Skip to main content

പവിത്രമായ മാസങ്ങളിലെ നോമ്പ്

ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ നാലു മാസങ്ങള്‍ പ്രത്യേകം പവിത്രമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ(നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവ വിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നതു പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക''(9:36).
    
ഈ മാസങ്ങളില്‍ യുദ്ധം ചെയ്യാന്‍ പാടില്ലെന്നും രക്തച്ചൊരിച്ചിലോ കുറ്റകൃത്യങ്ങളോ പാടില്ലെന്നും അല്ലാഹു പ്രത്യേകം നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മാസങ്ങളിലെ ഏതെങ്കിലും ദിവസത്തില്‍ പ്രത്യേകമായി നോമ്പെടുക്കാനോ മറ്റ് ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കാനോ നിര്‍ദേശിക്കുന്ന യാതൊന്നും ഖുര്‍ആനിലോ ഹദീസിലോ സ്ഥിരപ്പെട്ടിട്ടില്ലെന്ന് ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ) വിശദീകരിക്കുന്നു. യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങളില്‍ നിങ്ങള്‍ നോമ്പെടുക്കുകയും വിടുകയും ചെയ്യുക എന്ന അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ, ബൈഹഖീ എന്നിവര്‍ ഉദ്ധരിക്കുന്ന ഹദീസിന്റെ പരമ്പര പ്രാമാണികമല്ലെന്ന് നാസ്വിറുദ്ദീന്‍ അല്‍ബാനി തമാമുല്‍മിന്നയില്‍ വ്യക്തമാക്കുന്നു (413).


 

Feedback