാവൂദ്). ഈ ഹദീസുകള്‍ തമ്മില്‍ വൈരുധ്യമില്ല. ശനിയും ഞായറും നോമ്പെടുക്കുന്നത് തെറ്റില്ലെന്നാണ് ആദ്യ ഹദീസ് സൂചിപ്പിക്കുന്നത്. ശനി മാത്രം നോല്‍ക്കുന്നതിനെയാണ് ഈ ഹദീസില്‍ വിലക്കുന്നത്. നിശ്ചയിക്കപ്പെട്ട സുന്നത്ത് നോമ്പിന്റെ ദിനമായോ നിര്‍ബന്ധ നോമ്പ് നോറ്റുവീട്ടുന്നതിന്റെ ഭാഗമാമോ ശനിയാഴ്ച മാത്രമായി നോമ്പെടുക്കുന്നതില്‍ തെറ്റില്ല (ഇബ്‌നു ഉസൈമീന്‍, മജ്മൂഉഫതാവാ വ റസാഇല്‍, 20/57). 


 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446